ആണസോസിയേഷനാകണോ  സി.പി.എം?

By വിഷ്ണുരാജ് തുവയൂര്‍First Published Jun 30, 2018, 3:12 PM IST
Highlights
  • എനിക്കും ചിലത് പറയാനുണ്ട്
  • വിഷ്ണുരാജ് തുവയൂര്‍ എഴുതുന്നു

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.


നിങ്ങള്‍ ഇരയോടൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന ഏറ്റവും പ്രസക്തമായ രാഷ്ട്രീയചോദ്യം പൊതുമണ്ഡലത്തില്‍ സജീവമാകുമ്പോഴാണ് 'അമ്മ'യെ സ്ത്രീസുരക്ഷയെന്ന പേരുപറഞ്ഞ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് സി പി എം സംസ്ഥാന കമ്മിറ്റിക്ക് തോന്നുന്നത്.

സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന, സ്ത്രീസുരക്ഷയാണ് മുഖ്യ അജന്‍ഡ എന്ന് പ്രചാരണം നടത്തി അധികാരത്തിലെത്തിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഏറ്റവും ജനാധിപത്യവിരുദ്ധമായ നിലപാട് ആണിത്. 

ചിലകാര്യങ്ങള്‍ പറയാതെ വയ്യ. 

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ കൊട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായി 87 ദിവസം ജയിലില്‍ കിടന്ന, വിചാരണനടപടികള്‍ നേരിട്ടിരുന്ന ദിലീപിനെ ആക്രമിക്കപ്പെട്ട നടിക്കൊപ്പം 'അമ്മ'യിലേക്ക് തിരികെയെടുത്ത നിലപാടിനോട് വിയോജിച്ചാണ് ഇരയായ നടി അടക്കം നാലുപേര്‍ സംഘടനയില്‍നിന്ന് രാജിവെച്ചത്.

നൂറ്റാണ്ടായി മലയാള ചലച്ചിത്രലോകം ജനാധിപത്യത്തിന്റെ സ്പര്‍ശമില്ലാതെയാണ് കഴിഞ്ഞിരുന്നത്. അവിടെയാണ് തങ്ങളുടെ അവസരവും പ്രശസ്തിയും സമ്പത്തും ഭീഷണിയുമൊന്നും കണക്കിലെടുക്കാതെ കുറച്ചു സ്ത്രീകള്‍ തങ്ങളുടെ തൊഴിലിടത്തെയും അതുവഴി സമൂഹത്തെയും ജനാധിപത്യവത്കരിക്കാന്‍ ശ്രമിക്കുന്നത്. അപ്പോഴാണ് സി പി എമ്മിനെ പോലൊരുരാഷ്ട്രീയപ്രസ്ഥാനം ഇമ്മാതിരി അബദ്ധവായനകളുമായെത്തുന്നത്.

നിവേദനം സമര്‍പ്പിക്കാന്‍ എത്തിയ WCC സംഘം മുഖ്യമന്ത്രിക്ക് ഒപ്പം 

 

വി.എസും പൊളിറ്റ്ബ്യൂറോ അംഗങ്ങളും കോണ്‍ഗ്രസും യുവജന സംഘടനകളുമടക്കം ജനാധിപത്യസമൂഹത്തെക്കുറിച്ചുള്ള പ്രാഥമികബോധ്യങ്ങളുള്ളവരൊക്കെ തന്നെ 'അമ്മ'യുടെ നിലപാട് ശരിയല്ലെന്ന് ഉറപ്പിച്ചപ്പോഴാണ്, തെരുവില്‍ പ്രതിഷേധം കനക്കുമ്പോഴാണ് ഭരണകൂടത്തിലെ മുഖ്യപങ്കാളിയുടെ സംസ്ഥാന സെക്രട്ടറിയുടെ ഈ നിലപാട് എന്നത് അംഗീകരിക്കാനാവില്ല. എന്തൊക്കെ ന്യായവാദങ്ങള്‍ നിരത്തിയാലും വ്യാഖ്യാനങ്ങള്‍ ചമച്ചാലും വേട്ടക്കാരനൊപ്പം ചേര്‍ന്ന് അയാള്‍ക്കും കൂട്ടാളികള്‍ക്കും ആത്മവിശ്വാസം നല്‍കുകയാണ് ഈ പ്രവൃത്തി.

അടിസ്ഥാനപരമായി ജാതിയും സമ്പത്തും അധികാരവും ആണത്തവും സ്വാഭാവികമായി ജനാധിപത്യവിരുദ്ധതയും ഭരണഘടനയായി സൂക്ഷിക്കുന്ന സംഘടനാരൂപമാണ് 'അമ്മ'യുടേത്. സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന വിപണിയുടെ, മൂലധനത്തിന്റെ ബോധ്യമാണവരെ നയിക്കുന്നത്. അവിടെ സ്ത്രീകള്‍ സുരക്ഷിതരേയല്ല. മലയാളസിനിമയുടെ ആദ്യനായിക പി.കെ. റോസി മുതലാരംഭിക്കുന്ന ആക്രമണങ്ങളുടെ പിന്തുടര്‍ച്ചയിലാണ് 2017 ഫെബ്രുവരി 17-ന് ആക്രമിക്കപ്പെട്ട നടിയും നിലനില്‍ക്കുന്നത്. നേരത്തെ പറഞ്ഞതുപോലെ, നൂറ്റാണ്ടായി തുടരുന്ന സ്ത്രീവിരുദ്ധതയുടെ അഴുക്കിടം. അവിടെയാണ് WCC യുടെ നേതൃത്വത്തില്‍ ആത്മവിശ്വാസത്തോടെയുള്ള വിയോജനങ്ങളുണ്ടാകുന്നത്.

അവര്‍ക്കൊപ്പം ചേര്‍ന്നില്ലെങ്കില്‍ വേണ്ട; ഒറ്റുകൊടുക്കരുത്. ദിലീപ്, ഇക്ക, ഏട്ടന്‍മാരുടെ ആണസോസിയേഷന്റെ ഭാഷയാകരുത് ജനാധിപത്യപ്രസ്ഥാനമെന്ന് സ്വയം കരുതുന്ന ഒരു പാര്‍ട്ടിയുടേത്.

നമ്മുടെ മിക്ക വിമര്‍ശനങ്ങളും വിയോജിപ്പുകളും സ്വന്തം തടിക്ക് കേടാവാതെയാണ് അധികംപേരും പ്രകടിപ്പിക്കുന്നത്. എന്നാല്‍, വലിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലപാടുതറ അതാകരുത്. ആധുനികകേരളം രൂപപ്പെടുത്തിയതില്‍, നിലനിര്‍ത്തുന്നതില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളോളം പങ്കാളിത്തം മറ്റാര്‍ക്കുമില്ല.


വുമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങളെ ഒന്നു പരിശോധിക്കൂ. 

ഈ വിഷയമുന്നയിച്ചശേഷം അവരിലെത്രപേര്‍ തൊഴിലിടങ്ങളിലുണ്ടായി? എത്ര സിനിമകളില്‍ നമ്മളവരെ കണ്ടു? പാര്‍വതിയുടെ 'മൈ സ്‌റ്റോറി' എന്ന സിനിമ പുറത്തിറക്കില്ലെന്ന ഭീഷണി ആണസോസിയേഷനിലെ ഒരുത്തന്‍ അവരുടെ പോസ്റ്റിനുകീഴെ കഴിഞ്ഞദിവസം കൂടി ആവര്‍ത്തിക്കുന്നത് കണ്ടു. പാര്‍വതി മാത്രമല്ല; റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, സജിതാ മഠത്തില്‍... ഓരോരുത്തരേയും നോക്കൂ. സ്വന്തം തൊഴിലിടങ്ങളില്‍നിന്ന് അവരെ പുറത്താക്കാന്‍ കൃത്യമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സംശയിക്കേണ്ടി/ഉറപ്പിക്കേണ്ടിയിരിക്കുന്നു. 

റിമാ കല്ലിങ്കല്‍

 

ഞാന്‍, എന്റെ ജോലി, കുടുംബം തുടങ്ങിയ വൈയക്തികാനുഭവങ്ങള്‍ക്കപ്പുറമാണ് അവര്‍ ഈ വിഷയത്തില്‍ പുലര്‍ത്തുന്ന ഉന്നതമായ ജനാധിപത്യബോധം.

ശ്വാസോച്ഛ്വാസത്തില്‍ പോലും സ്ത്രീവിരുദ്ധത ഉള്ളടങ്ങുന്ന സമൂഹമാണ് നമ്മുടേത്. ലോകമെമ്പാടും തൊഴിലിടങ്ങളിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരേ MeeToo, Timesup തുടങ്ങിയ ക്യാമ്പെയ്‌നുകളിലൂടെ പ്രതിരോധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് മലയാളത്തിലും ഇത്തരം ഏറ്റവും രാഷ്ര്ട്രീയജാഗ്രത നിറഞ്ഞ പോരാട്ടങ്ങള്‍ ഉണ്ടാകുന്നത്. അവയെ പരിഹസിച്ചൊതുക്കി, 'അമ്മ'യെ തകര്‍ക്കാനാണെന്നൊക്കെ വ്യാഖ്യാനിച്ച് പതിവുപോലെ ആണധികാര ആസനത്തിലെ ആലിന്‍ചുവട്ടില്‍ അമര്‍ന്നിരിക്കാമെന്ന് ഇനിയെങ്കിലും കരുതരുത്. ചുംബനസമരം പോലെ സമൂഹത്തെ ജനാധിപത്യവത്കരിക്കാന്‍ നടന്ന വലിയൊരു ശ്രമത്തെ 'മുറിയില്‍ ചെയ്യേണ്ടത് വഴിയില്‍ ചെയ്യരുത്' എന്ന് സദാചാരഭരണഘടനയിലെ ആമുഖവാക്യമെഴുതിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ മറ്റൊരു സെക്രട്ടറിയെന്നു മാത്രം. 

വി.എസ് ബേബി, ബൃന്ദാ കാരാട്ട് ജി. സുധാകരന്‍ എന്നിവരൊക്കെ ഈ വിഷയത്തില്‍ കൃത്യമായ നിലപാട് എടുത്തവരാണ്. അവര്‍ക്കൊന്നും ആ സംഘടനയെപ്പറ്റിയില്ലാത്ത ആകുലത കോടിയേരി ബാലകൃഷ്ണനുണ്ടെങ്കില്‍ പൊതുസമൂഹം അവര്‍ പിന്തുടരുന്ന നിലപാടുകളെ നിശ്ചയമായും സംശയിക്കേണ്ടതുണ്ട്.

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?

സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

 

click me!