
108 ദിവസമായി കോലാംലംപൂര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയിരിക്കുന്ന ഒരു സിറിയന്‍ അഭയാര്‍ത്ഥി ഹസന്‍. ഈ ജീവിതം തന്നെ വല്ലാത്തൊരവസ്ഥയിലെത്തിക്കുന്നുണ്ട്. പക്ഷെ, ഒരു ശുഭാപ്തി വിശ്വാസിയായതുകൊണ്ട് താന്‍ പിടിച്ചുനില്‍ക്കുന്നുവെന്നാണ് ഹസന്‍ പറയുന്നത്.
ഹസന്‍ സ്വന്തം ജീവിതം പറയുന്നത് ഇങ്ങനെയാണ്:
'എന്‍റെ പേര് ഹസന്‍ അല്‍ ഖന്തര്‍. ഞാന്‍ കോലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയിട്ട് 108 ദിവസമായി. ഞാനെന്‍റെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് പുസ്തകം വായിച്ചും നെറ്റ് ഉപയോഗിച്ചുമാണ്. അതാണീ ലോകവുമായി എന്നെ ചേര്‍ത്തുനിര്‍ത്തുന്നത്. എയര്‍ ഏഷ്യ എനിക്ക് മൂന്നുനേരം ഭക്ഷണം തരുന്നു. അതെന്‍റെ ജീവന്‍ നില നിര്‍ത്തുന്നു.
2011 ലാണ് എന്‍റെ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഞാന്‍ ജോലി ചെയ്യുന്നതും ജീവിക്കുന്നതും യുഎഇയിലായിരുന്നു. സിറിയന്‍ യുദ്ധം തുടങ്ങി. അതില്‍ പങ്കെടുക്കില്ലെന്ന നിലപാടായിരുന്നു എനിക്ക്. കാരണം ഞാന്‍ യുദ്ധത്തില്‍ വിശ്വസിക്കുന്നില്ല. അതോടെ സിറിയന്‍ ഗവണ്‍മെന്‍റ് എന്നെ പിടികൂടാനിരുന്നു. അതോടെ .യുഎഇയിലെ അധികൃതരെന്നെ സിറിയയിലേക്ക് തിരികെ അയക്കാനുള്ള നടപടി തുടങ്ങി. കുറേ ശ്രമങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കുമൊടുവില്‍ എന്നെ മലേഷ്യയിലേക്ക് അയച്ചു.
സിറിയനായിട്ടുള്ളവര്‍ക്ക് പ്രവേശിക്കുന്നതിനുള്ള വിസ നല്‍കുന്ന അപൂര്‍വം രാജ്യങ്ങളിലൊന്നായിരുന്നു മലേഷ്യ. പക്ഷെ, അഭയാര്‍ത്ഥികള്‍ക്ക് അപ്പോഴുമവര്‍ പ്രവേശനം നിഷേധിച്ചിരുന്നു. മൂന്നുമാസം ഞാന്‍ മലേഷ്യയില്‍ താമസിച്ചു. അഭയാര്‍ത്ഥിയായ എനിക്ക് ആ രാജ്യത്ത് താമസിക്കാന്‍ മാക്സിമം അനുവാദമുള്ള സമയം ആ മൂന്നുമാസമായിരുന്നു.
പിന്നെ, ഞാന്‍ വേറെ വഴി നോക്കി. അഭയാര്‍ത്ഥികള്‍ക്ക് വിസ വേണ്ടാത്ത കമ്പോഡിയ പോലുള്ള സ്ഥലങ്ങളിലേക്ക് പോകാനുള്ള ശ്രമം തുടങ്ങി. പക്ഷെ, ആ രാജ്യങ്ങളൊക്കെ എന്നെ തിരിച്ചയച്ചു. കാരണം സിറിയന്‍ അഭയാര്‍ത്ഥിയെന്നത് തന്നെയായിരുന്നു. കോലാലംപൂരിലെ ടര്‍ക്കിഷ് എയര്‍ലൈന്‍ എന്നെ കയറ്റേണ്ടതില്ലെന്ന് തീരുമാനിച്ചു. അപ്പോഴേക്കും എന്‍റെ പണവും തീര്‍ന്നിരുന്നു. അതുകൊണ്ടാണ് നിങ്ങളെന്നെ ഈ എയര്‍പോര്‍ട്ടില്‍ കാണുന്നത്. ഇവിടെ കുടുങ്ങിയിരിക്കുന്നു. അവരെന്നെ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. '
ഹസ്സന്‍ തന്‍റെ എയര്‍പോര്‍ട്ടിലെ ജീവിതം സോഷ്യല്‍മീഡിയ വഴി പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. അഭയത്തിനായി കാമ്പയിനും തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഈ ജീവിതം അയാളെ വല്ലാത്തൊരവസ്ഥയിലെത്തിക്കുന്നുണ്ട്. ഹസന്‍ പറയുന്നത്, താനൊരു ശുഭാപ്തി വിശ്വാസിയാണ്. അതുകൊണ്ട് മാത്രമാണ് തനിക്ക് വിഷാദം വരാത്തത് എന്നാണ്. എന്തെങ്കിലും പേഴ്സണല്‍ കാര്യങ്ങള്‍ കൊണ്ടല്ല രാജ്യങ്ങളെനിക്ക് പ്രവേശനം നിഷേധിക്കുന്നത്. ഞാനൊരു സിറിയനാണ് എന്നതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
ആക്ടിവിസ്റ്റുകള്‍ ഹസന് വേണ്ടി കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. ഹസനെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 17,000 തവണ ഒപ്പിട്ട അപേക്ഷ കനേഡിയന്‍ സര്‍ക്കാരിന് പോയ്ക്കഴിഞ്ഞു.
മഹത്വം, മനുഷ്യാവകാശം, സ്നേഹം, സമാധാനം ഇത്രമാത്രമേ ഞാനാഗ്രഹിക്കുന്നുള്ളൂ. പിന്നെ, ജോലി ചെയ്യാനൊരു സ്ഥലവും. നിയമപരമായത് മാത്രം മതി തനിക്ക്. ഹസ്സന്‍ പറയുന്നു.
ബിബിസി പ്രസിദ്ധീകരിച്ച വീഡിയോ കാണാം:
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.