Asianet News MalayalamAsianet News Malayalam

പാതിരാത്രിയിലെ കറുത്തരൂപം!

19ാം നമ്പര്‍ മുറി തുറന്നതും ഹൊറര്‍ സിനിമയെ വെല്ലുന്ന തകര്‍പ്പന്‍ ശബ്ദം. മൂലയ്ക്ക് കൂടുകൂട്ടിയിരുന്ന നരിച്ചീറുകള്‍ അലോസരത്തില്‍ പ്രതിഷേധിച്ച് മുറി മുഴുവന്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി. അലക്ഷ്യമായ് കിടക്കുന്ന എട്ട് കട്ടിലുകള്‍, മേശകള്‍, കസേരകള്‍...

Hostel memories Sheeba Vilasini
Author
Thiruvananthapuram, First Published Nov 2, 2017, 3:05 PM IST

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

Hostel memories Sheeba Vilasini

അരണമരങ്ങള്‍ സ്വാഗതമോതുന്ന തണലിലേയ്ക്കാണ് ഞാനും അമ്മയും ഓട്ടോയില്‍ നിന്നിറങ്ങിയത്. പുതിയവര്‍ക്ക് വരാനാണോ പഴയവര്‍ക്ക് പോകാനാണോ എന്നറിഞ്ഞുകൂടാ ഗേറ്റ് വിശാലമായി തുറന്നിട്ടിരിക്കുന്നു. 

ഇതാണ് എസ് ആര്‍ ജെ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സിസ്റ്റര്‍ റെയിച്ചല്‍ മെമ്മോറിയല്‍ ഹോസ്റ്റല്‍. ബിഷപ്പ് മൂര്‍ കലാലയത്തിന്റെ ജീവനാഡി. ഞങ്ങളുടെ രാജകുമാരന്മാരുടെ ചങ്ക്. പല നിറത്തിലുള്ള ചെമ്പരത്തികള്‍ ബോണ്‍സായ് ചെയ്ത് നിരത്തി വെച്ചിരിക്കുന്ന വിശാലമായ മുറ്റം. ഇനി മുതല്‍ ഞാനുമുണ്ട് എന്ന ഭാവത്തില്‍ അടുത്തു നിന്ന ചെമ്പരത്തിപ്പൂവിനെ ഒന്നു തൊട്ടു.'തൊടരുത്...' -പെട്ടെന്നൊരു ശബ്ദം. ഞെട്ടലോടെ ഞാന്‍ പിന്നിലേയ്ക്ക് മാറി. എന്തായിത് സംസാരിക്കുന്ന പൂവോ? മുന്നോട്ട് നടന്ന ഞാന്‍ മറ്റൊരു ചെമ്പരത്തിയുടെ കവിളില്‍ പിച്ചി. 'തൊടരുതെന്ന് പറഞ്ഞില്ലേ ....'
 
അപ്പോഴാണ് അത് അശരീരിയല്ലന്നു മനസ്സിലായത്. കുനിഞ്ഞിരുന്ന് ചെടികള്‍ക്കിടയിലെ കളപറിക്കുന്ന കറുത്തു തടിച്ച ഒരു മനുഷ്യന്‍. ഹോസ്റ്റലിലെ ആദ്യ കഥാപാത്രത്തെ ഞാന്‍ കാണുകയായിരുന്നു. കരിവീട്ടിപോലെ ശരീരമുള്ള, തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ശശി. സാധനങ്ങളെല്ലാം ഒതുക്കി വെച്ച് വിസിറ്റിങ് ഹാളില്‍ വാര്‍ഡനെയും കാത്ത് ഞങ്ങളിരുന്നു. അമ്മാമ്മ എന്ന സ്ഥാനപ്പേരില്‍ വിളിക്കപ്പെടുന്ന കുഞ്ഞുമറിയയാണ് വാര്‍ഡന്‍. മെസ് ഹാളില്‍ നിന്നും ചായ കുടിയും കഴിഞ്ഞു വരുന്ന യുവസുന്ദരികളെയെല്ലാം അമ്മ അടിമുടി നോക്കാന്‍ തുടങ്ങി. 

എങ്ങനെ നോക്കാതിരിക്കും? മിനി മിഡിയും അതിനു പുറകുവശം മുകളറ്റം വരെ ഒരു കീറ്റലും. ബോബ് ചെയ്ത് പാറിപ്പറക്കുന്ന മുടിയും. ഞാന്‍ എന്നെത്തന്നെ ഒന്നു നോക്കി. മിഡിയും ടോപ്പുമാണ് എന്റെ വേഷം. പാദം വരെ മൂടി കിടക്കുന്ന കടും പച്ച മിഡി, കഴുത്തറ്റം മുതല്‍ കണം കൈകള്‍ വരെ മൂടിക്കിടക്കുന്ന ലൂസ് ടോപ്പ് .എണ്ണ തേച്ച് ചപ്പി ചീകി രണ്ടായിട്ട് പിന്നി മുന്നിലേയ്ക്കിട്ട നീളന്‍ തലമുടി. രണ്ട് യുഗങ്ങളില്‍ നിന്ന് വന്നവരെ പോലെ ഞങ്ങള്‍ പരസ്പരം നോക്കി.

19ാം നമ്പര്‍ മുറി തുറന്നതും ഹൊറര്‍ സിനിമയെ വെല്ലുന്ന തകര്‍പ്പന്‍ ശബ്ദം. മൂലയ്ക്ക് കൂടുകൂട്ടിയിരുന്ന നരിച്ചീറുകള്‍ അലോസരത്തില്‍ പ്രതിഷേധിച്ച് മുറി മുഴുവന്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി. അലക്ഷ്യമായ് കിടക്കുന്ന എട്ട് കട്ടിലുകള്‍, മേശകള്‍, കസേരകള്‍... ചിലന്തികള്‍ പട്ടുവസ്ത്ര നിര്‍മ്മാണം നടത്തുന്ന ഷെല്‍ഫുകള്‍ .ജനല്‍ തുറന്നതും കുറുകി പറക്കുന്ന പ്രാവുകള്‍ .അപ്പുറത്തെ വീട്ടില്‍ നിന്നും പൊമേറിയന്‍ പട്ടിയുടെ നിര്‍ത്താതെയുള്ള കുര.

രണ്ട് യുഗങ്ങളില്‍ നിന്ന് വന്നവരെ പോലെ ഞങ്ങള്‍ പരസ്പരം നോക്കി.

മുറിയെല്ലാം വൃത്തിയാക്കി ജനലിനോട് ചേര്‍ന്നുള്ള ഇത്തിരി സ്ഥലം എന്റെ സാമ്രാജ്യമായി രൂപപ്പെടുത്തി. ആദ്യമായ് എത്തുന്ന റൂം മേറ്റിനെയും കാത്ത് അരമതിലും ചാരി ഞാനങ്ങനെ നിന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍, ചുവന്നു തുടുത്ത വലിയ കവിളുകളും, നീണ്ട മൂക്കും, എങ്ങോട്ടൊക്കയോ വളഞ്ഞു നീണ്ട പുരികകൊടികളും, ചിരിക്കുമ്പോള്‍ നേര്‍രേഖയാകുന്ന കണ്ണുകളും, ചെവിക്ക് തൊട്ട് താഴെ വരെയുള്ള കോലന്‍മുടി പുറകിലേയ്ക്ക് ചീകി അലക്ഷ്യമായ് വെച്ചിരിക്കുന്ന ഹെയര്‍ പിന്നും, മുട്ടനാടിനെ പോലെ എപ്പോഴും അനങ്ങുന്ന താടിയും.... മൊത്തത്തില്‍ പറഞ്ഞാല്‍, പറന്നു പോയ നരിച്ചീറിനേക്കാളും കഷ്ടം തോന്നിക്കുന്ന ഒരു രൂപം ചിരിച്ച് കൊണ്ട് സ്വയം പരിചയപ്പെടുത്തി 'ഞാന്‍ സീമ. കാസര്‍ഗോഡാണ് വീട്'.

രാത്രി എട്ട് മണി കഴിഞ്ഞപ്പോള്‍ പുണ്യ പുരാതനമായ ഏതോ ശ്രീകോവിലിലെ മണിയടി ഒച്ച .'അത്താഴത്തിനുള്ള ബെല്ലാണ് വരുന്നില്ലെ?' സീനിയേഴ്‌സ് ആരോ വിളിച്ചപ്പോഴാണ് അത് അമ്പലത്തില്‍ നിന്നല്ല മെസില്‍ നിന്നാണന്ന് മനസ്സിലായത്.

ആദ്യമായ് അടുക്കളയില്‍ കയറിയ മരുമകളുടെ ഭാവമായിരുന്നു ഞങ്ങള്‍ക്ക്. എവിടെ തുടങ്ങണമെന്നറിയില്ല. വലിയ മേശപ്പുറത്ത് പ്ലെയ്റ്റില്‍ കറികള്‍ വിളമ്പി വെച്ചിരിക്കുന്നു. വലിയ ബെയ്‌സിന്‍ നിറയെ ചോറും. ആവശ്യത്തിന് ഇട്ടെടുക്കണം അതാണ് രീതി. പ്രാര്‍ത്ഥനയ്ക്കു ശേഷമുള്ള ഭക്ഷണം കഴിഞ്ഞ് ഞാനും മത്തങ്ങ കവിളുകാരിയും പുറത്തിറങ്ങി. 'ഷീബേ ..... ആരോ വിളിച്ചു'

ചുറ്റും നോക്കി. ഓപ്പണ്‍ സ്‌റ്റേജിന്റെ പുറത്ത് ആരൊക്കയോ ഇരിക്കുന്നു.

റാഗിങ് എന്ന് കേട്ടിട്ടുണ്ട് .ഇനി അതിന്റെ കടമ്പ വല്ലതുമാണോ? 

ശങ്കയോടെയാണ് അടുത്ത് ചെന്നത്. പക്ഷെ, സ്‌റ്റേജില്‍ ഇരിക്കുന്ന കഥാപാത്രങ്ങളെ കണ്ട് എന്റെ കണ്ണുകള്‍ വിടര്‍ന്നു. സ്‌കൂള്‍മേറ്റ് ഗായത്രിയും അവളുടെ ചേച്ചി ശ്രീജയയും.

കേരളത്തിന്റെ രണ്ടറ്റത്തു നിന്നും എത്തിയ ഞങ്ങള്‍ രണ്ടു പേരും കൊടുക്കല്‍ വാങ്ങലുകളൊക്കെ കഴിഞ്ഞ് എപ്പഴോ ഉറങ്ങി പോയി. അതുകൊണ്ടുതന്നെ സൂര്യഭഗവാന്‍ രഥത്തിലേറി കിഴക്കന്‍ ചക്രവാളത്തില്‍ എത്തിയതൊന്നും അറിഞ്ഞതേയില്ല.

എന്റെ ഇഷ്ട കൂട്ടുകാരിയായ ഹരിഷ്മ കൂടി എത്തിയതോടെ ഹോസ്റ്റല്‍ എന്നത് ഏറ്റവും പ്രിയപ്പെട്ട ഒരിടമായി. നീളന്‍ വരാന്തകള്‍ ചേരുന്ന ഭാഗത്തെ കോര്‍ണര്‍ റൂം ആയിരുന്നു അവളുടേത്. നിറയെ ചക്കകള്‍ കായ്ക്കുന്ന വലിയൊരു ആത്തിമരം ആ മുറിയോട് ചേര്‍ന്നു നിന്നു. നെല്ലിപ്പുളിയും മാവും നിഴല്‍ വിരിക്കുന്ന വലിയൊരു കിണറും, ശിരസ്സ് കുനിക്കാന്‍ മനസ്സില്ലാത്ത അരണമരങ്ങള്‍ കാവല്‍ നില്‍ക്കുന്ന ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടും, വെട്ടി ഒതുക്കി നിരയായ് നില്‍ക്കുന്ന മൈലാഞ്ചി ചെടികളും. ചിത്രകാരിയായ അവളുടെ മനസ്സുപോലെ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന മുറി.

Hostel memories Sheeba Vilasini ഹോസറ്റല്‍ ദിനങ്ങളില്‍നിന്ന്.

ദിവസങ്ങള്‍ മാസങ്ങളായ് കടന്നു പോകവേ പലരിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ദിവസങ്ങള്‍ മാസങ്ങളായ് കടന്നു പോകവേ പലരിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഉറക്കമില്ലായ്മ, തനിച്ചുള്ള ഇരിപ്പ്,മൂളിപ്പാട്ട് ,കണ്ണാടിക്കു മുന്നിലുള്ള തപസ്സ... ഇങ്ങനെ പോയി രോഗലക്ഷണങ്ങള്‍.

മെസ് ഹാളിലെ നീളന്‍ ബെല്ലടി അപായസൂചനയാണ്. അന്നും അത് തന്നെ സംഭവിച്ചു. ഏത് കപ്പലാണോ ഇന്ന് മഞ്ഞ്മലയില്‍ ഇടിക്കാന്‍ പോകുന്നത്! 

അനുസരണയുള്ള കുഞ്ഞാടുകളെല്ലാം അക്ഷമരായ് ഹാളിലെത്തി ഇരിപ്പുറപ്പിച്ചു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഋഷിവര്യന്മാര്‍ കൊതിച്ചു പോകുന്ന നിശ്ശബ്ദതയാണ് ഹാളില്‍.'again Sankaran coconutt ree ' .വാര്‍ഡന്റെ മാസ്റ്റര്‍പീസ് ഡയലോഗ് മുഴങ്ങി. ഇനിയാണ് വെടിക്കെട്ട്. ഏതോ ഒരു ശങ്കരന്റെ കാര്യം ഇന്ന് പോക്കാ .ഏതായാലും അഞ്ച് പേര്‍ക്ക് ഒറ്റടിക്ക് കുറി വീണു. പ്രണയലേഖനമാണ് വിഷയം. കേട്ടോണ്ടിരിക്കുന്ന ഞങ്ങള്‍ക്ക് ഒന്നും പിടികിട്ടുന്നില്ല. അല്ല, ഇവള്മാര് അഞ്ചു പേരും കൂടി ഒരു പേപ്പറിലാണോ ലേഖനം എഴുതിയത്! അതോ ഒരാള് ഇവര്‍ക്ക് അഞ്ചുപേര്‍ക്കും ഒരേ സമയം പ്രേമലേഖനം കൊടുത്തോ? ആകെ കണ്‍ഫ്യൂഷന്‍...എന്തായാലും തെങ്ങില്‍ നിന്നു വീണ ശങ്കരിമാരെയെല്ലാം തൂത്തുവാരി അതാത് മുറികളില്‍ എത്തിച്ചു.

'ഓരോരുത്തികള് പ്രേമിക്കാന്‍ നടക്കുന്നു ബാക്കിയുള്ളവരുടെ വില കളയാനായിട്ട്' .റൂമില്‍ എത്തിയ പാടേ പ്രീത ചേച്ചിയുടെ സീനിയേഴ്‌സ് ഭാവം പുറത്തുചാടി.
ഒരാള്‍ മറ്റൊരാളുടെ മുറിയില്‍ കയറരുതെന്നാണ് നിയമം. കയറുന്നാള്‍ക്കും വിളിച്ചു കയറ്റുന്നാള്‍ക്കും ഫൈന്‍ ഉറപ്പ്. 

നിയമം എന്തു തന്നെ ആയാലും ഹരിഷ്മയുടെ മുറിയില്‍ കയറാതിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. തുടുത്ത് നില്‍ക്കുന്ന ആത്തിപ്പഴങ്ങള്‍, കണ്ണി മാങ്ങകള്‍ പറിച്ചെടുത്ത് ഉപ്പും മുളകും കൂട്ടിയുള്ള തീറ്റി, ഉപ്പിലിട്ട നെല്ലിപ്പുളി. എല്ലാം എന്നെ മാടി വിളിച്ചു കൊണ്ടേയിരുന്നു. റൂമില്‍ അംഗസംഖ്യ തീരെ കുറവായിരുന്നതും എനിക്ക് ഗുണം ചെയ്തു.

പരസ്യ വിചാരണയ്ക്ക് താല്‍പ്പര്യമില്ലാതിരുന്നതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഞങ്ങള്‍ കൃത്യനിര്‍വ്വഹണം നടത്തിക്കൊണ്ടിരുന്നത്. കുറച്ചു ദൂരത്ത് നില്‍ക്കുന്നവ പറിക്കാനായ്, ചിലന്തിവല അടിക്കാനെന്ന വ്യാജേന ഒരു നീളന്‍ മുള ഞങ്ങള്‍ കൈക്കലാക്കി. എന്നിട്ടതിന് തോട്ടിയായ് പ്രെമോഷന്‍ കൊടുത്തു .ഞങ്ങളുടെ ഫലവൃക്ഷ തോട്ടത്തിന്റെ ഏഴയലത്ത് ആര് വന്നാലും മുറിക്കകത്തിരുന്ന് കാണത്തക്കവിധം ഒരു കണ്ണാടി സ്ഥാപിച്ചു. എല്ലാം ചെയ്യുമ്പോഴും സീനിയേഴ്‌സിന്റെ കണ്ണില്‍ പെടാതെ ശ്രദ്ധിച്ചു. കാരണം , മാതാഹരിയേക്കാള്‍ വലിയ ചാരസുന്ദരികളാണ് പലരും.

വെളുപ്പിന് അഞ്ച് മണിക്ക് സ്റ്റഡി ടൈം തുടങ്ങും. തൂക്കിയിട്ടിരിക്കുന്ന വലിയ ഇരുമ്പ് പ്രതലത്തില്‍ ഇരുമ്പ് ചുറ്റിക കൊണ്ടുള്ള പ്രഭാത മണി. ഹോസ്റ്റല്‍ ലീഡറാണ് മണി മുഴക്കി എല്ലാവരെയും ഉണര്‍ത്തേണ്ടത്.

അഞ്ച് മണിക്ക് ഉണരാത്തവരുടെ കരിമ്പട്ടികയിലെ ആദ്യത്തെ പേര് എന്റേതായിരുന്നു. അന്നും ഇന്നും വെളുപ്പിനെ എഴുന്നേല്‍ക്കല്‍ എനിക്ക് ബാലികേറാമല തന്നെ. വാര്‍ഡന്റെ പ്രഭാതഭേരിയാണ് പലപ്പോഴും എന്നെ ഉണര്‍ത്തിയിരുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ യൂണിവേഴ്‌സിറ്റി പരീക്ഷയിങ്ങെത്തി. ഉത്തരവാദിത്വത്തിന്റെ കൊക്കൂണിലേയ്ക്ക് പലരും ഒതുങ്ങിക്കൂടി.

അഞ്ച് മണിക്ക് ഉണരാത്തവരുടെ കരിമ്പട്ടികയിലെ ആദ്യത്തെ പേര് എന്റേതായിരുന്നു.

പാതിരാത്രിയിലെ സ്ഥിരം പഠിത്തക്കാരായിരുന്നു ഞാനും ഹരിഷ്മയും. ഇക്കണോമിക്‌സാണ് വിഷയം. പാതിരാത്രിയില്‍ പഠിക്കാന്‍ പറ്റിയ സാധനം ചെക്കും, ഡ്രാഫ്റ്റും, സാമ്പത്തിക നയങ്ങളും... 'ദേ ,ബാങ്കിംങ് കൂടി നോക്കിയിട്ട് ഞാന്‍ കിടക്കാന്‍ പോകുവാ' .അതും പറഞ്ഞ് തിരിഞ്ഞു നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. 

ഹരിഷ്മ എവിടെ? അവിടെങ്ങും ഒരൊറ്റ മനുഷ്യനെയും കാണാനില്ല. 

സമയം 2.10. ഇടനാഴിയില്‍ അങ്ങേ അറ്റം മാത്രം ഒരു ലൈറ്റുണ്ട്. പല മുറികളിലും ആളില്ല. ഉള്ളവര്‍ നല്ല ഉറക്കം. ദൈവമേ ഇവളിതെവിടെ പോയി? അറിയാവുന്ന സകല ദൈവങ്ങളുടേയും പേരും ചെല്ലപ്പേരും വീട്ടുപേരും എല്ലാം ഒറ്റടിക്ക് ഞാന്‍ ചൊല്ലാന്‍ തുടങ്ങി.

കുറെ കഴിഞ്ഞപ്പോള്‍ ഉരുളന്‍ കല്ലുകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം. ശബ്ദം അടുത്തടുത്ത് വരുംതോറും ഭയം എന്റെ ശരീരം മുഴുവന്‍ അരിച്ചരിച്ച് കയറാന്‍ തുടങ്ങി. മിന്നായം പോലെ ഞാന്‍ കണ്ടു, കാമിനീമുല്ലയുടെ സമീപം ഒരു രൂപം. സകല ബാങ്കുകളെയും ഉപേക്ഷിച്ച് ഒറ്റയോട്ടത്തിന് ഞാന്‍ മുറിയില്‍ കയറി വാതിലടച്ചു .മുറിയില്‍ ഞാന്‍ ഒറ്റയ്ക്ക. സ്റ്റഡി ലീവ് ആയതിനാല്‍ സഹമുറിയന്മാരെല്ലാം വീട്ടില്‍ പോയിരുന്നു.എന്നാലും അവള്‍ എവിടെ പോയി എന്നായിരുന്നു എന്റെ ചിന്ത . കതക് തുറക്കാന്‍ ധൈര്യമില്ലാതിരുന്നതിനാല്‍ പതിയെ ജനല്‍ തുറന്നു നോക്കിയ ഞാന്‍ കണ്ണുതള്ളി നിന്നു പോയി.

ഒരു കറുത്ത ഗൗണ്‍ ഒക്കെ അണിഞ്ഞ് പകുതിയോളം പഴമുള്ള ഒരു പഴക്കുലയുമായി ദേ നില്‍ക്കുന്നു, കക്ഷി!

'നീ എന്താടി ആനയോ?' ഭക്ഷണ സമയത്ത് പോത്തുപോലെ കിടന്നുറങ്ങിയിട്ട് പാതിരാത്രിയില്‍ സ്‌റ്റോര്‍ റൂം കൊള്ളയടിക്കാന്‍ ഇറങ്ങിയേക്കുന്നു'. അവളേം പഴക്കുലയേം മാറി മാറി നോക്കി ഉറഞ്ഞു തുള്ളി നില്‍ക്കുന്ന എന്നെ കണ്ടിട്ട് യാതൊരു കൂസലുമില്ല. എന്നിട്ടൊരു ഡയലോഗും.'നോക്കി പേടിപ്പിക്കണ്ട .ഞാനിത് അടിച്ചു മാറ്റിയത് തന്നെയാണ്. പിന്നെ ഈ ഗൗണ്‍ ആരോ കഴുകി ഇട്ടതാണ്. പെട്ടെന്നാരും ശ്രദ്ധിക്കാതിരിക്കാന്‍ വേണ്ടി പോയ വഴിക്ക് ഞാന്‍ എടുത്തിട്ടന്നേയുള്ളു'.

പഴമെല്ലാം പറിച്ചെടുത്തിട്ട് കാളാമുണ്ടന്‍ ചുഴറ്റി ഒരേറ്. ചെന്നു വീണത് അപ്പുറത്തെ വീട്ടിലെ മതില്‍ കെട്ടിനകത്ത.

'ഇത്രയും നന്നായിട്ട് എറിയാനറിയാമെങ്കില്‍ നിനക്ക് വല്ല ഒളിമ്പിക്‌സിലും പൊയ്ക്കൂടായോ?'

'മണ്ടി പെണ്ണേ ഒളിമ്പിക്‌സില്‍ എവിടാ പഴക്കുലയേറ്?' 

പ്രേം നസീര്‍ മോഡലില്‍ ഡയലോഗും പറഞ്ഞ് ഇട്ടിരുന്ന ഗൗണ്‍ ഊരി ചുരുട്ടി കൂട്ടി അടുത്ത മുറിയിലെ ജനലിലൂടെ അകത്തേയ്‌ക്കൊരേറ്.

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി പ്രീഡിഗ്രി എന്ന രണ്ടു വര്‍ഷക്കാലം കടന്നു പോയി.

ഡിഗ്രിക്ക് ഞാനും സീമയും ഗായത്രിയും വീണ്ടും ഒന്നിച്ചു. മറ്റുള്ളവര്‍ പല വഴിക്ക് പിരിഞ്ഞു.

കറുത്ത ഗൗണ്‍ ഒക്കെ അണിഞ്ഞ് പകുതിയോളം പഴമുള്ള ഒരു പഴക്കുലയുമായി ദേ നില്‍ക്കുന്നു, കക്ഷി!

പഠന ഭാരത്തിനിടയില്‍ ഞങ്ങള്‍ക്കു കിട്ടിയ ഏറ്റവും വലിയ ആശ്വാസമായിരുന്നു ഞായറാഴ്ചകളിലെ ദൂരദര്‍ശന്‍ സിനിമ .അന്ന് വെറും തറയില്‍ നിരന്നിരുന്ന് സിനിമ കണ്ട സുഖം പിന്നീട് ഒരു ഏ.സി തിയേറ്ററിലും കിട്ടിയിട്ടില്ല.

ഓരോ വര്‍ഷാവസാനവും നടത്തുന്ന ഹോസ്റ്റല്‍ ഡേ ന്യൂ ഇയര്‍ പ്രോഗ്രാം ശരിക്കും ഒരു ഉല്‍സവം തന്നെയാണ്. മറക്കാന്‍ കഴിയാത്ത ആത്മീയ യാത്രയാണ് മാരാമണ്‍ കണ്‍വന്‍ഷന്‍. പമ്പാനദിക്കരയിലെ മണ്ണില്‍ പുതഞ്ഞുള്ള ഇരിപ്പ്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള സുവിശേഷ പ്രസംഗങ്ങള്‍ കേട്ട് ആത്മീയമത്ത് പിടിച്ച് പരമഭക്തരായുള്ള ഞങ്ങളുടെ ഇരിപ്പു കണ്ടാല്‍ ഏത് പോപ്പും തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചു പോകും. എന്താ ഒരു ഭക്തി!

സകല സുവിശേഷങ്ങളും കാറ്റില്‍ പറത്തിയാവും മടക്കയാത്ര. വഴിയരികിലെ പൂവാലന്മാരെല്ലാം പലരുടെയും ഫ്‌ളൈയിങ് കിസ്സിന്റെ ഏറ് കൊണ്ട് വീഴും. അങ്ങനെ സകല സ്വീകരണങ്ങളും ഏറ്റുവാങ്ങി ഹോസ്റ്റലില്‍ തിരിച്ചെത്തുമ്പോഴേയ്ക്കും എല്ലാരും ആകെ ക്ഷീണിച്ചിട്ടുണ്ടാവും.

ശനിയാഴ്ച രാത്രി 8 മുതല്‍ ഞായറാഴ്ച വൈകിട്ട് 6 വരെയുള്ള സമയം മാറ്റിയാല്‍ ബാക്കിയുള്ള എല്ലാ ദിവസവും കര്‍ശനവും ചിട്ടയുമായ പഠന സമയം പാലിച്ചേ പറ്റു. രാത്രി 10.30 വരെയുള്ള സമയത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വാര്‍ഡന്റെ മിന്നല്‍ പരിശോധന ഉണ്ടാകും. ഓരോ കുട്ടിയുടേയും വീടും വീട്ടുകാര്യവും പേരും എന്തിനധികം അവരുടെ വസ്ത്രങ്ങള്‍ പോലും ഇത്ര കൃത്യമായിട്ട് ഓര്‍ത്തുവെയ്ക്കുകയും, ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യാനുള്ള വാര്‍ഡന്റെ കഴിവ് പലപ്പോഴും എന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്.

Hostel memories Sheeba Vilasini ഹോസറ്റല്‍ ദിനങ്ങളില്‍നിന്ന്.

പ്രണയിനികള്‍ പട്ടിണി കിടക്കുന്നതറിഞ്ഞ് പല കാമുക ഹൃദയങ്ങളും പിടഞ്ഞു.

ഒരു ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ മെസ്സ് ഫീ കുത്തനെ കൂട്ടി. പ്രതിഷേധങ്ങള്‍ പല രീതിയില്‍ ഉണ്ടായിട്ടും അധികൃതര്‍ കേട്ട ഭാവം നടിച്ചില്ല. ഒടുവില്‍ പ്രതികരിക്കാന്‍ തന്നെ തീരുമാനിച്ചു. ഒറ്റ രാത്രി കൊണ്ട് എല്ലാവരെയും സജ്ജരാക്കി. ഞായറാഴ്ച രാവിലെ മുതല്‍ നിരാഹാര സത്യാഗ്രഹം.മെസ് ഹാളിന്റെ മുന്നിലെ വിശാലമായ വരാന്തയില്‍ എല്ലാവരും നിരന്നിരുന്നു. മൂന്നു മണിയൊക്കെ ആയതോടെ പലരുടെയും സമരവീര്യം ചോരാന്‍ തുടങ്ങി.

ഇതിനിടയില്‍ വിവരം എങ്ങനെയോ പുറത്തറിഞ്ഞു. പ്രണയിനികള്‍ പട്ടിണി കിടക്കുന്നതറിഞ്ഞ് പല കാമുക ഹൃദയങ്ങളും പിടഞ്ഞു. വിലക്കപ്പെട്ട കോട്ട ആയിരുന്നതുകൊണ്ട് അകത്തു കടക്കാനും പറ്റുന്നില്ല. എങ്കിലും, മൂട്ടില്‍ തീപിടിച്ചതു പോലെ തേരാ പാരാ ഓടി എല്ലാ പിന്‍തുണയും അവര്‍ തന്നു കൊണ്ടിരുന്നു.

ആരും പിന്നോട്ടില്ലന്നു കണ്ടതോടെ വികാരിയച്ചന്റെ നേതൃത്വത്തില്‍ സമരം ഒത്തുതീര്‍പ്പായി. കൂട്ടിയ ഫീസ് പിന്‍വലിച്ചു. അതോടു കൂടി മുന്‍ നിരയില്‍ ഇരുന്ന ഞങ്ങള്‍ ചിലരൊക്കെ വാര്‍ഡന്റെ നോട്ടപ്പുള്ളികളായി. വ്യാഴാഴ്ച വരെയുള്ള ദിവസം അങ്ങനെ പോയി.വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ്സില്‍ ഒരു നോട്ടീസ്.

'തിങ്കളാഴ്ച ഷീബ വരുമ്പോള്‍ പേരന്റ്‌സിനെയും കൂട്ടി പ്രിന്‍സിപ്പലിനെ കാണുക'. ഹോസ്റ്റലേഴ്‌സിനെല്ലാം അങ്കലാപ്പ് .എന്തിനായിരിക്കും? 'സമര നായികയല്ലേ ആദരിക്കാനാകും'. ചേകവന്മാരുടെ ഭാഗത്തു നിന്നും തകര്‍പ്പന്‍ കമന്റടി.

തിങ്കളാഴ്ച രാവിലെ അമ്മയുമൊത്ത് പ്രിന്‍സിപ്പലിനെ കാണാനെത്തി. റൂമിനകത്ത് പ്രിന്‍സിപ്പല്‍ എം.കെ.ചെറിയാന്‍ സര്‍, ഇട്ടി സര്‍, വികാരിയച്ചന്‍ തുടങ്ങി കയ്യും കാലും വെച്ച ഉപദേശരൂപങ്ങള്‍ എല്ലാരും ഹാജര്‍.

ഉപദേശമെല്ലാം കേട്ട് രണ്ട് കാതില്‍ നിന്നും ഗുമുഗുമാന്ന് പുകവരുന്ന അവസ്ഥയിലാണ് ഞാന്‍ പുറത്തിറങ്ങിയത്. ഇനി അമ്മേടവക എന്ത് എന്നറിയാനുള്ള നില്‍പ്പായി. ഉടനെ എന്റമ്മ ഒരു ചോദ്യം'.എന്നാലും ഒരു ദിവസം മുഴുവന്‍ എന്റെ മോള് പട്ടിണിയിരുന്നോ?' ചോദ്യം കേട്ട് ഞാന്‍ ആവിയായിപ്പോയി. ഹോസ്റ്റല്‍ ചരിത്രത്തിലെ തന്നെ തങ്കലിപികളാല്‍ ചേര്‍ക്കപ്പെട്ട ഐതിഹാസിക സമരം ഒരൊറ്റ ചോദ്യം കൊണ്ട് ഈ അമ്മ വെറും ശൂ ആക്കിക്കളഞ്ഞല്ലൊ!

എന്നാലും പട്ടിണി എന്ന വാക്ക് എനിക്കിഷ്ടപ്പെട്ടു. ടോയ്‌ലറ്റിലേയ്‌ക്കെന്നും പറഞ്ഞ് റൂമില്‍ പോയി അണികള്‍ അറിയാതെ ബ്രഡും ജാമും, ചിപ്‌സും പക്കാവടയും ഒക്കെ കഴിച്ചിട്ടാണ് നേതാക്കന്മാരെല്ലാം നിരാഹാരം കിടന്നതെന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ ചിരി ഒന്നു കാണേണ്ടതു തന്നെ ആയിരുന്നു.

അങ്ങനെ ഫൈനല്‍ ഇയറും എത്തി. വിശാലമായ ചാപ്പലില്‍ എല്ലാരും ഒത്തുകൂടിയിരിക്കുകയാണ് .ഹോസ്റ്റല്‍ ലീഡറെ തെരഞ്ഞെടുക്കലാണ് രംഗം. പല പേരുകളും നിര്‍ദ്ദേശിക്കപ്പെട്ടു. കൂട്ടത്തില്‍ ആരോ എന്റെ പേരും പറഞ്ഞു. 'അയ്യോ ഞാനോ ?' എന്നു ചോദിക്കും മുന്‍പ് അമ്പിളി ചാടി വീണു. 'മിണ്ടാതിരിയെടി അതിന് നീ ജയിച്ചാലല്ലെ' .ശരിയാണന്ന് എനിക്കും തോന്നി. നാലു മണിക്കേ ഉണരുന്ന സൂസന്‍ ജയിക്കണം എന്ന ഒറ്റ ആഗ്രഹത്തോടെ ഞാന്‍ വോട്ട് സൂസനു ചെയ്തു.

ഒടുവില്‍ വാര്‍ഡന്റെ ഘനഗംഭീര ശബ്ദത്തില്‍ ഫലപ്രഖ്യാപനം വന്നു. ഹോസ്റ്റല്‍ ലീഡറായി ഷീബയെ തെരഞ്ഞെടുത്തിരിക്കുന്നു.അടുത്തിരിക്കുന്നവളുടെ കഴുത്തിനു പിടിക്കാനാണ് എനിക്ക് തോന്നിയത്.സ്വന്തം വോട്ട് മറ്റൊരാള്‍ക്ക് ചെയ്ത് ഭൂരിപക്ഷത്തോടെ വിജയിച്ച ലോകത്തിലെ തന്നെ ആദ്യ സ്ഥാനാര്‍ത്ഥി ഞാനായിരിക്കും.

ഉറങ്ങിക്കിടന്ന പലരും നല്ല ഒന്നാന്തരം കൊമ്പന്‍ മീശയും ഒക്കെ വെച്ചാണ് രാവിലെ ഉണര്‍ന്നത്

വെളുപ്പിനെ അഞ്ചു മണിക്കുള്ള മണിയടിയാണ് ഉത്തരവാദിത്വങ്ങളില്‍ പ്രധാനം. പിന്നേയ്, മണിയടിയേ.... അതിന് ഞാനുണര്‍ന്നിട്ടു വേണ്ടേ... സ്‌നേഹമുള്ള മുറിമേറ്റ്‌സ് അത് കൃത്യമായിട്ട് പാലിച്ചു.

ഹോസ്റ്റലിലെ ചെറിയ കാര്യങ്ങള്‍ മുതല്‍ ഹോസ്റ്റല്‍ ഡേയുടെ ചുക്കാന്‍ പിടിക്കലും അതിഥികളെ ക്ഷണിക്കലും എല്ലാം ലീഡറിന്റെ വകുപ്പില്‍ പെടും.
പുരുഷ കേസരികള്‍ക്ക് പെണ്‍ കോട്ടയില്‍ കയറാനുള്ള ഒരേയൊരവസരമാണ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്. വിവിധ കോളേജിലെ പ്രഗത്ഭ താരങ്ങളെല്ലാം എത്തും. കളി കാണാനായി കുമാരന്മാരെല്ലാരും ഉണ്ടാകും. മറുഭാഗത്തായ് ഹോസ്റ്റലിലെ തരുണീമണികളും. എല്ലാവര്‍ക്കും പിന്നിലായ് കസേരയിട്ട് ഞങ്ങളുടെ വാര്‍ഡനും .അനുവദനീയമല്ലാത്ത രീതിയില്‍ ചേഷ്ടകള്‍ എന്തെങ്കിലും മാറിയാല്‍, പ്രത്യേക മീറ്റിംഗില്‍ മണി പ്രവാളം ചിലങ്ക കെട്ടി ആടും.

കോളേജിലെ തെരഞ്ഞെടുപ്പ് ചൂട് പലപ്പോഴും ഹോസ്റ്റലിലും ആവേശം നിറച്ചു രാഷ്ട്രീയ ശരങ്ങള്‍ ഏറ്റുമുട്ടി ഓപ്പണ്‍ സ്‌റ്റേജ് പലപ്പോഴും യുദ്ധക്കളമായി .
കുരുത്തക്കേട് കൂടെപ്പിറപ്പായതിനാല്‍ ചിലപ്പോഴെങ്കിലും അത് പുറത്ത് ചാടി.

പിറ്റേന്ന് ലോക വിഡ്ഢിദിനം. 'ഇവിടമാണീശ്വര സന്നിധാനം ' എന്നെഴുതിയ വലിയ പ്ലക്കാഡ് വാര്‍ഡന്റെ സീറ്റില്‍ കുത്തി നിര്‍ത്തി. അസാമാന്യ വലിപ്പമുള്ള ഒരു തടിയന്‍ കായെ ഒരുക്കി സുന്ദരിയാക്കി വെപ്പുമുടിയൊക്കെ വെച്ച് ഒരു കണ്ണാടിയും ഫിറ്റ് ചെയ്ത് വാര്‍ഡന് കണികാണാനായ് കൊണ്ട് വെച്ചു. പടവലങ്ങ കുമ്പളങ്ങ തുടങ്ങി പച്ചമാങ്ങ വരെ അണിഞ്ഞൊരുങ്ങി ഓരോ സ്ഥലങ്ങളില്‍ ഇരിപ്പുറപ്പിച്ചു.ഉറങ്ങിക്കിടന്ന പലരും നല്ല ഒന്നാന്തരം കൊമ്പന്‍ മീശയും ഒക്കെ വെച്ചാണ് രാവിലെ ഉണര്‍ന്നത്. അകത്തു കയറാന്‍ കഴിയാതിരുന്ന റൂമിന്റെയെല്ലാം കതകില്‍ ചിത്രങ്ങളും വിവരണങ്ങളും പ്രത്യക്ഷപ്പെട്ടു.

ഹോസ്റ്റല്‍ ജീവിതത്തിലെ പ്രധാന ഭക്ഷണമായിരുന്നു ന്യൂഡില്‍സ്. പാചകത്തിനും ഞങ്ങളൊരു മാര്‍ഗ്ഗം കണ്ടിരുന്നു. മൂന്ന് നീളന്‍ സ്റ്റീല്‍ ഗ്ലാസ്സ് വെച്ച് അടുപ്പുണ്ടാക്കി നടുക്ക് വലിയ തടിയന്‍ മെഴുകുതിരി കത്തിച്ചു വെയ്ക്കും. അതിന് മുകളില്‍ കുറച്ച് പരന്ന പാത്രത്തില്‍ നൂഡില്‍സ് അടച്ചു വെച്ച് വേവിക്കും. .ഏതെങ്കിലും ഷെല്‍ഫിന്റെ മൂലയ്ക്ക് അതങ്ങനെ തിളച്ചു തിളച്ചിരിക്കും. വാര്‍ഡന്റെ വരവറിയിക്കാനായി ഇടനാഴിയില്‍ ഇരിക്കുന്നവരെ ചട്ടം കെട്ടും.കൃത്യമായിട്ട് ജോലി ചെയ്യുന്നവര്‍ക്ക് ഞങ്ങളുടെ വക ന്യൂഡില്‍സ് സമ്മാനം.

കുഞ്ഞുമറിയ എന്ന വാര്‍ഡന്‍ നല്‍കിയ ശ്രദ്ധ എത്ര വലുതായിരുന്നു എന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു. മൊബൈലുകള്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്ത് അഡ്രസ് വെറും പേപ്പറില്‍ എഴുതി വാങ്ങി പിരിയുമ്പോള്‍ എവിടെയെങ്കിലും വെച്ച് കാണാം എന്ന പ്രതീക്ഷകള്‍ മാത്രമായിരുന്നു ബാക്കി.

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

Follow Us:
Download App:
  • android
  • ios