യുദ്ധവിരുദ്ധ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ ട്രംപ് ഇറാനുമായി യുദ്ധം തുടങ്ങിയത് അദ്ദേഹത്തിന്റെ അനുയായികളിൽ കടുത്ത അമർഷമുണ്ടാക്കി. ഈ യുദ്ധം അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുമ്പോഴും, സൈനിക-വ്യവസായ സമുച്ചയത്തിന് ഇത് എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നും ലേഖനം ചർച്ചചെയ്യുന്നു.
2024 ഒക്ടോബർ 27 -ന് ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി വൻ വിജയമായിരുന്നു. 20,000 പേർ ഹാളിനകത്തും സീറ്റ് കിട്ടാത്ത ആയിരങ്ങൾ പുറത്തും തിങ്ങിക്കൂടി ഡെമോക്രാറ്റിക് കോട്ടയായ ന്യൂയോർക്കിൽ ഇത്രയും വലിയൊരു ജനക്കൂട്ടത്തെ അണിനിരത്താൻ സാധിച്ചത് ട്രംപിന് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. ഇതിൽ പങ്കെടുത്തവരിൽ എന്‍റെ മകന്‍റെ സഹപാഠികളുമുണ്ടായിരുന്നു. ന്യൂയോർക്ക് നഗരത്തിന് തൊട്ടടുത്താണ് അവരുടെ കോളേജ്. “ഞാൻ പ്രസിഡന്‍റ് ആയാൽ നിലവിലെ യുദ്ധങ്ങൾ ഉടനടി നിർത്തിക്കും, പുതിയ യുദ്ധങ്ങൾ ഒന്നും തന്നെ തുടങ്ങില്ല, പണപ്പെരുപ്പം പിടിച്ചുകെട്ടും, യുവാക്കൾക്ക് കൂടുതൽ തൊഴിലവസങ്ങൾ സൃഷ്ടിക്കും” കരഘോഷങ്ങൾക്കിടെ ട്രംപിന്‍റെ പ്രഖ്യാപനങ്ങൾ കേട്ട് ഈ ചെറുപ്പക്കാർ ആവേശം കൊണ്ടു. ട്രംപിന് വോട്ട് ചെയ്യാൻ ഉറപ്പിച്ച് അവർ മടങ്ങി. ഇതേക്കുറിച്ചന്വേഷിച്ചപ്പോൾ മകൻ എന്നോട് പറഞ്ഞത്, - വ്യക്തിപരമായി അവർക്ക് ട്രംപിനെ ഇഷ്ട്ടമല്ല, പക്ഷേ വീണ്ടും പ്രസിഡന്‍റായാൽ അനന്തമായ യുദ്ധങ്ങൾ ഉണ്ടാകാതെ നോക്കും എന്നവർക്ക് വിശ്വാസമുണ്ട്, മാനുഷിക മൂല്യങ്ങൾ കൊണ്ടല്ലെങ്കിൽ പോലും സാമ്പത്തിക ചെലവ് പരിഗണിച്ച് ട്രംപ് അതിനു മുതിരില്ല.
എല്ലാവരുടെയും വോട്ട് നേടിയ വിജയം
തെരഞ്ഞെടുപ്പിൽ ട്രംപിന് മിന്നുന്ന വിജയം കിട്ടിയത് കടുത്ത യാഥാസ്ഥിതികരായ ബേസിന്‍റെ വോട്ടുകൾ കൊണ്ട് മാത്രമല്ല, ഇരുപാർട്ടികളോടും പ്രത്യേകിച്ച് താല്പര്യമില്ലാത്ത ഇൻഡിപെൻഡന്‍റ് വോട്ടർമാരുടെയും, യുവജങ്ങളുടെയും, മുസ്ലീം വോട്ടുകൾ നിർണായകമായ മിഷിഗണിലെ ഡയർബോൺ മേഖലയിലെ പിന്തുണയും ഒക്കെക്കൊണ്ടാണ്. ഇവർക്കെല്ലാം പുതിയ യുദ്ധം ട്രംപിന്‍റെ നേതൃത്വത്തിൽ തുടങ്ങിയത് കടുത്ത നിരാശയ്ക്കും അമർഷത്തിനും കാരണമായിട്ടുണ്ട് എന്നത് സ്വാഭാവികം. എന്നാൽ, യുദ്ധത്തിനെതിരെ ഏറ്റവും കടുത്ത ഭാഷയിൽ വിമർശനമുന്നയിക്കുന്നവർ ട്രംപിന്‍റെ വിജയത്തിന്‍റെ അടിസ്ഥാനമായ MAGA മൂവ്മെന്‍റിന്‍റെ മുൻനിര പ്രചാരകരിൽ ചിലരാണ് എന്നതാണ് നിലവിലെ സാഹചര്യത്തിലെ സവിശേഷത.
വിജയത്തിന് വഴി വെട്ടിയവർ, ഇന്ന്...
മുൻ കോൺഗ്രസ്സ് വുമൺ മാർജോരി ടെയ്‌ലർ ഗ്രീൻ, ട്രംപിന്‍റെ വിജയത്തിനായി ഏറെ അധ്വാനിച്ചവരിൽ ഒരാളാണ്. എപ്‌സ്റ്റെയ്ൻ ഫയലുകൾ പൂഴ്‌ത്തിവെയ്ക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമത്തിനെതിരെ തിരിഞ്ഞ ഇവർ, ഇറാൻ യുദ്ധത്തിനെതിരെ ശക്തമായി പ്രതികരിച്ചു വരുന്നു. അഴിമതി നിറഞ്ഞ സംവിധാനത്തിനെതിരെ പോരാടുന്ന നായകനായും യുദ്ധവിരുദ്ധനായും ട്രംപിനെ പ്രകീർത്തിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ കടുത്ത ഭാഷയിൽ ഇസ്രയേലിനെയും ട്രംപ്- നെതന്യാഹു കൂട്ടുകെട്ടിനെയും വിമർശിക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ലോകത്തിലെ ഏറ്റവും വലിയ പോഡ്കാസ്റ്റായ ജോ റോഗൻ എക്സ്പീരിയൻസിലൂടെ ട്രംപ് നയങ്ങൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് തലേദിവസം റോഗൻ ട്രംപിന് നൽകിയ ഔദ്യോഗിക പിന്തുണ ലക്ഷക്കണക്കിന് സ്വതന്ത്ര വോട്ടർമാരെ സ്വാധീനിച്ചു. ഇപ്പോൾ റോഗൻ പറയുന്നു - ട്രംപ് ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു.

വലതുപക്ഷ മാധ്യമ പ്രവർത്തക മേഗൻ കെല്ലിക്കും ഈയുദ്ധം തീരെ ദഹിച്ചിട്ടില്ല. തീവ്ര നിലപാടുകൾക്കും ഗൂഡാലോചന സിദ്ധാന്തങ്ങൾക്കും പേരുകേട്ട കാൻഡേയ്സ് ഓവൻസ് ആകട്ടെ ഇസ്രായേലിന് വേണ്ടി കൊല്ലാനും മരിക്കാനും നമ്മുടെ കുട്ടികളെ അയക്കേണ്ട, അതുകൊണ്ട് അവരെ പട്ടാളത്തിൽ ചേർക്കരുത് എന്നും പറയുന്നു. ട്രംപിന്‍റെ വിജയശില്പികളിൽ ഒരാളായ ചാർലി കിർക്ക് ഇസ്രേൽ വിമർശകനായതോടെ അദ്ദേഹത്തെ മൊസാദ് വധിച്ചുവെന്നുമൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു. ലിൻഡ്സെ ഗ്രഹാം, മാർക്ക് ലെവിൻ തുടങ്ങിയ നിയോകൺസേർവേറ്റീവുകൾ ആണ് യുദ്ധത്തിന് പിന്തുണയുമായി ട്രംപിനൊപ്പം കൂടിയിരിക്കുന്നത്. 'Weapons of mass destruction' എന്ന കളവു പറഞ്ഞു നടത്തിയ ഇറാഖ് യുദ്ധത്തിന്‍റെ ആസൂത്രകരിൽ ഒരാളായ കോണ്ടലെസ റൈസ് ഇറാൻ യുദ്ധത്തിന് പിന്തുണ പ്രഖാപിച്ചു രംഗത്ത് വന്നതും ശ്രദ്ധേയമാണ്. വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസിന് ഈ യുദ്ധത്തോട് ദാർശനികമായ വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് ട്രംപ് തന്നെ സമ്മതിച്ചു. പക്ഷേ പ്രസിഡന്‍റിനെതിരെ പറയാൻ വാൻസിന് കഴിയില്ല.
സ്ത്രീകളെ സ്വാതന്ത്രരാക്കാൻ കച്ചകെട്ടിയവർ
ഇസ്രേയലിന്‍റെ സർവ്വനാശം ആഗ്രഹിക്കുന്ന, പ്രോക്സികളെ പരിശീലിപ്പിച്ചു ലോകത്ത് പലയിടത്തും ഭീകരാക്രമങ്ങൾക്ക് ഇറക്കുന്ന, സ്വന്തം നാട്ടിലെ പതിനായിരക്കണിന് പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന മതഭരണകൂടമാണ് ഇറാൻ ഭരിക്കുന്നത്, ശരി തന്നെ. പക്ഷേ അവിടുത്തെ സ്ത്രീകളെ സ്വാതന്ത്രരാക്കാൻ ആഹ്വാനം ചെയ്യുന്നതിന്‍റെ കൂടെ നൂറുകണക്കിന് പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ മിസൈൽ ആക്രമണം ഉണ്ടാകുകയും അവർ കൊല്ലപ്പെടുകയും ചെയ്യുന്ന യുദ്ധത്തിൽ എന്ത് നീതി!
40 -ലധികം യു എസ് സെനറ്റർമാർ ഈ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെന്‍റഗണിന് കത്തയച്ചു. മതഭരണകൂടം വീഴണം എന്നാഗ്രഹിക്കുന്നവരാണ് ലോകത്തെ വിവിധ ദേശങ്ങളിലുള്ള ഇറാൻ വംശജരും ഇറാനകത്തുള്ള സ്വാതന്ദ്ര്യ മോഹികളും. എന്നാൽ ഖമനേയിയെ വധിച്ചു കൊണ്ട് ആക്രമണം നടന്നപ്പോൾ അധികാരകൈമാറ്റം നടന്നില്ല എന്ന് മാത്രമല്ല അവിടുത്തെ ഭൂരിഭാഗം വരുന്ന യാഥാസ്ഥിതികർ ഒന്നിച്ചതും വിനയായി.
ഇസ്രയേൽ കൊടുത്ത പണി
മുൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വെളിപ്പെടുത്തി - ഇറാനെ ആക്രമിക്കാൻ ഒബാമയോടും ബൈഡനോടും നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവർ അതിന് മുതിർന്നില്ല. നമ്മൾ ആദ്യ ആക്രമണം നടത്താൻ പാടില്ല, ഇറാൻ ഇസ്രയേലിനെ തൊട്ടാൽ അപ്പോൾ തിരിച്ചടിക്കും എന്നാണ് ബൈഡൻ മറുപടി നൽകിയത്. അവർ ആ നിലപാടെടുത്തതിന്‍റെ കാരണം ഇപ്പോൾ ഈയുദ്ധം ഏത് നിലയ്ക്കാണ് പോകുന്നതെന്ന് നോക്കിയാൽ മനസിലാകും. ഏത് വിധത്തിലും യുദ്ധം നീട്ടിക്കൊണ്ടുപോയി, അമേരിക്കയുടെ സുഹൃത്തുക്കളായ ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചു, ഹോർമൂസ് കടലിടുക്ക് അടച്ച് ലോകത്തെ ആകെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി, റഷ്യയെയും ചൈനയെയും കൂട്ടുപിടിച്ചു കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാൻ ആണ് ഇറാന്‍റെ ശ്രമം.

നിർണായകമാകുന്ന ഖാർഗ് ആക്രമണം
ഇപ്പോഴിതാ, ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിൽ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയ വിവരം പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. ഖാർഗ് ഐലൻഡിലെ എല്ലാ സൈനിക കേന്ദ്രങ്ങളെയും അമേരിക്കൻ സെൻട്രൽ കമാൻഡ് തകർത്തുവത്രേ. ഇറാൻ സ്ട്രെയിറ്റ് ഓഫ് ഹോർമുസ് ഉപരോധിക്കാൻ ശ്രമിക്കുന്നത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഈ ഉപരോധം നീക്കാനും അമേരിക്കൻ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാനുമാണ് ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതെന്നാണ് വൈറ്റ് ഹൗസിന്‍റെ വിശദീകരണം. ഇറാന്‍റെഎണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ഐലൻഡ് വഴിയാണ്.
ലോക വിപണിയിലെ എണ്ണവില കുതിച്ചുയരുന്നത് തടയാൻ എണ്ണ ടർമിനലുകളെ ഇപ്പോൾ ഒഴിവാക്കിയെങ്കിലും, ഇറാന്‍റെ ഭാഗത്തുനിന്ന് ഇനിയൊരു പ്രകോപനമുണ്ടായാൽ അവയും തകർക്കുമെന്ന് ട്രംപ് താക്കീത് നൽകി. പേർഷ്യൻ കടലിനെ അമേരിക്കൻ സൈനികരുടെ രക്തം കൊണ്ട് ചുവപ്പിക്കുമെന്ന ഇറാന്‍റെ ഭീഷണി നിലനിൽക്കെ, ഖാർഗ് ഐലൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്‍റെ നീക്കം യുദ്ധത്തിന്‍റെ ഗതിയെത്തന്നെ മാറ്റിമറിച്ചേക്കാം. കാര്യങ്ങൾ ഇങ്ങനെ പോയാൽ നവംബറിൽ നടക്കുന്ന സെനറ്റ്, ജനപ്രതിനിധി സഭ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തകർന്നടിയുമെന്നുറപ്പാണ്. പോളിമാർക്കറ്റ് പ്രവചനം ഇരുസഭകളും ഡെമോക്രാറ്റുകൾ തൂത്തുവാരും എന്നാണ്.
ജനപ്രീയകാര്യങ്ങൾക്കിടയിലെ കല്ലുകടി
ചില കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കിയുട്ടുണ്ട് ട്രംപ് ഭരണകൂടം. അനധികൃതമായി അതിർത്തികളിൽ നുഴഞ്ഞു കയറുന്നവരെ ഫലപ്രദമായി തടഞ്ഞും, രാജ്യത്തെ ക്രൈം റേറ്റ് കുറച്ചും, സാധാരണക്കാർക്കു കൂടി നികുതി ഇളവുകൾ നൽകിയും, നവജാത ശിശുക്കൾക്കായി ധനനിക്ഷേപ പദ്ധതികൾ ആരംഭിച്ചും, ഊർജ്ജ സ്വയംപര്യാപ്തതക്കുള്ള നീക്കങ്ങൾ നടത്തിയും, ചില മരുന്നുകളുടെ വില കുറച്ചുമൊക്കെ ജനപ്രിയ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്ന വേളയിൽ ഇങ്ങനെയൊരു യുദ്ധം തുടങ്ങിയത് ഭരണപക്ഷത്തിന് നൽകുന്ന തിരിച്ചടികൾ ചെറുതല്ല.
ആശങ്കയിലാകുന്ന രാജ്യസുരക്ഷ !
ഇസ്രായേലിന് വേണ്ടി മാത്രമല്ല അമേരിക്കയെ കൂടുതൽ സുരക്ഷിതമാക്കാൻ വേണ്ടിക്കൂടിയാണ് ഈയുദ്ധം എന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ നിലപാട്. എന്നാൽ, അടുത്തിടെ നടന്ന ചില സംഭവങ്ങൾ സുരക്ഷയെകുറിച്ചു കൂടുതൽ ആശങ്കകൾ ഉണ്ടാക്കുന്നു. മാർച്ച് 1 -നു ടെക്സസിലെ ഓസ്റ്റിനിൽ ഇറാൻ പതാകയും "Property of Allah" എന്ന് എഴുതിയ വസ്ത്രവും ധരിച്ചാണ് അക്രമി വെടിയുതിർത്തത്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നീക്കം തുടങ്ങിയതിന് തൊട്ടുപിന്നാലെ നടന്ന ഈ സംഭവം യുദ്ധത്തിനുള്ള പ്രതികാരമായാണ് എഫ്ബിഐ കാണുന്നത്.

മിഷിഗണിലെ വെസ്റ്റ് ബ്ലൂംഫീൽഡ്ൽ മാർച്ച് 12 -ന് ലെബനൻ വംശജനായ അമേരിക്കൻ പൗരൻ സിനഗോഗിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയത് യഹൂദ സമൂഹത്തെ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണമാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റിയും സ്ഥിരീകരിച്ചു. വെർജീനിയയിലെ ഓൾഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയിൽ മാർച്ച് 12 -ന്, മുൻപ് ഐസിസിനെ പിന്തുണച്ചതിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടത്. അക്രമിക്ക് ഇറാനുമായി നേരിട്ട് ബന്ധമുണ്ടെന്ന് പറയുന്നില്ലെങ്കിലും, മിഡിൽ ഈസ്റ്റിലെ യുദ്ധം ആഭ്യന്തര ഭീകരതയ്ക്കും ആക്രമണങ്ങൾക്കും വഴിതുറക്കുമെന്ന എഫ്ബിഐ മുന്നറിയിപ്പിനെ ശരിവെക്കുന്നതാണിത്.
യുദ്ധത്തിനിടെയിലും നേട്ടം കൊയ്യുന്നവർ
രാഷ്ട്രീയക്കാർ യുദ്ധം പ്രഖ്യാപിക്കുമ്പോൾ, സൈനിക-വ്യവസായ സമുച്ചയം (മിലിറ്ററി-ഇൻഡസ്ട്രിയൽ കോംപ്ലക്സ്) അതിന്‍റെ സാമ്പത്തിക നേട്ടം കൊയ്യുന്നു. മുൻകാല യുദ്ധങ്ങളെപ്പോലെ, ഈ യുദ്ധവും എത്രത്തോളം നീണ്ടുനിൽക്കുന്നുവോ അത്രത്തോളം ഇവർക്ക് ലാഭം ലഭിക്കും. അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ പ്രതിരോധ കമ്പനികളിൽ ഓഹരി നിക്ഷേപം നടത്തുന്നത് കാലങ്ങളായി വലിയ വിവാദമാണ്. Operation Epic Fury എന്ന ഈ യുദ്ധത്തിന് മുൻപുള്ള മാസങ്ങളിൽ ചില കോൺഗ്രസ് അംഗങ്ങൾ ആയുധ കമ്പനികളുടെ ഓഹരികൾ വാങ്ങിയത് (General Dynamics, RTX തുടങ്ങിയവ) വിവാദമായി. അമേരിക്കയിലെ STOCK Act പ്രകാരം ജനപ്രതിനിധികൾ തങ്ങളുടെ ഓഹരി ഇടപാടുകൾ വെളിപ്പെടുത്തണം.
എന്നാൽ, പലപ്പോഴും ഇവർക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങൾ (Classified Briefings) ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നത് തടയാൻ കർശനമായ നിയമങ്ങളില്ല. ഇതിനെതിരെ യുഎസ് കോൺഗ്രസിൽ No Getting Rich in Congress Act, ETHICS Act തുടങ്ങിയ നിയമങ്ങൾ കൊണ്ടുവരുന്നത് ചർച്ചാഘട്ടത്തിലാണ്. ചില കോൺഗ്രസ് അംഗങ്ങൾ (ഇരു പാർട്ടികളിലെയും) ശക്തമായ ഓഹരി നിരോധന നിയമങ്ങൾക്കെതിരെ പ്രതിരോധം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്, നിലവിലുള്ള ഓഹരികൾ നിലനിർത്താൻ അനുവദിക്കുന്ന ബില്ലുകളെ പൂർണ നിരോധനമല്ല എന്ന് വിമർശിച്ചുകൊണ്ട്. നിലവിലുള്ള STOCK Act ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴ വെറും 200 ഡോളർ മാത്രമാണെന്നത് നിയമത്തിന്‍റെ നിസ്സാരതയെ എടുത്തുകാണിക്കുന്നു.
(ന്യൂ ജേഴ്‌സിയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് ലേഖിക)


