Asianet News MalayalamAsianet News Malayalam

കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

Hostel days Mufeeda Mohammad
Author
Thiruvananthapuram, First Published Nov 3, 2017, 4:52 PM IST

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

Hostel days Mufeeda Mohammad

സമയം രാത്രി 12  മണിയായിക്കാണും.നീണ്ട പരിശ്രമത്തിനൊടുവില്‍ ഒരു പണി കൊടുക്കാനുള്ളതൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട്.

ചീഞ്ഞ തക്കാളി പേസ്റ്റ് 2 കപ്പ് 
വെള്ളം ചേര്‍ക്കാത്ത ഉജാല 1 കപ്പ് 
ഹോളി കളര്‍ 4  ബക്കറ്റ് 
വയറിളക്കത്തിനുള്ള ഗുളിക പൊടിച്ച് സമം ചേര്‍ത്ത അരിഷ്ടം കുറച്ച്
കയ്പ്പക്ക  നല്ല കയ്പുള്ളത് 1  എണ്ണം 
നിവിയ ക്രീം + ഫെവി കോള്‍ 2 + ഗ്ലിറ്റര്‍ (മിനുക്കം) 3 പാക്കറ്റ് എല്ലാം നന്നായി മിക്‌സ് ചെയ്തത്.
പിന്നെ പ്രതേകം പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍...

അങ്ങനെ കാര്യങ്ങളൊക്കെ ഒരുക്കി വെച്ചിട്ടുണ്ട്. സംഭവം വേറൊന്നുമല്ല, പിറന്നാള്‍ ആഘോഷമാണ്. അത് കേള്‍ക്കുമ്പോള്‍ പൊതുവെ എല്ലാവര്‍ക്കും, പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ക്ക് തോന്നും 'ഓ, അവളുമാര്‍ വല്ല കേക്കും മുറിച്ച് ഹാപ്പി ബര്‍ത്‌ഡേ പാട്ടും പാടി ഉറങ്ങാന്‍ പോകും എന്ന്. എന്നാല്‍, അത് വെറും തോന്നലാണ്. എല്ലാ ലേഡീസ് ഹോസ്റ്റലുകളിലെയും അവസ്ഥ എനിക്കറിയില്ല. പക്ഷെ എം ഇ എസ് KBLH ല്‍ മേല്‍പ്പറഞ്ഞ സാധങ്ങളുടെ വിവിധ കൂട്ടുകള്‍ മുതല്‍ നല്ല ചീഞ്ഞ മുട്ടയേറു വരെ ഉണ്ടാകും.

പറഞ്ഞ് വന്നത്, ഞങ്ങള്‍ (അതായത് ഞാനടക്കം 11  പേര്‍) മുകളില്‍ പറഞ്ഞ ഇത്യാദി സാധങ്ങള്‍ എല്ലാം തയ്യാറാക്കി ഇരിക്കുകയാണ്. ഇനി ആളെ കിട്ടിയാല്‍ മതി.ഇത് ആദ്യത്തെ പരിപാടി അല്ലാത്തതിനാലും പിറന്നാള്‍ക്കാരിക്ക് സംശയം തോന്നാതിരിക്കാനും പതിവില്‍ നിന്ന് വിപരീതമായി ആഘോഷം ബാത് റൂമിലാണ്. അതിന് വേറൊരു കാരണം കൂടി ഉണ്ട്. പിറന്നാള്‍ക്കാരിയാണ് അന്നേ ദിവസം റൂം വൃത്തിയാക്കേണ്ടത്. അതുകൊണ്ട് അവള്‍ തന്ന പണികള്‍ക്കൊക്കെ പകരമായി അവളെ കൊണ്ട് ബാത് റൂം മുഴുവന്‍ കഴുകിക്കാമെന്നാണ് ഉദ്ദേശ്യം. 

നടുമുറ്റത്ത് ആകാശം നോക്കി കിടക്കുന്ന പിറന്നാള്‍ക്കാരി രംഗപ്രവേശം ചെയ്തതും ഞങ്ങള്‍ ബക്കറ്റിലെ കളറെടുത്ത് അവളുടെ മേല്‍ ഒഴിച്ചതും ഒരുമിച്ചായിരുന്നു. ദേ, കിടക്കുന്നു പച്ചയും നീലയും ചുകപ്പും വര്‍ണ്ണങ്ങളില്‍ ബാത്‌റൂമിലെ ടൈലിടാത്ത ഒരേ ഒരു ചുവര്. ഇതെങ്ങനെ സംഭവിച്ചെന്ന് ഒരു എത്തും പിടിയും കിട്ടാതെ അന്തം വിട്ട് നില്‍ക്കുമ്പോള്‍ ഒരാള്‍ മാത്രം ചിരിക്കുന്നുണ്ട്. 

അതവളായിരുന്നു, ആ പിറന്നാളുകാരി!

പിന്നെ ഒന്നും നോക്കിയില്ല. കിട്ടാവുന്ന ബ്രഷും ചകിരിയും സോപ്പ് പൊടിയുമൊക്കെ എടുത്ത് എല്ലാവരും കൂട്ടത്തോടെ ചുമര് ഉരക്കാന്‍ തുടങ്ങി. ആ പഹയത്തിയുടെ ആറടി പൊക്കം കാരണം അത്രേം ഉയരത്തില്‍ ഭിത്തിയിലേക്ക ഞങ്ങള്‍ക്ക് എത്തില്ലായിരുന്നു. അതുകൊണ്ട് സ്റ്റൂളും കസേരയുംവരെ എടുത്ത് അതില്‍ കയറി നിന്ന് കഴുകിയവരുണ്ട്. അതും നല്ല നട്ടപാതിരക്ക്. വാര്‍ഡന്‍ എങ്ങാനും അറിഞ്ഞ നല്ല പണികിട്ടുമെന്ന പേടിയുണ്ടെങ്കിലും എല്ലാരും നല്ല ചിരിയിലായിരുന്നു. ഇനിയും ഉരച്ചാല്‍ സിമന്റ് പോരും എന്നാ അവസ്ഥയായപ്പോള്‍ ഞങ്ങള്‍ നിറുത്തി. നേരെ തിരിഞ്ഞു നോക്കുമ്പോള്‍ ബി.ടെക്കിലെ ഏതോ ഒരു ടീച്ചര്‍ ഞങ്ങളുടെ ചിരീം കളീം കേട്ട് ഡോര്‍ തുറന്ന്  പിന്നില്‍ നില്‍ക്കുന്നു.

പിന്നെ മാലപ്പടക്കം പൊട്ടിയ പോലെ ആയിരുന്നു. പക്ഷെ അവര്‍ അവസാനം പറഞ്ഞത് മാത്രം എല്ലാരും വ്യക്തമായി കേട്ടു.'നേരം ഒന്ന് വെളുത്തോട്ടെ, വാര്‍ഡനോട് പറഞ്ഞ് നിങ്ങളുടെ പൊറുതി ഇന്നത്തോടെ അവസാനിപ്പിക്കുന്നുണ്ട്'. നല്ല നിശ്ശബ്ദത, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ ശേഷിച്ച പിറന്നാളാഘോഷങ്ങളുടെ ചേരുവകള്‍ ഞങ്ങളെ നോക്കി പല്ലിളിച്ചു.

വാര്‍ഡന്‍ അറിഞ്ഞാല്‍ കോളജിലറിയും, വീട്ടുകാരെ വിളിപ്പിക്കും, അങ്ങനെ അകെ മൊത്തം സീനാകും. പിന്നെ ഒറ്റവഴിയെ ഉള്ളൂ. ഇത് കണ്ട ടീച്ചറുടെ കാലുപിടിക്കുക. 

ഉളുപ്പ് പണ്ടേ ഇല്ലാത്തോണ്ടും ആവശ്യം നമ്മുടേതായത് കൊണ്ടും ടീച്ചറെ സോപ്പിടാന്‍ തീരുമാനിച്ചു. പറയേണ്ടതൊക്കെ പ്ലാന്‍ ചെയ്ത് ഞങ്ങള്‍ ടീച്ചറുടെ വാതില്‍ മുട്ടി.വാതില്‍ തുറന്ന് കാര്യം പറയാന്‍ തുടങ്ങിയതും കൂട്ടത്തിലൊരുവള്‍ ഒറ്റ കരച്ചില്‍. 

'പൊന്നു ടീച്ചറെ പടച്ചോനാണേ സത്യം ..ഞങ്ങളിനി ചെയ്യൂല. ടീച്ചര്‍ വാര്‍ഡനോട് പറയരുത്. എന്റെ വീട്ടിലറിഞ്ഞാല്‍ പ്രശ്‌നാകും.. ഞങ്ങളിനി മേലില്‍ പിറന്നാളാഘോഷിക്കൂല'

പ്ലാനില്‍ ഇല്ലാത്തതായിരുന്നു ആ കരച്ചില്‍. ചിരി വരും എന്നായപ്പോള്‍ മുമ്പില്‍ നിന്ന ഞങ്ങള്‍ ചിലര്‍ പിന്നിലേക്കു നീങ്ങി നിന്നു. പക്ഷെ സംഭവം ഏറ്റു. ടീച്ചര്‍ പുറത്തു പറയില്ലാ എന്ന് സമ്മതിച്ചു. അന്ന് മുതല്‍ ആ ഡയലോഗ് പറഞ്ഞ്  എത്രയോ തവണ അവളെ കളിയാക്കിയിരിക്കുന്നു. ആ അവളിപ്പോ അവളുടെ ഒക്കത്തിരിക്കുന്ന കൊച്ചിന്റെ കരച്ചില്‍ മാറ്റാനുള്ള പാടിലാണ് .

ഇപ്പൊ ഓര്‍ക്കാറുണ്ട്, അന്ന് ആ ഉരച്ചു കഴുകിയതിന്റെ ഫോട്ടോ ആരെങ്കിലും പിന്നില്‍ നിന്നൊന്നു എടുത്തു വെച്ചിരുന്നെങ്കില്‍ എന്ന്. ഇന്നും രണ്ടാം നിലയിലെ ആ ബാത്‌റൂമിലെ ഒരു ചുവരില്‍ മങ്ങിയ ചില നിറങ്ങള്‍ കാണാം. ഓര്‍മയുടെ കയ്യൊപ്പുകള്‍ പോലെ.

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!


 

Follow Us:
Download App:
  • android
  • ios