Asianet News MalayalamAsianet News Malayalam

ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!

hostel memories Rahul raveendra
Author
Thiruvananthapuram, First Published Nov 1, 2017, 5:00 PM IST

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

hostel memories Rahul raveendra
പാലാ സെന്റ്  തോമസ് കോളേജിനെ മുട്ടിയുരുമ്മുന്ന മീനച്ചിലാറ്റിലൂടെ വെള്ളം ഒരുപാടൊഴുകി പോയിട്ടുണ്ട്.  ക്യാമ്പസിന്റെ രാഷ്ട്രീയവും കലയും സാഹിത്യവുമെല്ലാം അതിലൂടെ   എപ്പഴോ ഒലിച്ചു പോയതാണ്. 2004 ബാച്ചില്‍ അവിടെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ചേരുമ്പോള്‍ കോളേജ് കട്ടിപ്പുരികമുള്ള ചാക്കോ മാഷ് ആയി മാറിയിരുന്നു. ടീഷര്‍ട്ടിലെ വാചകങ്ങള്‍ പോലും കര്‍ശനമായി സെന്‍സര്‍ ചെയ്യപ്പെട്ടിരുന്ന കാലം. സമീപത്തുള്ള ക്രിസ്തുരാജ് ഹോസ്റ്റലിലെ അവസ്ഥയും ഇതൊക്കെത്തന്നെ. അല്ലറചില്ലറ റാഗിംഗും അടിപിടിയും സസ്‌പെന്‍ഷനുമായി ആദ്യവര്‍ഷം കടന്നുപോയി. പൊടിമീശയ്‌ക്കൊപ്പം സീനിയേഴ്‌സ് എന്ന അഹന്തയും മുളച്ചുപൊന്തി വരുന്ന കാലം. അപ്പോഴാണവന്‍ കടന്നു വരുന്നത്. നമുക്കവനെ സുന്ദരനെന്ന് വിളിക്കാം. മാതാപിതാക്കളിട്ട പേരിനേക്കാളും അനുയോജ്യം ആ പേരായിരിക്കും. ചുവന്ന് തുടുത്ത് ആപ്പിള്‍ പോലൊരുത്തന്‍. രണ്ടാം വര്‍ഷ ബികോം കാരന്‍. കൈലിമുണ്ടുടുത്ത് നിന്നാല്‍ പോലും കട്ട ഗ്ലാമര്‍. ഒന്നാന്തരം പെരുമാറ്റം. 

കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ സുന്ദരന്‍ ഹോസ്റ്റലിലെ താരമായി. ആളൊരു ആഡംബരക്കാരനാണ്. ഇട്ടിരിക്കുന്ന ഷര്‍ട്ടും പാന്റും സ്വര്‍ണവുമൊക്കെ പാതിവിലയ്ക്ക് തൂക്കി വിറ്റാലും  ഹോസ്റ്റലില്‍ ഓണവും വിഷുവും ഒരുമിച്ച് ആഘോഷിക്കാം. നല്ല കാശുള്ള വീട്ടിലെ അച്ചായനാണെന്നു നെറ്റിയില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്.  ചങ്ക്‌ബ്രോസായിരുന്ന പലരും സുന്ദരന്റെ ആരാധകരായി. പുറംപകിട്ടിലല്ല, ഉള്ളിലെ സൗന്ദര്യത്തിലാണ് കാര്യം എന്ന് ഞാന്‍ എന്നോട് തന്നെ കുറച്ചുകാലം പറഞ്ഞോണ്ട് നടന്നു. പത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ല....പോകെപ്പോകെ ഞാനും സുന്ദരന്റെ ഫാന്‍ ആയി. എന്റെ ജൂനിയര്‍ ആയിരുന്നൊരു സുന്ദരി അവനില്‍ ഭാവി ഭര്‍ത്താവിനെ കണ്ടപ്പോള്‍ കോളേജ് ഒന്നടങ്കം പറഞ്ഞു ...ആഹാ ...എന്തൊരു ചേര്‍ച്ച!

അങ്ങനെ  ഞങ്ങള്‍ അച്ചടക്കമുള്ള കുഞ്ഞാടുകളായി ക്യാമ്പസില്‍ വാണരുളും കാലം . ഒരു വൈകുന്നേരം ഹോസ്റ്റലിന്റെ മുകള്‍ നിലയിലൊരു മേളം. ഇംഗ്ലീഷ് രണ്ടാം വര്‍ഷക്കാരനും പഠിക്കാന്‍ വേണ്ടി മാത്രം ജനിച്ചവനും വാര്‍ഡനച്ചന്റെ ചാരനുമായ ജസ്റ്റിിന്റെ റൂമിലേക്കാണ് എല്ലാവരും ഓടുന്നത്. എന്തോ നിര്‍ണായക രഹസ്യം അച്ചന് ചോര്‍ത്തിക്കൊടുത്തതിന് എല്ലാവരും കൂടെ ചെക്കനെ പഞ്ഞിക്കിടാന്‍ പോവുകയാണെന്നാണ് ആദ്യം കരുതിയത്. അല്ല...ഇത് മാറ്റര്‍ വേറെ. ഓടുന്നവരുടെ കൂട്ടത്തില്‍ ഞാനും ഓടി. അവിടെയതാ പൂട്ടു തകര്‍ന്നൊരു പഴയ ഇരുമ്പ് പെട്ടി. അതിന്റെടുത്ത് ചങ്ക് തകര്‍ന്ന് ജസ്റ്റിന്‍. അതിന്റകത്തുണ്ടായിരുന്ന അഞ്ഞൂറ് രൂപ കാണാനില്ല. ആരോ ആക്‌സോബ്ലേഡ് വച്ച് പൂട്ടറുത്ത് പൈസ അടിച്ചു മാറ്റിയതാണ്. വാര്‍ത്ത കേട്ട ഹോസ്റ്റല്‍ ഇടനാഴികള്‍ കിടുങ്ങി. അടുത്ത കാലത്തെങ്ങും ഇങ്ങനൊരു സംഭവം കേട്ടിട്ടില്ല. വാര്‍ഡന്‍  വന്ന് മുറിയാകെ പരിശോധിച്ചു. ജസ്റ്റിന്റെ റൂം മേറ്റായ സുന്ദരനും രോഷാകുലനായി രംഗത്തുണ്ട്.എന്തായാലും കള്ളന്‍ കപ്പലില്‍ തന്നെയുണ്ട് . ഈ രംഗത്ത് തഴക്കവും പഴക്കവും വേണ്ടുവോളമുണ്ട് .  അന്വേഷണങ്ങളൊക്കെ  മുറയ്ക്ക് നടന്നു. കേരളാ പോലീസിന്റെ അന്വേഷണം പോലെ ഒന്നും  എവിടെയുമെത്തിയില്ല. ജസ്റ്റിന്‍ പെട്ടിക്കു പുതിയ പൂട്ടിട്ടു . കുറച്ച് നാളുകള്‍ക്ക് ശേഷം വീണ്ടും ഹോസ്റ്റല്‍ പഴയ ആരവങ്ങളിലേക്ക് മടങ്ങി.  അടുത്ത പ്രശ്‌നത്തിന് മുന്‍പുള്ള ഷോര്‍ട്ട് ബ്രേക് മാത്രമായിരുന്നത്. പേമാരിക്കു മുന്‍പ് പെയ്‌തൊരു ചാറ്റല്‍ മഴ .

'ഇല്ല ഫാദര്‍...സുന്ദരന്‍ ഒരിക്കലുമങ്ങനെ ചെയ്യില്ല...ഫാദറങ്ങനെ ചിന്തിച്ചാല്‍ കര്‍ത്താവ് പൊറുക്കൂല...'

രണ്ടാംവര്‍ഷ ബികോം കാരന്‍ പ്രഫുലിന്റെ ഞെട്ടലോടെയാണ് ഡിസംബറിലെ ആ പ്രഭാതം പൊട്ടിവിടര്‍ന്നത്. കുളിക്കാന്‍ പോയപ്പോള്‍ ഊരി വച്ച രണ്ടു പവന്റെ മാല സ്വാഹ. പരാതിപ്പെട്ടാല്‍ വീട്ടുകാരറിയുമോ എന്ന് ഭയന്നിട്ടാകണം, പുള്ളിക്കാരന്‍ അതിന് ബഹളം വയ്ക്കാനൊന്നും പോയില്ല. പക്ഷേ ആരൊക്കെയോ പറഞ്ഞ് എല്ലാവരും എങ്ങനൊക്കെയോ അറിഞ്ഞു. വീണ്ടും പലവഴി പോയ അന്വേഷണങ്ങള്‍ എങ്ങുമെത്താതെ പിരിഞ്ഞു. പിന്നെയും അവിടവിടെയൊക്കെ നൂറും ഇരുന്നൂറും അഞ്ഞൂറുമൊക്കെയായി പലര്‍ക്കും നഷ്ടമായി. ചര്‍ച്ചകള്‍  കൊഴുത്തു. പലരും സംശയമുനയിലായി. പലരുടേയും ഭൂതകാലം ചികയപ്പെട്ടു. അങ്ങനെയുള്ളൊരു ചര്‍ച്ചയിലാണിപ്പോള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെല്ലാം. സ്ഥലം ഡിന്നര്‍ ഹാളിന് സമീപത്തെ ജനല്‍പ്പടി. സംഘം തിരിഞ്ഞും തിരിയാതെയുമൊക്കെ എല്ലാവരും     ചര്‍ച്ചില്‍ ബ്രദേഴ്‌സ്  കളിച്ചു കൊണ്ടിരുന്നപ്പോള്‍  മുകളിലെ നിലയില്‍ നിന്നൊരു വിളി...'രാഹുലേ' . നോക്കിയപ്പോ നമ്മുടെ സുന്ദരനാണ്. ചിരിച്ചോണ്ട് കൈ വീശുന്നു. ഞാനും തിരികെ കൈ വീശി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വെള്ളിയാഴ്ചയെത്തി. രാത്രിക്ക് മുമ്പ് വീട് പിടിക്കണം. വണ്ടിക്കൂലിക്കുള്ള പൈസ നോക്കിയേക്കാമെന്ന് വച്ച് ബാഗിലെ രഹസ്യ അറ തുറന്നപ്പോള്‍ ഉള്ളൊന്നു കാളി. അവിടെയുണ്ടായിരുന്ന 1000 രൂപ ഒരു വാക്ക് പോലും പറയാതെ ആരുടെയോ ഒപ്പം പോയിരിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മോഷണം. ഞാന്‍  അച്ചന്റെ മുറിയജലേക്കോടി...

അച്ചോ, എന്റെ പൈസയും പോയച്ചോ, ആ തിരുടന്‍ തെണ്ടി എന്നെയും കൊള്ളയടിച്ചു!

ശകലം കൂടെ ഉയരമുണ്ടായിരുന്നെങ്കില്‍ ഇലക്ട്രിക് പോസ്റ്റിനൊപ്പമെത്തുന്ന ഫാദര്‍ ഞാറക്കാട്ടില്‍ ളോഹയുടെ കൈകള്‍ തെറുത്തു കയറ്റി...എന്നിട്ടാഞ്ഞിരുന്ന് കുറച്ച് നേരം ആലോചിച്ചു. പിന്നെ ഇപ്രകാരം മൊഴിഞ്ഞു!

'ആ സുന്ദരനാണ് ഇതിന്റെ പിന്നിലെന്നാണ് എന്റെ സംശയം...'

അപ്പോഴേക്കും  സുന്ദരന്  വേണ്ടി  ജീവന്‍ പോലും കളയാന്‍  തയാറായ  ഞാന്‍  ചെവി പൊത്തി. ഹെന്ത്, ഹോസ്റ്റലിന്റെ കണ്ണിലുണ്ണിയായ സുന്ദരനെ സംശയിക്കുകയോ? ഫാദറിനിതിനെങ്ങനെ മനസ്സ് വന്നു. ഹൊ, ഒരു മനുഷ്യബോംബായി പൊട്ടിത്തെറിക്കാന്‍ കഴിഞ്ഞെങ്കില്‍...!

'ഇല്ല ഫാദര്‍...സുന്ദരന്‍ ഒരിക്കലുമങ്ങനെ ചെയ്യില്ല...ഫാദറങ്ങനെ ചിന്തിച്ചാല്‍ കര്‍ത്താവ് പൊറുക്കൂല...'

'ഞാനൊന്നും പറഞ്ഞിട്ടുമില്ല. താനൊന്നും കേട്ടിട്ടുമില്ല, പോരെ. താന്‍ മാവേലിക്കരക്കുള്ള വണ്ടി പിടിക്കാന്‍ നോക്ക്. ഞാന്‍ കര്‍ത്താവിനോടൊന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം.ഇനി അതേ രക്ഷയുള്ളു, ഹാലേലൂയ...'

മാവേലിക്കരയ്ക്കുള്ള വണ്ടിയിലിരുന്ന് ഞാന്‍ അല്‍പം ഫ്‌ളാഷ് ബാക്കിലേക്ക് പോയി. പ്ലസ്ടുവിന് പഠിച്ചിരുന്നപ്പോള്‍ ഞാനായിരുന്നു ക്ലാസ് ലീഡര്‍. കുട്ടികളില്‍ നിന്ന് പലവിധ കാര്യങ്ങള്‍ക്ക് പൈസ പിരിക്കണം.അങ്ങനെ പിരിച്ചെടുത്ത പൈസയില്‍ നിന്ന്  സമര്‍ത്ഥമായി അടിച്ചുമാറ്റുന്നൊരുവന്‍ ആ ക്ലാസിലുണ്ടായിരുന്നു. അവനെ കയ്യോടെ പിടിക്കാന്‍ സാധിച്ചില്ല. പലപ്പോഴായി ആ ദുഷ്ടന്‍ കുറെ കാശ് അടിച്ചു മാറ്റിയിട്ടുണ്ട് .

ഇപ്പോഴിതാ വീണ്ടും...ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. ഒരിടത്തെങ്കിലും നമ്മള്‍ ജയിക്കണ്ടേ.

പണം മോഷ്ടിക്കപ്പെട്ട ഓരോ സന്ദര്‍ഭങ്ങളും കീറി മുറിച്ച് ഞാനൊരു അഭിനവ ഷെര്‍ലക്ക് ഹോംസായി. 

അങ്ങനെ വണ്ടി കോട്ടയം സ്റ്റാന്‍ഡില്‍ നിന്ന് വിട്ടപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ റീവൈന്‍ഡ് ചെയ്തു. പണം നഷ്ടപ്പെട്ടിരിക്കുന്നതെല്ലാം രണ്ടാം വര്‍ഷക്കാരുടേതാണ്. ഒരു സെക്കന്‍ഡ് ഡിസി ക്കാരന്‍ തന്നെയാകണം ഇതിന് പിന്നില്‍. മറ്റു ബാച്ചുകാര്  ഇങ്ങനെയൊരു സാഹസത്തിനു മുതിരില്ല . പണം മോഷ്ടിക്കപ്പെട്ട ഓരോ സന്ദര്‍ഭങ്ങളും കീറി മുറിച്ച് ഞാനൊരു അഭിനവ ഷെര്‍ലക്ക് ഹോംസായി. 

ആദ്യം പണം പോയ ജസ്റ്റിന്‍ സുന്ദരന്റെ റൂംമേറ്റ്.

പിന്നീട് പണം പോയ പ്രഫുല്‍ സുന്ദരന്റെ അയല്‍വാസി.

ഞാനും സുന്ദരന്റെ അയല്‍ റൂംമേറ്റ്.

എന്റെ പണം മോഷ്ടിക്കപ്പെട്ടത് ഡിന്നര്‍ കഴിഞ്ഞുള്ള ഇടവേളയിലാണെന്നതുറപ്പ്   സുന്ദരനൊഴിച്ച് ബാക്കി സെക്കന്‍ഡ് ഡിസി ബാച്ചെല്ലാം ഒരുമിച്ചുണ്ടായിരുന്നു. അവന്‍ ഇടത്തരം കുടുംബത്തില്‍ നിന്നുള്ളവനാണെന്നു ഇതിനകം പലരും പറഞ്ഞിട്ടുണ്ട് .

അവന്റെ വമ്പന്‍ ആഡംബര സെറ്റപ്പെല്ലാം വച്ച് നോക്കുമ്പോള്‍, അതെ, അതുതന്നെ! എടാ കള്ളസുന്ദരാ, നീ കയറിയ കപ്പല്‍ ഞാന്‍ മുക്കും. തിങ്കളാഴ്ച ആയിക്കോട്ടെ...

വണ്ടി മാവേലിക്കര സ്റ്റാന്‍ഡ് പറ്റിയപ്പോള്‍ ഞാന്‍ യുറേക്കാ എന്നലറിക്കൊണ്ട് വീട്ടിലേക്കോടി. രവിസാറിന്റെ മോനെന്തോ സാരമായ കുഴപ്പം പറ്റിയെന്നതായിരുന്നു ശനി,ഞായര്‍ ദിവസങ്ങളിലെ നാട്ടുകാരുടെ സംസാരവിഷയം.

പിന്നില്‍ കൈകെട്ടി നെറ്റിയിലൊരു കുറിയും വരച്ചാണ് ഞാന്‍ തിങ്കളാഴ്ച കോളേജില്‍ ലാന്‍ഡ് ചെയ്യുന്നത്. സേതുരാമയ്യര്‍ സിബിഐയിലെ അവസാനരംഗങ്ങള്‍  ഇന്നിവിടെ പുനരാവിഷ്‌ക്കരിക്കപ്പെടും. ഞാന്‍ താരമാകും എന്നൊക്കെ കരുതി നടക്കുമ്പോള്‍ അതാ ഇംഗ്ലീഷിലെ ജയ്‌സണ്‍ ക്യാന്റീനില്‍ നില്‍ക്കുന്നു. ആ ഞെട്ടിക്കുന്ന കണ്ടുപിടുത്തം ഇവനോട് തന്നെ ആദ്യം പങ്കു വച്ചു കളയാം. സ്‌നേഹം തോന്നി വല്ല ചായയോ പരിപ്പുവടയോ മറ്റോ വാങ്ങിത്തന്നാലോ...അങ്ങനെ ഒഴിഞ്ഞൊരു മൂലയ്ക്ക പോയിരുന്ന് ആ പ്രപഞ്ച സത്യം അവനോട് വെളിപ്പെടുത്തി.മാടമ്പള്ളിയിലെ ആ രോഗി നമ്മുടെ സുന്ദരനാണ്....!

വായിലൊരു പഴംപൊരിയിരുന്നതു കൊണ്ട് അവന്‍ ആട്ടിയില്ല. പക്ഷേ ബാക്കി കേട്ടപ്പോള്‍ അവന്‍ തല്ലിയാല്‍ മതിയാരുന്നെന്ന് തോന്നി. ....'സുന്ദരനെ കുറ്റം പറയാന്‍ നീ ആരെടാ. നിന്നെയൊക്കെ കൂട്ടുകാരനായി പരിഗണിക്കുന്നത് അവന്റെ ഔദാര്യം. എന്നോട് പറഞ്ഞതിരിക്കട്ടെ. വേറെ ആരോടേലും ഇത് പറഞ്ഞാല്‍ നിന്നെ എല്ലാവനും കൂടി പഞ്ഞിക്കിടും'

ഒരു കൊടുങ്കാറ്റ് വന്ന് ഈ ക്യാന്റീന്‍ അപ്പാടെ എടുത്ത് മീനച്ചിലാറ്റില്‍ ഇട്ടിരുന്നെങ്കിലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയി. ഒന്നും വേണ്ടായിരുന്നു. ഒരു ലോഡ് മാനഹാനിയുമായി  പോകാനെഴുന്നേറ്റപ്പോള്‍ അതാ അവന്റെ അടുത്ത ചാട്ടുളി... 

'എന്റെ സംശയം ഇനി ശരിക്കും കള്ളന്‍ നീയാണോന്നാ. കാശ് പൊട്ടിക്കുന്ന കാര്യത്തില്‍ നീയും ഒട്ടും മോശമല്ല. അപ്പന്‍ കോളേജ് വാധ്യാരാണെന്നൊക്കെ പറയുന്നത് ഉള്ളതാണോഡെ'

ഈശ്വരാ, വെളുക്കാന്‍ തേച്ചത് പാണ്ടി ലോറി കയറിയതു പോലെയായല്ലോ. വീട്ടിലിരുന്നവരെക്കൂടി സ്മരിപ്പിച്ചു. നിര്‍ത്തി. ഇനി മേലില്‍ ഡിക്റ്ററ്റീവ് സിനിമകള്‍ കാണില്ല. ആരുടെ കാശ് പോയാലും എനിക്കെന്താ.എന്റെ 500 ആറ്റില്‍ പോയെന്ന് കരുതി സമാധാനിച്ചോളാം,അല്ല പിന്നെ!

പിന്നെയും മോഷണങ്ങള്‍ തകൃതിയായി നടന്നു. ഹോസ്റ്റല്‍ വാസികള്‍ക്ക് പിന്നീടതൊരു ശീലമായി. എന്തെങ്കിലുമൊന്ന് മോഷ്ടിക്കപ്പെട്ടില്ലെങ്കില്‍  സമാധാനമില്ലാത്ത അവസ്ഥ. അങ്ങനെ കാലം ഞങ്ങളെ മൂന്നാം വര്‍ഷ ബിരുദക്കാരാക്കി. പഴയ വാര്‍ഡന്‍ പോയി പുതിയ വാര്‍ഡന്‍ ചാര്‍ജെടുത്തു. കാലില്‍ ചെരുപ്പിടാത്ത സൗമ്യഭാവക്കാരന്‍ ഫാദര്‍ തോണിക്കുഴി. എന്റെയും പുള്ളിക്കാരന്റെയും പ്രിന്‍സിപ്പിള്‍സ് തമ്മില്‍ ചേരാത്തതു കൊണ്ട് പ്രിന്‍സിപ്പലായ എന്റെ അച്ഛനെ അദ്ദേഹം വിളിച്ചു വരുത്തി. അങ്ങനെ ഞാന്‍ കൊട്ടാരമറ്റം സ്റ്റാന്‍ഡിനടുത്തൊരു വീട്ടില്‍ പേയിങ് ഗസ്റ്റായി. എന്നെപ്പോലെ അസ്വസ്ഥരായ പലരും ഹോസ്റ്റല്‍ ഉപേക്ഷിച്ച്് പുലിമട എന്ന് പിന്നീട് നാമകരണം ചെയ്ത ആ വീട്ടിലെ അന്തേവാസികളായി. എല്ലാവരേയും യാത്രയയക്കാന്‍ സുന്ദരന്‍ മുമ്പിലുണ്ടായിരുന്നു. 

സ്വാതന്ത്ര്യം  ആഘോഷിക്കുന്ന രാവുകള്‍. ഒന്നിനും നിയന്ത്രണമില്ല. അത്തരമൊരു രാത്രികളിലെന്നോ ഹോസ്റ്റലില്‍ നിന്ന് സന്ദേശമെത്തി. സുന്ദരന്‍ ഹോസ്റ്റല്‍ വിട്ട് പോകുന്നു.സാധനങ്ങളെല്ലാം പെറുക്കി വച്ച് കഴിഞ്ഞു.ബിയറാലസ്യം കുടഞ്ഞെറിഞ്ഞ് ഞങ്ങള്‍ ധ്യാനനിരതരായി. അതാ അല്‍പം മുമ്പ്് ഹോസ്റ്റലില്‍ നടന്ന കാര്യങ്ങള്‍ അല്‍ഫോന്‍സാമ്മ കാണിച്ചു തരുന്നു. തോണിക്കുഴിയച്ചന്റെ മുറിയിലേക്കോടുന്ന കരോള്‍ ഫ്രാന്‍സിസ് എന്ന കട്ടപ്പനക്കാരന്‍. ശരീരം മുഴുവന്‍ മസിലാണെങ്കിലും കൊച്ചുകുട്ടികളുടെ മനസ്സാണ്. പുള്ളിക്കാരന്‍  മുറിയില്‍ സൂക്ഷിച്ചിരുന്ന ഒന്നരപ്പവന്റെ മാല കളവ് പോയിരിക്കുന്നു.

അന്ന് രാത്രി തന്നെ സുന്ദരനെ പുറത്താക്കിയ അച്ചന്‍ ചാണകവെള്ളം തളിച്ച് ഹോസ്റ്റല്‍ ശുദ്ധീകരിച്ചു. 

അത്യാവശ്യം ട്രെയ്‌നിങ്ങ് കിട്ടിയാണ് തോണിക്കുഴിയച്ചന്‍ പങ്കായമെടുത്ത് വാര്‍ഡനാകാനിറങ്ങിയത് തന്നെ. സുന്ദരനെ ചുറ്റിപ്പറ്റി പല സംശയങ്ങളും അരമനയില്‍ നിന്ന് കേട്ടിട്ടുണ്ട്. ഒരു ഭാഗ്യപരീക്ഷം നടത്തിനോക്കുക തന്നെ. അങ്ങനെ സുന്ദരന്‍ ഹാജരാക്കപ്പെട്ടു. അച്ചന്‍ ഇപ്രകാരം മൊഴിഞ്ഞു.

'മഹനേ, അഞ്ച് മിനിറ്റിനുള്ളില്‍ ആ മാല ഈ മേശപ്പുറത്ത് കൊണ്ട് വയ്ക്കുക. ഇല്ലെങ്കില്‍ ആറാം മിനിറ്റില്‍ ഞാന്‍ പോലീസിന് ഫോണ്‍ ചെയ്യും. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയ സുന്ദരന്‍ മടങ്ങി വന്നത് കരോളിന്റെ മാലയുമായിട്ടാണ്.

പല നാള്‍ കള്ളന്‍ അങ്ങനെ ഒരു നാള്‍ പിടിയില്‍. അന്ന് രാത്രി തന്നെ സുന്ദരനെ പുറത്താക്കിയ അച്ചന്‍ ചാണകവെള്ളം തളിച്ച് ഹോസ്റ്റല്‍ ശുദ്ധീകരിച്ചു. 

പിടിക്കപ്പെട്ടവന്റെ യാതൊരഹങ്കാരവും  സുന്ദരനില്ലായിരുന്നു. മോഷണക്കേസിനെപ്പറ്റി ചോദിച്ചവരില്‍ നിന്ന് അവന്‍ സമര്‍ത്ഥമായി ഒഴിഞ്ഞു മാറി.അവന്റെ ഇടയ്ക്കിടെയുള്ള പുലിമട സന്ദര്‍ശനങ്ങള്‍ ഞങ്ങളെ ജാഗരൂകരാക്കി. അയയില്‍ ഉണക്കാനിട്ടിരുന്ന ജട്ടിയൊഴിച്ച് ബാക്കി സകലതും ഞങ്ങള്‍ ബാഗിലാക്കി കൂടെക്കൊണ്ടു നടക്കാന്‍ തുടങ്ങി. ക്യാംപസിന്റെ സുന്ദരപുരുഷനായി അവന്‍ പിന്നെയും വാണു.

പാലായില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഭരണങ്ങാനം പള്ളി. ഒരു വെള്ളിയാഴ്ച ദിവസം പള്ളിയില്‍ നിന്ന് പ്രിന്‍സിപ്പലച്ചന്റെ  ഓഫീസിലേക്കൊരു ഫോണ്‍കോള്‍. അങ്ങേത്തലയ്ക്കല്‍ നിന്നുള്ള വാര്‍ത്ത കേട്ട് അച്ചന്‍ രണ്ട് തവണ കുരിശ് വരച്ചു. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. പിന്നെയാ വിരല്‍ ഫോണില്‍ ഞെക്കി കൂടുതല്‍ പേരിലേക്ക് വിവരമെത്തിച്ചു.  കോളജില്‍ നിന്ന് ഒരു കൂട്ടം ബൈക്കുകള്‍ ഭരണങ്ങാനം ലക്ഷ്യമാക്കി കുതിച്ചു. അവിടെയവര്‍ കാണുന്ന കാഴ്ച ഇങ്ങനെ.

തല്ല് കൊണ്ട് അവശനായ സുന്ദരനെ ഒരു അരമതിലില്‍ ചാരിയിരുത്തിയിരിക്കുന്നു. വരുന്നവനും പോകുന്നവനുമെല്ലാം തലയ്ക്കിട്ട് ഞോണ്ടുന്നുണ്ട്. സംഗതി വളരെ സിംപിള്‍. അല്‍ഫോന്‍സാമ്മയെ കണ്ട് ജീവിതവിഷമങ്ങളെല്ലാം പറഞ്ഞ് കുമ്പസരിച്ചേച്ച് ബസ്സ് പിടിക്കാന്‍ വന്നൊരമ്മച്ചിയുടെ മാല സുന്ദരന്‍ പൊട്ടിച്ചോണ്ടോടി.ദാറ്റ്‌സ് ആള്‍. മാണിച്ചായന്‍ റോഡൊക്കെ നല്ല ഇതാക്കി ഇട്ടിട്ടുള്ളതു കൊണ്ട് ഓടാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷെ ഇത്ര നാളും മറ്റുള്ളവന്റെ മോട്ടിച്ചു തിന്ന് ശരീരത്തിലടിഞ്ഞു കൂടിയ കൊഴുപ്പ് സുന്ദരന് വിനയായി. റബറിന്റെവിലയിടിവ് കാരണം പണിയൊന്നുമില്ലാതിരുന്ന അച്ചായന്‍മാര്‍ക്കൊരു  നേരംപോക്കുമായി. വര്‍ഗ്ഗ, ലിംഗ, സാമ്പത്തിക,, തൊഴിലാളി, മുതലാളി ഭേദമെന്യെ പാലാക്കാര്‍ സുന്ദരനെ അറഞ്ചം പുറഞ്ചം സല്‍ക്കരിച്ചു. പൂവന്‍ പഴം പോലിരുന്ന ചെക്കനെ കുഴച്ചുരുട്ടിയാണ് നാട്ടുകാരന്ന് പുട്ടടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആ രാജ്യത്ത് വളരെ നാളുകള്‍ കൂടിയിട്ടായിരുന്നു ഒരു കള്ളനെ പിടിച്ചത്. സുന്ദരനെ ഒരു നോക്കു കാണാന്‍ നാനാവശത്തു നിന്നും പുരുഷാരം ഒഴുകിയെത്തി. ഇത്രയും സെറ്റപ്പൊരു കള്ളനെ ആദ്യമായിട്ടാണ് കാണുന്നതെന്ന പോലീസുകാരുടെ  അഭിപ്രായത്തോട് നാട്ടുകാരും യോജിച്ചു. അങ്ങനെയൊരു നാടൊന്നാകെ സുന്ദരനെ പോലീസ് ജീപ്പില്‍ കയറ്റി യാത്രയാക്കി.ഹ്രസ്വമായ ജീവിതത്തില്‍ ഓര്‍ത്തിരിക്കാന്‍ ഒരു ദിനം തന്നതിന് എല്ലാവരും കര്‍ത്താവിന് സ്‌തോത്രം ചൊല്ലി. 

സുന്ദരന്‍ പിന്നീട് കോളേജില്‍ വന്നില്ല. ജാമ്യം കിട്ടിയെന്നും ധ്യാനം കൂടാന്‍ പോയെന്നുമൊക്കെ കേട്ടു. സുന്ദരന്റെ കാമുകി നാണക്കേട് കാരണം  കുറെ നാള്‍ തറയില്‍ നോക്കിയാണ് നടന്നത് . എന്നെ സംശയിച്ചതില്‍ ഖേദം പ്രകടിപ്പിച്ച ജയ്‌സന്‍ എന്റെ ബുദ്ധിശക്തിയെ ലേശം അഭിനന്ദിക്കാനും മറന്നില്ല. സുന്ദരനെ ഞാന്‍ പിന്നീട് കാണുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കൊച്ചിയിലെ തിരക്കേറിയൊരു ജംഗ്ഷനില്‍ നിന്നിരുന്ന അവന്‍ ബസ്സിലിരുന്ന എന്നെ കണ്ടില്ല. അച്ചായന്‍മാര്‍ തല്ലിക്കൊഴിച്ച സൗന്ദര്യമൊക്കെ വീണ്ടെടുത്തിരിക്കുന്നു. കുറച്ച് മസിലൊക്കെ ഫിറ്റ് ചെയ്തിട്ടുണ്ട്. ഇപ്പൊ കല്ല്യാണമൊക്കെ കഴിഞ്ഞ് കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഗള്‍ഫിലെവിടെയങ്കിലും കാണും. 

എന്നാലും ഒരു സംശയം ബാക്കി. എന്റെ പൈസ മോഷ്ടിച്ചതിനു ശേഷം എന്നെ വിളിച്ച് കൈ വീശി ചിരിച്ചു  കാണിക്കേണ്ട കാര്യമെന്തായിരുന്നു? എടാ ഊളേ, പിന്നെ ഞാന്‍ പറ്റിച്ചിരിക്കുന്നു എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടാവില്ലേ അവന്‍ ചിരിച്ചിരിക്കുക?

മോനേ, സുന്ദരാ ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്നിതു വായിക്കുന്നെങ്കില്‍ നീയറിയുക. ഈ ലോകം കറങ്ങാന്‍ തുടങ്ങിയിട്ട് നാള് കുറേയായി. കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, പാലായിലും കിട്ടും. നല്ല ഭേഷായിട്ട്. ഒരു മനുഷ്യന്‍ എങ്ങനെയാകരുത് എന്ന കാര്യത്തില്‍ കൃത്യമായ മാതൃക കാട്ടിക്കൊടുത്ത നിന്നെ കോളജിലെ അന്നത്തെ തലമുറ എന്നും നന്ദിയോടെ സ്മരിക്കും. സന്മനസ്സുള്ളവര്‍ക്ക് ഹോസ്റ്റലിലും റോഡിലുമെല്ലാം സമാധാനമുണ്ടായിരിക്കട്ടെ. ആമേന്‍ .

 

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!
 

Follow Us:
Download App:
  • android
  • ios