ഇന്‍റര്‍നെറ്റ് ആരുടെയെങ്കിലും കുത്തകയാണോ?

അരുൺ രാജ് |  
Published : Jul 14, 2018, 04:28 PM ISTUpdated : Oct 04, 2018, 03:07 PM IST
ഇന്‍റര്‍നെറ്റ് ആരുടെയെങ്കിലും കുത്തകയാണോ?

Synopsis

 അരുൺ രാജ്  എഴുതുന്നു

മൂന്ന് വർഷത്തെ പഠനങ്ങൾക്കും  അഭിപ്രായ രൂപികരണത്തിനുമൊടുവിൽ ഇന്ത്യയിൽ നെറ്റ് ന്യൂട്രാലിറ്റി പ്രാവർത്തികമാകുകയാണ്. ലോകത്തിലെ എറ്റവും ശക്തമായ നെറ്റ് ന്യൂട്രാലിറ്റി നയം ഇന്ത്യയുടേതെന്നാണ് വിലയിരുത്തൽ. അപ്പോഴും സാധാരണക്കാരന്‍റെ സംശയം ബാക്കിയാകുകയാണ്, എന്താണ് നെറ്റ് ന്യൂട്രാലിറ്റി? അത് എങ്ങനെയാണ്  നമ്മളെ ബാധിക്കുന്നത്  

ഇന്‍റർനെറ്റ് ആരുടെയും കുത്തകയല്ല , അത് എല്ലാവരുടേതുമാണ്. നെറ്റ് വർ‍ക്കിനായുള്ള ഭൗതിക സൗകര്യങ്ങൾ  തയ്യാറാക്കിയെന്നത് കൊണ്ടു മാത്രം ഒരു സേവനദാതാവിനും ഇന്‍റർനെറ്റിൽ ഉപഭോക്താവിന് എന്തൊക്കെ കാണാമെന്നും കാണരുതെന്നും തീരുമാനിക്കാൻ അധികാരമില്ല.
ഇതാണ്  'ഇന്‍റർനെറ്റ് സമത്വം' അഥവാ നെറ്റ് ന്യൂട്രാലിറ്റിയുടെ അടിസ്ഥാന തത്വം.

മനസ്സിലായില്ലെങ്കിൽ ഒന്നു കൂടി സിംപിൾ ആക്കാം , അതായത് നിങ്ങൾ ഒരു അമ്യൂസ്മെന്‍റ് പാ‍ർക്കിൽ പോകുന്നു. അകത്തു കയറാൻ നിങ്ങൾ നൂറു രൂപ കൊടുക്കുന്നു. അകത്തു കടന്ന നിങ്ങൾ നീന്തൽക്കുളത്തിലേക്ക് ചാടാനൊരുങ്ങുമ്പോൾ ദാ വരുന്നു സെക്യൂരിറ്റി. നീന്തൽ കുളത്തിൽ ഇറങ്ങാൻ പ്രത്യേകം 50 രൂപ നൽകണം എന്നു പറഞ്ഞ്. കുളം വേണ്ടെന്ന് വച്ച് നിങ്ങൾ ഊഞ്ഞാൽ ആടാൻ ചെല്ലുന്നു. അവിടെയും വരുന്നു സെക്യൂരിറ്റി. ഇത്തവണ ചോദിച്ചത് പത്ത് രൂപ മനസില്ലാ മനസ്സോടെ അത് കൊടുത്ത് കയറി ഇരുന്നപ്പോൾ ആ‍ട്ടത്തിന് വേഗം പോര കാര്യം ചോദിച്ചപ്പോൾ പറയുന്നു വേഗം കൂട്ടാൻ വീണ്ടും വേണം പണമെന്ന്. അപ്പോൾ നിങ്ങൾ ആദ്യം കൊടുത്ത 100 രൂപയോ? അത് അകത്ത് കടക്കാൻ മാത്രം. ഈ ഒരവസ്ഥ  സൈബർ ലോകത്ത് നിങ്ങൾക്ക് ഉണ്ടാകാതിരിക്കുകയാണ് നെറ്റ് ന്യൂട്രാലിറ്റിയുടെ ലക്ഷ്യം.

നെറ്റ് റീച്ചാർജ് ചെയ്താൽ നിങ്ങൾക്ക് എല്ലാ സേവനങ്ങളും ഉപയോഗിക്കാൻ  പറ്റണം. വാട്സാപ്പിനോ യൂട്യൂബിനോ വിക്കിപീഡിയക്കോ ആയി പ്രത്യേകം പണം നൽകേണ്ടി വരരുത്. ആമസോണും ഫ്ലിപ്കാർട്ടും ഒരേ വേഗതയിൽ ലഭ്യമാകണം. ആമസോൺ ആമയും ഫ്ലിപ്കാർട്ട് പുലിയും ആകരുതെന്ന് ചുരുക്കം. ഒരു കമ്മ്യൂണിസ്റ്റ് ലൈനാണെന്ന്  വേണമെങ്കിൽ പറയാം. പക്ഷേ സംഭവം അത്ര സിംപിളല്ല. പ്രത്യേക സേവനങ്ങൾക്ക് കൂടുതൽ പണം ആവശ്യപ്പെടുന്നതും വേഗതയ്ക്കും മറ്റും നിയന്ത്രണമേർപ്പെടുത്തുന്നതും പോലെ  തന്നെ അപകടകരമാണ്   ചിലർക്ക്   മാത്രം  ഇളവുകൾ നൽകുന്നതും.

ഫ്രീ ബേസിക്സ് ഓർമ്മയുണ്ടോ ?

( INTERNET.ORG എന്ന  പേരിൽ തുടങ്ങിയ പിന്നീട് ഫ്രീ ബേസിക്സ് ആയി മാറിയ  ഫേസ്ബുക്ക്  ' വിപ്ലവം ')
ഫേസ്ബുക്കിന്‍റെ സൗജന്യ ഇന്‍റെർനെറ്റ് പദ്ധതിയായിരുന്നു ഫ്രീ ബേസിക്സ്. ഫേസ്ബുക്കും അവ‍ർ അനുവദിക്കുന്ന ചുരുക്കം ചില വെബ്സൈറ്റുകളും  സൗജന്യമായി കിട്ടും. റീചാർജ് ചെയ്യുകയേ വേണ്ട. ഇന്‍റർനെറ്റ് എന്നാൽ ഫേസ്ബുക്ക് വരയ്ക്കുന്ന ഇട്ടാവട്ടമാണെന്ന മിഥ്യാധാരണ സൃഷ്ടിക്കുകയായിരുന്നു ഫ്രീ ബേസിക്സിന്‍റെ ലക്ഷ്യം . പക്ഷേ, സംഭവം കുരുക്കാണെന്ന്  തിരിച്ചറിയാനായിടത്താണ് രാജ്യത്തിന്‍റെ വിജയം.   ഞങ്ങൾ പറയുന്നതിന് അപ്പുറം ഒന്നുമില്ല. ഞങ്ങൾ പറയുന്നത് മാത്രം സത്യം അതിനപ്പുറം യാതൊരു സാധ്യതയുമില്ല അവസരവുമില്ല.

അമേരിക്കയുൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ ഇന്‍റർനെറ്റ് തുല്യതയിൽ വ്യക്തമായ നിലപാടെടുക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് ഇന്ത്യ നയം രൂപീകരിക്കുന്നത്

ഈ മോഹന സുന്ദര വാഗ്ദാനങ്ങളോട് കടക്ക് പുറത്ത് പറയാൻ അന്ന് കാണിച്ച ധൈര്യമാണ്  ഇപ്പോൾ  ലോകത്തിലെ എറ്റവും മികച്ചതെന്ന് ലോക മാധ്യമങ്ങൾ വാഴ്ത്തി പാടുന്ന നെറ്റ് ന്യൂട്രാലിറ്റി നയത്തിലേക്ക് നമ്മെ നയിച്ചത്. ഫ്രീ ബേസിക്സും   എയർടെൽ സീറോയും   പോലുള്ള  പദ്ധതികൾ ഇന്‍റർനെറ്റിനെ കുത്തകവത്കരിക്കുമെന്ന പരാതികൾക്കിടെയായിരുന്നു ട്രായ് (ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ) നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് അഭിപ്രായ സർവ്വേ ആരംഭിച്ചത്. സേവ് ദ ഇന്‍റർനെറ്റ് .COM എന്ന വെബ്സൈറ്റ് വഴി സന്നദ്ധപ്രവർത്തകർ നടത്തിയ  ബോധവൽക്കരണ പ്രവർത്തനത്തിന്‍റെയും,   പൊതുജന അഭിപ്രായ രൂപികരണത്തിന്‍റെയും ഒക്കെ അവസാനം നെറ്റ് ന്യൂട്രാലിറ്റിയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ട്രായിയെ ബോധ്യപ്പെടുത്താനായി. എല്ലാത്തിനും ഒടുവിൽ കഴിഞ്ഞ നവംബറിലാണ് ട്രായ് അന്തിമ രൂപ രേഖ കേന്ദ്ര ടെലികോം മന്ത്രാലയത്തിന് കൈമാറുന്നത് . എട്ടു മാസത്തിന് ശേഷം, ടെലികോം സെക്രട്ടറി  അരുണ സുന്ദരരാജന്‍റെ  അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കരടിന് അംഗീകാരമായത്.  ഡ്രൈവറില്ലാ കാറുകൾ , ടെലി മെഡിസിൻ  , റിമോർട്ട് സർജറി തുടങ്ങിയ സേവനങ്ങൾക്ക് കൂടുതൽ വേഗത ആവശ്യമായതിനാൽ നയത്തിൽ ഇളവുകൾ നൽകും. അന്തിമമായ മാർഗനിർ‍ദേശങ്ങൾ താമസിയാതെ ടെലികോം മന്ത്രാലയം പുറത്തിറക്കും. വ്യവസ്ഥകൾ ലംഘിക്കുന്ന സേവനദാതാക്കൾക്ക് കനത്ത പിഴയൊടുക്കേണ്ടി വരും.  ലൈസൻസും നഷ്ടപ്പെടാം. അമേരിക്കയുൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ ഇന്‍റർനെറ്റ് തുല്യതയിൽ വ്യക്തമായ നിലപാടെടുക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് ഇന്ത്യ നയം രൂപീകരിക്കുന്നത്. അക്കാര്യത്തിൽ നമ്മുക്ക് അഭിമാനിക്കാം. 

പിൻ കുറിപ്പ് : ആളുകൾ എന്ത് കാണാം, കാണരുത് എന്ന് തീരുമാനിക്കാൻ സേവനദാതാക്കൾക്ക് അധികാരമില്ല. പക്ഷേ, ഗവർണമെന്‍റിന്  അത് തീരുമാനിക്കാം. കാർണോർക്കും എന്തുമാവാമല്ലോ...ഏത്?? 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ
സൗജന്യയാത്ര ചോദിച്ചതിന് ഇറ്റലിയിൽ ഇന്ത്യൻ യാത്രക്കാരന് നേരെ ലൈംഗിക പീഡനം; വീഡിയോ വൈറൽ