അമേരിക്ക ഇറാനിലെ പ്രധാന എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചെങ്കിലും, ട്രംപിന്റെ യുദ്ധതന്ത്രം പിഴച്ചേക്കാമെന്ന് ലേഖനം വാദിക്കുന്നു. ലിബിയ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ ഭരണമാറ്റങ്ങൾ അരാജകത്വത്തിലേക്ക് നയിച്ചതുപോലെ, അതിജീവനത്തിനായി രൂപകൽപ്പന ചെയ്ത ഇറാനിലെ സങ്കീർണ്ണമായ ഭരണസംവിധാനം തകർക്കുന്നത് മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.

റാൻ യുദ്ധം എന്ന ഊരാക്കുടുക്കിൽ ഖർഗ് ദ്വീപിലെ (Kharg Island) സൈനിക കേന്ദ്രങ്ങൾ തകർത്തു എന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാന്‍റെ ക്രൂഡ് കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് അവിടെയാണ്. ഇറാന്‍റെ ഓയിൽ ലൈഫ് ലൈൻ (Oil Lifeline). എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കും എന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. അമേരിക്ക 2,000 സൈനികരുമായി കപ്പലുകൾ അയച്ചുവെന്ന് റിപ്പോർട്ടുണ്ട്. ഖ‍ർഗ് പിടിച്ചെടുക്കാനാണോ എന്ന സംശയമുണ്ടിപ്പോൾ. ഇറാൻ വൻകര ആക്രമിക്കാനുള്ള ഇടത്താവളവുമാക്കാം ഖർഗ്, എന്നൊക്കെയാണിപ്പോഴത്തെ സംശയങ്ങൾ. അത് ചോദിച്ച ഫോക്സ് ന്യൂസ് റേഡിയോ റിപ്പോർട്ടറെ ട്രംപ് വഴക്കുംപറഞ്ഞു. അതേസമയം ഇന്ത്യയുടെ രണ്ട് എണ്ണക്കപ്പലുകൾ ഹോർമൂസിലൂടെ കടത്തിവിട്ടു ഇറാൻ മറ്റൊരു നിർദ്ദേശവും മുന്നോട്ടുവച്ചു, ചൈനീസ് യുവാനിൽ വിനിമയം ആകാമെങ്കിൽ, കുറച്ച് കപ്പലുകൾ കടത്തിവിടാം. ഡോളറിലല്ലാതെ വിനിമയം നടക്കുന്നത് റഷ്യൻ ക്രൂഡ് മാത്രമാണ്. തിരിച്ചടി അതും അമേരിക്കയ്ക്കാണ്.

ഇറാന്‍റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയി (Mojtaba Khamanei) ഒളിവിലാണ്. ഗുരുതരമായി മുറിവേറ്റിട്ടുണ്ടെന്ന് പറഞ്ഞത് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതാണ്. പരമോന്നത നേതാവായി പ്രഖ്യാപിച്ച ശേഷം മൊജ്തബ ക്യാമറകൾക്ക് മുന്നിലെത്തിയിട്ടില്ല എന്നത് സത്യമാണ്. ആദ്യത്തെ സന്ദേശം സ്റ്റേറ്റ് ടെലിവിഷനിൽ വായിക്കുകയായിരുന്നു. ഫോട്ടോ പോലും പുറത്തുവന്നിട്ടില്ല. ആ സാഹചര്യത്തിലാണ് ഈ പ്രസ്താവന. പുറത്തുവരാത്തതിന്‍റെ കാരണം പലതാവാം. സുരക്ഷയടക്കം. മുറിവേറ്റതുമാകാം. പക്ഷേ, പറയാറായിട്ടില്ല.

യുദ്ധത്തിന്‍റെ പോക്ക് എങ്ങോട്ടാണെന്നും വ്യക്തമല്ല. അമേരിക്കയിലെ ഇപ്പോഴത്തെ പ്രസിഡന്‍റിനും അടുത്ത അനുയായികൾക്കും മാത്രമറിയാതെ പോയ ചിലകാര്യങ്ങളുണ്ടെന്ന് പറയുന്നു നിരീക്ഷകർ.ഇറാനിലെ പല തട്ടുള്ള ഭരണസംവിധാനം. ഹോർമൂസ് കടലിടുക്ക് എന്ന വജ്രായുധം.

ട്രംപ് പഠിക്കാത്ത പാഠം

അമേരിക്കയിലെ മുൻ പ്രസിഡന്‍റുമാരെ പ്പോലെയല്ല ഡോണൾഡ് ട്രംപ്. ഇറാനെ ലക്ഷ്യമിട്ടപ്പോൾ, സഖ്യരാജ്യങ്ങളുമായി കൂടിയാലോചനയ്ക്ക് നിന്നില്ല. ആരെയും വിശ്വാസത്തിലെടുത്തില്ല. ആരുടേയും പിന്തുണയും തേടിയില്ല. ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങളിൽ ജോർജ് ഡബ്ല്യു ബുഷ്, ബ്രിട്ടന്‍റെയടക്കം അന്നത്തെ യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കിയിരുന്നു. അതിൽ ഇറാഖിലെ കൂട്ടസംഹാരായുധ കഥയിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ പഴി കുറേ കേൾക്കുകയും ചെയ്തു. അതുകാരണം രാഷ്ട്രീയനേതാക്കളിലുള്ള ബ്രിട്ടന്‍റെ വിശ്വാസം തന്നെ പോയി എന്നാരോപണമുണ്ട്. പക്ഷേ, ഇന്ന് ട്രംപിന്‍റെ തീരുമാനം അറിയുന്നത് അനുയായികൾ മാത്രമാണ്. കോൺഗ്രസിനെപ്പോലും അറിയിക്കുന്നത് അവസാന നിമിഷം. അതുമതി എന്ന് ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന പ്രസിഡന്‍റ്. ഇറാനെ ആക്രമിച്ചതും അങ്ങനെതന്നെ. ബ്രിട്ടൻ തങ്ങളുടെ സൈനികാസ്ഥാനങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തു. പ്രതിരോധത്തിനാവാം എന്ന് പിന്നെ തിരുത്തിയെങ്കിലും. യൂറോപ്പ് പരമാവധി അകലം പാലിക്കുകയാണ് ഈ യുദ്ധത്തിൽ നിന്ന്. ഇറാഖ്, അഫ്ഗാൻ, ലിബിയ, സിറിയ അങ്ങനെ ഒരുപിടി പേരുകളും ഓർമ്മകളുമുണ്ട് ഈ അകൽച്ചക്ക് കാരണമായി.

ട്രംപിന്‍റെ കാഴ്ചപ്പാടിൽ വിജയം എന്നാൽ മിസൈൽ സംവിധാനം തകർത്താൽ വിജയം. നാവികശക്തി തകർത്താൽ വിജയം. ഖമനേയിയെയും ഭരണസംവിധാനത്തിലെ ഉന്നതരെയും ഇല്ലാതാക്കിയാൽ വിജയം എന്നാണ്. തങ്ങളുടെ കടമ അത്രയേയുള്ളൂ. ബാക്കി ഇറാനിലെ അടിച്ചമർത്തപ്പെട്ട ജനത്തിന്‍റെ ഉത്തരവാദിത്തമാണ്. നിങ്ങൾ സ്വതന്ത്രരാകുന്നു.ഭരണമേറ്റെടുക്കൂ എന്ന് ആഹ്വാനവും ചെയ്തു. അതുതന്നെ ഇസ്രയേൽ പ്രധാനമന്ത്രിയും ആവർത്തിച്ചു. പക്ഷേ, ഇറാനിൽ ഇപ്പോൾ നടക്കുന്നത് മറ്റൊന്നാണ്. ഒരുപക്ഷേ അമേരിക്കയോ ഇസ്രയേലോ പ്രതീക്ഷിക്കാത്ത ചിലത്.

യുഎസ്എയ്ക്ക് പിഴച്ച പാഠങ്ങൾ

ചില ഉദാഹരണങ്ങളുണ്ടായിരുന്നു അമേരിക്കയുടെ മുന്നിൽ. ഭരണാധികാരിയുടെ അന്ത്യത്തോടെ സർക്കാരും വീണ ചില രാജ്യങ്ങൾ. ലിബിയയിൽ ഗദ്ദാഫിയെ വധിച്ചതോടെ സർക്കാർ തകർന്നു. സദ്ദാമിന്‍റെ വധത്തോടെ ഇറാഖും മോചിതമായി. സിറിയയിൽ അസദ് പലായനം ചെയ്തതോടെ ആ സർക്കാരും വീണു.പിന്നീടെന്തായി ഈ രാജ്യങ്ങളിലെന്നത് ലോകത്തിനൊരുപാഠമാണ്. യൂറോപ്പിനും. അമേരിക്കയിലെ ഇപ്പോഴത്തെ സർക്കാർ മാത്രം അത് മനസിലാക്കിയിട്ടില്ല.

ലിബിയ

ലിബിയ ചിന്നിച്ചിതറി, ആഭ്യന്തര കലാപവും സായുധ സംഘങ്ങളും ഇന്നും കൊടികുത്തിവാഴുന്നു. അവിടത്തെ ജനങ്ങൾക്ക്, എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയുള്ള ജീവിതം ഉറപ്പുവരുത്താൻ തക്കവണ്ണം എണ്ണ സമ്പത്തുള്ള രാജ്യമാണ് ലിബിയ എന്നുമോർക്കണം. ഗദ്ദാഫിയെ വേട്ടയാടി കൊല്ലാൻ കലാപകാരികൾക്ക് കുടപിടിച്ച പടിഞ്ഞാറൻ രാജ്യങ്ങൾ പക്ഷേ, ഈ രക്തത്തിൽ പങ്കാളിയാകാൻ തയ്യാറായിട്ടില്ല.

ഇറാഖ്, സിറിയ പിന്നെ ഇറാനും

ഇറാഖിലെ കലാപം ജൻമം നൽകിയത് ഭീകരവാദ സംഘടനകൾക്കാണ്. അവയുടെ ഭീഷണി ഇന്ന് ലോകത്തിന് മുഴുവനുമാണ്. സിറിയയിൽ കണ്ടത് അതിന്‍റെ ബാക്കിപത്രമാണ്. ഇപ്പോൾ സിറിയ ഭരിക്കുന്നത് അൽഖ്വയ്ദ മുൻ നേതാവും. സദ്ദാമിന്‍റെ സുന്നി സർക്കാരിന്‍റെ വീഴ്ച ഗുണം ചെയ്തത് ഇറാനാണെന്നത് ഇതിന്‍റെ മറുവശം. അതിനുശേഷം ഇറാഖിലെ ഷിയ സർക്കാരിന്‍റെ വരവും ഇറാനുതന്നെ ഗുണമായി. ഇറാനിലെ യുദ്ധം തീരാറായി എന്ന അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം, എന്തിന്‍റെ അടിസ്ഥാനത്തിലെന്ന് വ്യക്തമല്ല. ജനം ഭരണമേറ്റെടുക്കുന്നത് എളുപ്പമല്ല ഇറാനിൽ, ഭരണ സംവിധാനം തകർന്നില്ലെങ്കിൽ, യുദ്ധം അവസാനിക്കുമ്പോൾ മറ്റൊരു അടിച്ചമർത്തലാവും ഉണ്ടാവുക, ഖമനേയിയുടെ മരണം ആഘോഷിച്ച, എതിർശബ്ദങ്ങളുടെ അവസാനവും.

അതിജീവനം തന്നെ വിജയം

ഇറാനിലെ ഭരണസംവിധാനം ഒറ്റയാളിനെ മാത്രം ആശ്രയിക്കുന്നസംവിധാനമല്ല. മത - രാഷ്ട്രീയ - സൈനിക നേതൃത്വങ്ങളുടെ ഒരു മിശ്രിതമാണ്. ഖമനേയിയെ വധിച്ചത് അവർക്ക് തിരിച്ചടി തന്നെയാണ്. പക്ഷേ, തകർക്കാനാവുമോ എന്നത് ചിന്ത്യം. ഇതുവരെ തകർച്ചയുടെ സൂചനയൊന്നും കാണാനില്ല. നിരീക്ഷകർ പറയുന്ന ഒരു കാര്യമുണ്ട്, അതിജീവനമാണ് ഇറാൻ വിജയമായി കാണുന്നത്. യുദ്ധത്തിലെ വിജയമല്ല. അതുകൊണ്ടുതന്നെ, യുദ്ധങ്ങളെയും നേതൃനിരയുടെ അഭാവവും അതിജീവിക്കാൻ തക്കവണ്ണമാണ് രാജ്യത്തിന്‍റെ ഭരണസംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.

അതിജീവനത്തിനുവേണ്ടി, എന്തും ചെയ്യാൻ മടിക്കാത്ത പല തട്ടിലെ സംവിധാനങ്ങളാണത്. അധികാരവും സാമ്പത്തിക രംഗവും കൈയാളുന്ന ഇറാൻ റെവല്യൂഷണറി ഗാർഡ് (Iranian Revolutionary Guards) എന്ന IRGC. അവരെ പിന്തുണച്ച്, ബസീജ് എന്ന പൗരസൈന്യം. വിശ്വസ്തർ. പ്രതിഷേധസ്വരങ്ങൾ ആദ്യം തിരിച്ചറിയുന്നത് ഇവരാണ്. കരുണയില്ലാതെ അടിച്ചമർത്താൻ ഇറങ്ങുന്നതും ഇവരാണ്. മോട്ടോർ സൈക്കിളുകളിൽ പറക്കുന്ന ഫ്ലയിംഗ് സ്ക്വാഡും ഇവർ തന്നെ. വിശ്വസ്തതയാണ് ഇവരുടെയെല്ലാം മുഖമുദ്ര. ഇവരെ തകർക്കും എന്ന് മുന്നറിയിപ്പ് നൽകിയ അമേരിക്ക IRGC -യുടെ രണ്ട് നിര നേതാക്കളെ വധിച്ചു എന്നാണ് റിപ്പോർട്ട്. പക്ഷേ, സംഘടന ഇപ്പോഴും ശക്തമാണ്.

ഇറാൻ ഒറ്റക്കെട്ട്

ഇടയ്ക്ക് അലി ലാറിജാനിയുടെ വാക്കുകളും ഇറാന്‍റെ ആക്രമണങ്ങളും തമ്മിലൊരു പൊരുത്തക്കേടുണ്ടായിരുന്നു. ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കും എന്ന ലാറിജാനിയുടെ വാക്ക് പാലിക്കപ്പെട്ടില്ല. അതോടെ അഭിപ്രായ ഭിന്നത എന്നൊരു സംശയം പ്രകടമായി. ഇപ്പോഴതില്ല. ഉന്നത നേതൃനിരയിൽ ഇപ്പോഴുള്ളതായി അറിയപ്പെടുന്നത്, മൂന്നുപേരാണ്. മൊജ്തബ ഖമനേയി, പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ, ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനി. കൂട്ടത്തിലെ മിതശബ്ദമായിരുന്ന ലാറിജാനി ഇപ്പോൾ ആ ഭാഷ ഉപേക്ഷിച്ചിരിക്കുന്നു. സമ്പൂർണ കീഴടങ്ങൽ എന്ന ട്രംപിന്‍റെ ആവശ്യം അംഗീകരിക്കില്ല എന്നായിരുന്നു മറുപടി.

ഇനി അഥവാ സർക്കാരിനെ വീഴ്ത്തിയാലും പകരം ജനാധിപത്യം, സമ്പൂർണ സമാധാനം എന്ന സ്വപ്നം നടക്കണമെന്നില്ല. കോടികൾ വരുന്ന ജനം തമ്മിൽ തല്ലില്ലെന്ന് എന്താണുറപ്പ്? അങ്ങനെയെങ്കിൽ, അതിന്‍റെ ഫലമായുണ്ടാകുന്ന കൂട്ടപ്പലായനത്തിനും സംഘർഷത്തിനും പശ്ചിമേഷ്യ സാക്ഷിയാകും. ഇനി അഭയാർത്ഥികളെ താങ്ങാൻ യൂറോപ്പ് തയ്യാറാവണമെന്നില്ല. താങ്ങാനുള്ള കരുത്തുമില്ല.