പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

By സൂസന്‍ വര്‍ഗീസ്First Published Nov 4, 2017, 5:22 PM IST
Highlights

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

വിരസത അനുഭവിക്കാതിരിക്കുവാനും പുത്തന്‍ ടെക്‌നോളജിയില്‍ അറിവുനേടുന്നതിനുമായാണ് മക്കളുടെ പ്രോത്സാഹനത്തോടെ ഞാന്‍ മുഖപുസ്തകം ഒന്ന് തുറന്നു നോക്കിയത്. മക്കള്‍ തന്നെ ആദ്യം സുഹൃത്തുക്കള്‍ ആയി. പിന്നെ വീട്ടുകാര്‍. അപ്പോള്‍ പെട്ടെന്നുതന്നെ സൗഹൃദ അപേക്ഷകള്‍ കുമിഞ്ഞുകൂടി. വന്നവരെയെല്ലാം സുഹൃത്തുക്കളാക്കി. 

വൈകിയില്ല, അയ്യായിരം സുഹൃത്തുക്കള്‍! ഇന്‍ബോക്‌സില്‍ വലിയ തിരക്കും അനുഭവപെട്ടു. ടൈപ്പ് ചെയ്യുവാന്‍ സ്പീഡ് ഇല്ലാത്ത എനിക്ക് മറുപടി കൊടുക്കുവാന്‍ മകന്റെ സഹായം വേണ്ടി വന്നിരുന്നു. 

എല്ലാവരും ചോദിച്ചത് ഒരേ ചോദ്യങ്ങള്‍, എന്റെ ജോലി? താമസം? ഭര്‍ത്താവിന്റെ ജോലി? മക്കളുടെ പ്രായം? 

നല്ല രസം. എന്റെ ആലസ്യം കെട്ടടങ്ങി. ഞാന്‍ തിരക്കുള്ളവളായി. പട്ടിണി കിടന്നിരുന്ന ഒരുവളെ വിളിച്ചു സദ്യ മുന്നില്‍ വിളമ്പി വച്ച പ്രതീതി. എന്റെ ഫോട്ടോകള്‍ക്ക് വരുന്ന ആയിരത്തിനു മുകളിലെ ലൈക്കുകള്‍ കണ്ടു ഞാന്‍ സന്തോഷിച്ചു. ആരാധകര്‍ ഉണ്ടാകുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണല്ലോ. ആരോ പറഞ്ഞ മഹദ് വാക്യങ്ങള്‍ ഒക്കെ എടുത്തു പോസ്റ്റ് ചെയ്തു എല്ലാവരെയും നന്മയുടെ വഴിയില്‍ നടത്തുവാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു ഞാന്‍. 

മുന്‍പ് പച്ച വെളിച്ചം തെളിച്ചു വച്ചിരുന്ന ഞാന്‍ അത് വേണ്ടാന്ന് വെച്ചു.

അപ്പോളാണ് ചില ചൊറിയന്മാര്‍ അവരുടെ നഗ്‌നത എന്റെ ഇന്‍ബോക്‌സിലേക്കു അയച്ചു തന്നത്. ഞെട്ടിപ്പോയി. സത്യത്തില്‍ ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല. പിന്നെ മക്കളുടെ സഹായത്തോടെ ഡിലിറ്റ് ചെയ്യുവാന്‍ പഠിച്ചു. അങ്ങനെ ഇന്‍ബോക്‌സില്‍ വരുന്നവരെ ഉപദേശിച്ചു നന്നാക്കാനും പിന്നീട് ചീത്ത വിളിക്കുവാനും പഠിച്ചു. ബ്ലോക്ക് ലിസ്റ്റിന് നീളം കൂടി വന്നു. നല്ല സുഹൃത്തുക്കളെ മാത്രം കൂടെ നിര്‍ത്തുവാന്‍ തീരുമാനിച്ച. ഓരോ സുഹൃത്തിന്റേയും ടൈം ലൈന്‍, സൗഹൃദ പട്ടിക ഇവ കണ്ട ഞാന്‍ ശരിക്കും പകച്ചുപോയി. പ്രൊഫൈല്‍ ഫോട്ടോ ഇഴജന്തുക്കളും വന്യമൃഗങ്ങളും സിനിമാനടന്മാരും പൂക്കളും ഉളളവര്‍ മുഖം കാണിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആണ്. കാരണം അവരുടെ ആവശ്യം മറ്റു പലതുമാണ്. 

ഉടനെത്തന്നെ സുഹൃത്തുക്കളുടെ എണ്ണത്തില്‍ അല്ല കാര്യം എന്ന് മനസ്സില്‍ തിരുത്തി എഴുതി. ഗുണം തോന്നിച്ചവരെ മാത്രം കൂടെ കൂട്ടി. കമന്റ് എഴുതല്‍ ഇഷ്ടവിനോദം ആയി. എന്തെങ്കിലുമൊക്കെ എനിക്ക് എഴുതാം എന്നായി. വായിക്കുവാന്‍ ആളുകള്‍ ഉണ്ടായി. അങ്ങനെ സുഹൃത്തുക്കള്‍ ഉണ്ടായി. എനിക്കൊപ്പം എന്നെ അറിയാത്തവര്‍, കാണാത്തവര്‍ എന്നെ സ്‌നേഹിക്കുന്നു, വായിക്കുന്നു. ഇതിനിടയില്‍ മരണത്തെ മുന്നില്‍ കണ്ടു ജീവിച്ച ചില സുഹൃത്തുക്കളെ കിട്ടി. അവരില്‍ ചിലരുടെ മരണവാര്‍ത്തവന്നു, പിന്നെ. മറ്റു ചില പ്രതീക്ഷിക്കാത്ത മരണങ്ങള്‍. കാലം വേഗത്തില്‍ ഓടി. 

മുന്‍പ് പച്ച വെളിച്ചം തെളിച്ചു വച്ചിരുന്ന ഞാന്‍ അത് വേണ്ടാന്ന് വെച്ചു. ലൈറ്റ് കത്തിക്കുന്നത് സമ്മതം എന്നാണു പലരും അര്‍ഥം ആക്കുന്നത് എന്ന് തോന്നും. അപ്പോള്‍ തന്നെ വര്‍ത്തമാനത്തിനായി ആളുകള്‍ ഓടികൂടും. പച്ചലൈറ്റ് കത്തികണ്ടാല്‍ ഉടനെ 'വിളിക്കട്ടെ' എന്ന ചോദ്യവുമായി വരും ആളുകള്‍. ഭാര്യയെ വിളിക്കാന്‍ മടിയുള്ളവര്‍! 

ആദ്യം സഹോദരനായി എത്തുകയും പിന്നീട് കാമുകനാകുവാന്‍ ശ്രമിക്കുന്നവരും ഉണ്ട്.

മറ്റൊരു കൂട്ടര്‍ ഉണ്ട് ടൈംലൈനില്‍ മുഴുവനും ഭക്തി ആയിരിക്കും. ഇന്‍ബോക്‌സില്‍ പഞ്ചാരയും. ഇന്‍ബോക്‌സില്‍ സംസാരിക്കരുതെന്നു പഠിച്ചു. അത്ര വിശ്വാസം ഉള്ളവരുമായി മാത്രം മതി സംസാരം എന്ന് തീരുമാനിച്ചു.  പലരും മുഖം മൂടി ധരിച്ചവര്‍ ആണെന്ന് മനസിലാക്കി. പല പെണ്ണുങ്ങളും ആണുങ്ങള്‍ ആണെന്നും പല ആണുങ്ങള്‍ പെണ്ണുങ്ങള്‍ ആണെന്നും തിരിച്ചറിവുണ്ടായി. പല മുഖങ്ങളും യഥാര്‍ത്ഥ മുഖങ്ങള്‍ അല്ലെന്നും പല പേരുകളും താല്‍കാലികങ്ങള്‍ ആണെന്നും മനസിലാക്കി. പല സ്ത്രീകളെയും കബളിപ്പിച്ചു നടക്കുന്നവര്‍. പലരെയും പ്രണയം എന്ന വഞ്ചനയില്‍ കുരുക്കി പണം കൈക്കലാക്കിയവര്‍. പലരുമായും രഹസ്യബന്ധങ്ങള്‍ ഉള്ളവര്‍. ഭാര്യയെ വഞ്ചിക്കുന്നവര്‍. ഭാര്യയെ വാനോളം പുകഴ്ത്തി കെട്ടിപിടിച്ചു ടൈംലൈനില്‍ ഫോട്ടോ ഇടുകയും ഇന്‍ബോക്‌സില്‍ പല സ്ത്രീകളെയും അവരുടെ സൗന്ദര്യം പുകഴ്ത്തി ചെല്ലുകയും അവരോടൊപ്പം കിടക്ക പങ്കിടുവാന്‍ ക്ഷണിക്കുകയും ചെയുന്ന വര്‍ഗം!

ആദ്യം സഹോദരനായി എത്തുകയും പിന്നീട് കാമുകനാകുവാന്‍ ശ്രമിക്കുന്നവരും ഉണ്ട്. പ്രായം ഒരുത്തനും പ്രശ്‌നമല്ല. അമ്മയുടെ പ്രായമുള്ളവളെയും കാമത്തോടെ നോക്കുന്നവര്‍.

വേറൊരു കൂട്ടര്‍ ഉണ്ട് എത്ര നല്ലതു എഴുതിയാലും ഒരു ലൈക് പോലും തരാത്തവര്‍. പക്ഷെ ഒരു ഫോട്ടോ ഇട്ടാല്‍ അവിടെ ചാടി വീഴും തേനൂറുന്ന വാക്കുകളുമായി. ഒരു നഗ്‌ന സത്യം ഉണ്ട്, ചാറ്റും വീഡിയോകോളും പഞ്ചാരയും പ്രതീക്ഷിച്ചാണ് ചിലര്‍ സുഹൃത്താകുന്നത്. അങ്ങനെ ഉള്ളവര്‍ക്ക് മാത്രമേ അവര്‍ ലൈക് വാരികോരി കൊടുക്കുകയുമുള്ളു. ഇനിയും ഒരു കൂട്ടര്‍ ഉണ്ട്. അവരെ ഗ്രൂപ്പ് മുതലാളിമാരെന്നു വിളിക്കാം. അവര്‍ സുഹൃത്തുകളെ ചേര്‍ക്കുന്നത് തന്നെ അവരുടെ ഗ്രൂപ്പിലേക്ക് ആളെണ്ണം കൂട്ടുവാന്‍ ആണ്. അവര്‍ ഗ്രൂപ്പില്‍ സിംഹാസനത്തില്‍ മാത്രം ഇരിക്കുന്നവര്‍ ആണ്. തന്റെടത്തോടെ നില്‍ക്കുന്ന സ്ത്രീകള്‍ പലപ്പോഴും പലരുടെയും ശത്രുതക്ക് പാത്രമാകുന്നു. അതിന്റെ പരിണതഫലം ചിലപ്പോള്‍ ചില പൊട്ടിത്തെറികളില്‍ ചെന്ന് എത്തപ്പെടാറുമുണ്ട്.

രാത്രിയില്‍ വൈകി സ്ത്രീകളെ ഓണ്‍ലൈനില്‍ കണ്ടാല്‍ പലര്‍ക്കും സംശയം. ഇവര്‍ എന്ത് ചെയ്യുകയാണ്? അപ്പോള്‍ എത്തും ചോദ്യം, ഉറങ്ങാറായില്ലേ? എന്ത് ചെയ്യുന്നു? ഭാര്യയേയും കാമുകിയെയും ഒരുപോലെ വഞ്ചിക്കുന്നവര്‍. കാമം കാശു മുടക്കാതെ തീര്‍ക്കുവാന്‍ നടക്കുന്നവരുടെ നീണ്ടനിര ഇവിടെ ഉണ്ട്. വളരെ മാന്യതയുള്ള ടൈംലൈന്‍ ഉള്ളവരും ഈ കൂട്ടത്തില്‍ പെടുന്നു. സ്ത്രീകള്‍ ബലഹീനര്‍ ആണെന്ന് മനസിലാക്കി അവര്‍ക്കായി വല വീശി ഇരിക്കുന്നവര്‍. കൂട്ടത്തില്‍ പറയട്ടെ,  വളരെ മാന്യത പുലര്‍ത്തുകയും നമ്മുടെ പ്രശ്‌നങ്ങളില്‍ കൈത്താങ്ങായി എത്തുന്നവരും ഉണ്ട്. ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍ പോലെ.

രാത്രിയില്‍ വൈകി സ്ത്രീകളെ ഓണ്‍ലൈനില്‍ കണ്ടാല്‍ പലര്‍ക്കും സംശയം

പുരുഷനെ കുറ്റപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ എല്ലാം പത്തരമാറ്റ് തങ്കം എന്നും പറയാന്‍ കഴിയുകയില്ല. പുരുഷനെ വഴിതെറ്റിക്കുവാന്‍ ഇറങ്ങി തിരിച്ചുവരും ഉണ്ട്. അതുകൊണ്ടുതന്നെ എല്ലാ സ്ത്രീകളെയും ഒരുപോലെ പുരുഷന്മാര്‍ കാണുന്നു. പുരുഷന്മാരെ എല്ലാവരെയും സംശയത്തോടെ നോക്കുവാന്‍ സ്ത്രീകളും മുതിരുന്നു. ഇന്‍ബോക്‌സില്‍ കിന്നാരത്തിനു ചെല്ലാത്തതുകൊണ്ടു അശ്‌ളീല വീഡിയോകള്‍ അവിടെ ചര്‍ദിച്ചുവച്ച് പോകുന്നവരും ഉണ്ട്. ശല്യക്കാരുടെ ചാറ്റുകള്‍ എടുത്തു പോസ്റ്റ് ഇടുകയും അവരെ ചീത്ത വിളിക്കുവാന്‍ എനിക്കു സുഹൃത്തുക്കള്‍ ഉണ്ടെന്നു തോന്നിക്കുകയും ചെയ്തപ്പോള്‍ മുതല്‍ ശല്യം ഇല്ലാതായി. 

.അതെ, എനിക്ക് ഉപദ്രവമില്ലാതെ നില്‍ക്കുവാന്‍ ചില സുഹൃത്തുക്കളെ ചുറ്റും ബ്ലാക്ക് ക്യാറ്റ്‌സ് ആയി വേണ്ടി വന്നിരുന്നു. ഇപ്പോള്‍ ഞാന്‍ സ്വസ്ഥമായി ഇരിക്കുന്നു. ആരും എന്റെ സ്വസ്ഥതക്കു ഭംഗം വരുത്താന്‍ വരാറില്ല. നമ്മളെ കുറിച്ച് നമ്മള്‍ ചിലതു മനസിലാക്കി കൊടുക്കുന്നതുവരെ ചില ഉപദ്രവങ്ങള്‍ ഉണ്ടാകാം. അത് തരണം ചെയ്യാന്‍ കഴിഞ്ഞാല്‍ സ്വസ്ഥം ശുഭം. പച്ചലൈറ്റിന്റെ കാര്യം ഞാന്‍ മറന്നു പോയിരുന്നു. ഇനി അങ്ങോട്ട് പച്ച ലൈറ്റ് കത്തി വച്ച് നോക്കട്ടെ. തോറ്റു പിന്മാറാന്‍ എനിക്കാവില്ല. പച്ചലൈറ്റ് കെടുത്താതെ ഒറ്റയ്ക്ക് നടക്കുവാന്‍ ഞാന്‍ ഒരുങ്ങുകയാണ്. 

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്
 

click me!