ആരും കാണാത്ത റഷ്യന്‍ അധോലോകം; വളര്‍ച്ചയും തളര്‍ച്ചയും

Web Desk   | others
Published : Mar 01, 2020, 03:38 PM IST
ആരും കാണാത്ത റഷ്യന്‍ അധോലോകം; വളര്‍ച്ചയും തളര്‍ച്ചയും

Synopsis

അവർ തന്നെ വിധികർത്താക്കളും, സമുദായ നേതാക്കളും, ക്രിമിനൽ ലോകത്തെ മഹാപുരോഹിതന്മാരുമായി മാറിയ കാലമായിരുന്നു അത്. അധോലോക നേതാക്കളല്ല, തർക്കങ്ങൾ പരിഹരിക്കാനും നിയമം നിരാകരിക്കാനും കഴിയുന്ന തരത്തിലുള്ള ശക്തരായി അവർ വളർന്നു.

റഷ്യയിൽ സ്പെഷ്യലൈസ് ചെയ്‍ത പ്രശസ്‍ത വിശകലന വിദഗ്ധനും പ്രാഗിലെ ഒരു അന്താരാഷ്ട്ര സ്ഥാപനത്തിലെ ഗവേഷകനുമാണ് മാർക്ക് ഗാലിയോട്ടി. പ്രശസ്ത ബ്രിട്ടീഷ്, യുഎസ് സർവ്വകലാശാലകളിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം എം‌ജി‌എം‌ഒ -യിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ 25 വർഷമായി ഗാലിയോട്ടി, റഷ്യയിലെ സംഘടിത കുറ്റകൃത്യങ്ങൾ പഠിക്കുകയാണ്. വിശദമായ ഗവേഷണത്തെ അടിസ്ഥാനമാക്കി അദ്ദേഹം 'വോറി' എന്ന പ്രബന്ധവും തയ്യാറാക്കിയിട്ടുണ്ട്. വോറി എന്നാൽ കള്ളൻ എന്നാണ് അർത്ഥം. ആ പ്രബന്ധത്തിൽ റഷ്യൻ സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ച് വിവരിക്കുകയും, അത് റഷ്യയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

'വൊറോവ്സ്‌കോയ് മിർ' അഥവാ 'കള്ളന്മാരുടെ ലോകം' എന്നറിയപ്പെടുന്ന ഒരു അധോലോക സംസ്‍കാരം പണ്ടുമുതലേ റഷ്യയിൽ ഉണ്ടായിരുന്നു. പച്ചകുത്തിയ, സ്വന്തമായി ഒരു സംസാര ശൈലിയുമുള്ളവരായിരുന്നു അവർ. എന്നാൽ, അവരെ നിയന്ത്രിക്കാൻ സോവിയറ്റ് യൂണിയന്റെ ഏകാധിപതിയായി ജോസഫ് സ്റ്റാലിന്റെ ദീർഘകാല ഭരണകാലത്ത് ശ്രമങ്ങൾ നടന്നിരുന്നു. ഇതിനായി നിർബന്ധിത ലേബർ ക്യാമ്പുകൾ സ്റ്റാലിന്‍ സ്ഥാപിക്കുകയുണ്ടായി. ചരിത്രത്തിലുടനീളം 18 ദശലക്ഷം ആളുകളെ തടവിലാക്കിയ കുപ്രസിദ്ധമായ ആ ജയിലുകൾ 1920 മുതൽ 1953 -ൽ സ്റ്റാലിന്റെ മരണത്തിന് തൊട്ടുപിന്നാലെ വരെ പ്രവർത്തിച്ചിരുന്നു. സ്റ്റാലിൻ കുറ്റവാളികളുമായി ഒരു കരാറിൽ ഏർപ്പെട്ടു. ഭരണകൂടവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടുകളും, കൊടും പീഡനങ്ങളും ഇല്ലാത്ത, എളുപ്പമുള്ള ഒരു ജീവിതം ലഭിക്കും എന്നതായിരുന്നു അത്. വൃത്തിഹീനമായ അവിടെ കിടന്ന് പട്ടിണി, അസുഖം, പീഡനം, എന്നിവ മൂലം ലക്ഷകണക്കിന് കുറ്റവാളികളാണ് മരണപ്പെട്ടത്.  

റഷ്യൻ വിപ്ലവത്തിന് മുമ്പ് ഗുണ്ടാസംഘങ്ങളുമായി സ്റ്റാലിൻ അടുത്ത് പ്രവർത്തിച്ചിരുന്നു. അവരെ ഉപയോഗിച്ച് സ്റ്റാലിൻ, ബാങ്ക് റെയ്ഡുകൾ സംഘടിപ്പിക്കുകയും ബോൾഷെവിക് വിപ്ലവകാരികൾക്കായി പണം സ്വരൂപിക്കാൻ കടൽക്കൊള്ള നടത്തുകയും ചെയ്തിരുന്നു. ജയിലിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വരുന്ന രാഷ്ട്രീയ തടവുകാരെ പണിയെടുപ്പിക്കാൻ സുരക്ഷാ ഗാർഡുകളായി ഗുണ്ടകളെ നിയമിച്ചിരുന്നു. എന്നാൽ സ്വാഭാവികമായും അധികാരികളുമായി സഹകരിക്കാൻ പാരമ്പര്യ ഗുണ്ടകൾ ശ്രമിച്ചില്ല. കാരണം ഭരണാധികാരികൾ അവരുടെ എക്കാലത്തെയും ശത്രുക്കളാണല്ലോ!

എന്നാൽ ഇത് ഒരു നല്ല ഇടപാടാണെന്ന് കരുതിയ ധാരാളം ആളുകളും അവർക്കിടയിൽ ഉണ്ടായിരുന്നു. അവർ പാരമ്പര്യവാദികളുടെ കണ്ണിൽ ബിച്ചുകൾ എന്ന് വിളിക്കപ്പെട്ടു. 1930 -കളിലും 40 -കളുടെ ആദ്യ പകുതിയിലും അങ്ങനെ രണ്ടുതരം വ്യത്യസ്‍ത ക്രിമിനൽ ഗ്രൂപ്പുകൾ ഉടലെടുത്തു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. കൂടുതൽ തടവുകാർ ഗുലാഗുകളിൽ നിറയാൻ തുടങ്ങി. 1953 -ൽ സ്റ്റാലിൻ മരിച്ചു, ഗുലാഗുകൾ തുറന്നു. ഈ കുറ്റവാളികളെല്ലാം പുറത്തുവരുന്നു. ഈ പുതിയ കുറ്റവാളികൾ സോവിയറ്റ് അധോലോകത്തിന്റെ ബാക്കി ഭാഗങ്ങൾ കീഴടക്കി. 'വൊറോവ്സ്‌കോയ് മിറി'ന്റെ ഒരു പുതിയ സംസ്കാരമായിരുന്നു അത്. "ഞങ്ങൾ ഗുണ്ടാസംഘങ്ങൾ, കഠിന ഹൃദയർ, ഞങ്ങൾക്ക് ഞങ്ങളുടേതായ സംസ്കാരവും കോഡും ഉണ്ട്. ഞങ്ങളുടെ താൽപ്പര്യങ്ങൾക്കനുസൃതമായി സഹകരിക്കേണ്ടതാണ്" അവർ പറഞ്ഞു.

അവർ തന്നെ വിധികർത്താക്കളും, സമുദായ നേതാക്കളും, ക്രിമിനൽ ലോകത്തെ മഹാപുരോഹിതന്മാരുമായി മാറിയ കാലമായിരുന്നു അത്. അധോലോക നേതാക്കളല്ല, തർക്കങ്ങൾ പരിഹരിക്കാനും നിയമം നിരാകരിക്കാനും കഴിയുന്ന തരത്തിലുള്ള ശക്തരായി അവർ വളർന്നു. അപ്പോഴാണ് യു എസ് എസ് ആറിന്റെ പതനം. ആ കാലത്ത് ഒരു പുതിയ റഷ്യ ജന്മമെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആധിപത്യമുള്ള ഒരു റഷ്യ. മുതലാളിത്തത്തിന്റെ പിടിയിൽനിന്ന് ഒരു ജനാധിപത്യ രാജ്യമായി അത് വളർന്ന കാലം. പഴയ നിയമങ്ങളെല്ലാം അപ്രസക്തമായി അപ്പോൾ. എന്നാൽ, കുറ്റവാളികൾക്ക് ഇത് ഒരു വലിയ അവസരമായിരുന്നു. മറ്റാരെങ്കിലും പിടിച്ചടക്കുന്നതിന് മുമ്പ് എല്ലാ ഗുണ്ടാസംഘങ്ങളും തങ്ങളാലാവുന്നതെല്ലാം രണ്ടു കൈകൊണ്ടും പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. അധികാരത്തിനുള്ള യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലം.

സംവിധാനങ്ങൾ താറുമാറായ ആ സമയത്ത്, ഒരു ഡസനോ അതിൽ കൂടുതലോ ക്രിമിനൽ സഖ്യങ്ങളുണ്ടായി. തങ്ങളെ വരേണ്യവർഗമായി അവർ കരുതി, അവർക്ക് ധാരാളം പണവും അധികാരവുമുണ്ടായിരുന്നു. 1990 -കളിൽ പുതിയ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവരായിരുന്നു വോറി. മോഷണം അവിടെ നിത്യസംഭവമായി. സാധാരണ കാണുന്ന മോഷണമല്ല, സർക്കാർ കരാറുകളിലൂടെയും അഴിമതി നിറഞ്ഞ ഡീലുകളിലൂടെയുമാണ് അവർ ഇത് പ്രാവർത്തികമാക്കിയത്.

റഷ്യയിലെ ജനങ്ങൾ ഏതുവിധേനയും പണമുണ്ടാക്കാൻ മുന്നോട്ടുവന്നു. ജനക്കൂട്ടത്തിനിടയിൽ ഒരു പുതിയ മുതലാളിത്ത വ്യവസ്ഥിതി ഉയർന്നുവന്നു. നിയമങ്ങളെ മറന്ന് അവർ പണത്തെക്കുറിച്ച് മാത്രം ശ്രദ്ധാലുക്കളായി. ഇതിനായി ഏത് ക്രിമിനൽ രീതികളും പരീക്ഷിക്കാനും അവർ മുതിർന്നു. റഷ്യയിലെ ബിസിനസ്സ് തന്ത്രങ്ങളായി ബ്ലാക്ക് മെയിൽ, കൊള്ളയടിക്കൽ തുടങ്ങിയവ തഴച്ചു വളർന്നു. 

1990 -കളുടെ മധ്യത്തിൽ വ്ലാഡ്മിർ പുടിൻ സെന്റ് പീറ്റേഴ്‌സ്ബർഗിലെ മേയറുടെ ഡെപ്യൂട്ടി ആയിരുന്നപ്പോൾ, വിദേശികളോ ബിസിനസുകാരോ സംഘടിത കുറ്റകൃത്യങ്ങളോ ആകട്ടെ, സംസാരിക്കേണ്ട എല്ലാവരുമായും ബന്ധം പുലർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി. നഗരം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. നൈറ്റ് ഗവർണർ എന്നറിയപ്പെട്ടിരുന്ന വ്‌ളാഡിമിർ, എസ്. ബർസുകോവുമായി ആശയവിനിമയം നടത്തിയിരുന്നു. ഒരു ക്രിമിനൽ ഗാങ്ങിന്റെ നേതാവായിരുന്നു ബർസുകോവ്. പുടിന്റെ കരിയർ അവിടെ നിന്നും ആരംഭിച്ചു. താമസിയാതെ അദ്ദേഹം പ്രധാനമന്ത്രിയായി, തുടർന്ന് പ്രസിഡന്റായി.

ഒരു നിശ്ചിത ഘട്ടത്തിനുശേഷം, പുടിനെ നാണക്കേടുണ്ടാക്കും വിധം ബര്‍സുകോവ് എന്ന ക്രിമിനലുമായുള്ള ബന്ധം പുറത്തറിയാൻ തുടങ്ങി. അങ്ങനെ 2007 -ൽ റഷ്യ ബർസുകോവിനെ പിടികൂടാനുള്ള ഒരു പൂർണസൈനിക നടപടി ആരംഭിച്ചു. തുടർന്ന് അവർ അയാളെ തിരികെ മോസ്കോയിലേക്ക് വിമാനം കയറ്റി. ഇതിലൂടെ 'നിങ്ങൾ എത്ര വലിയവനാണെങ്കിലും ശരി, സംസ്ഥാനത്തിന് ആരെയും താഴെയിറക്കാൻ കഴിയും' എന്ന് പുടിൻ പറയാതെ പറഞ്ഞു. ലോക രാഷ്ട്രീയത്തിലും ആഗോള സാമ്പത്തിക ശാസ്ത്രത്തിലും റഷ്യ ഗൗരവമുള്ള കളിക്കാരനായി തീർന്നത് ഇങ്ങനെയാണ്. റഷ്യയ്ക്ക് മറ്റ് രാജ്യങ്ങളെ സ്വന്തം രീതികളിലൂടെ സ്വാധീനിക്കാൻ കഴിയും. പുടിൻ പടിഞ്ഞാറുമായി ഇത്തരത്തിലുള്ള രാഷ്ട്രീയ യുദ്ധത്തിൽ ഏർപ്പെടുന്നു. പടിഞ്ഞാറിനെതിരെ റഷ്യൻ സംഘടിത കുറ്റകൃത്യങ്ങളെ ആയുധമാക്കാൻ അദ്ദേഹം ശ്രമിക്കുന്നു. റഷ്യൻ ആസ്ഥാനമായുള്ള സംഘടിത ക്രൈം ഗ്രൂപ്പുകൾ പുടിന്റെ ശത്രുക്കളെ കൊല്ലാനും, രഹസ്യാന്വേഷണത്തിനും, ചാരന്മാരെ ബോർഡറുകളിലേയ്ക്ക് അയക്കാനും, പുടിന് പണം സ്വരൂപിക്കാനും ഒക്കെ അദ്ദേഹത്തെ സഹായിക്കുന്നു.

ഇതെല്ലാം ഗുരുതരമായ പ്രശ്‌നങ്ങളാണ്, പക്ഷേ ഇപ്പോൾ റഷ്യ അൽപ്പം പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. റഷ്യയ്ക്കുള്ളിൽ മാറ്റങ്ങളുടെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. അഴിമതിയിൽ തളർന്ന ഒരു ജനതയെയും, ഗുണ്ടാസംഘങ്ങളെ മറികടന്ന് വളരുന്ന ഒരു വരേണ്യ ജനവിഭാഗത്തെയും റഷ്യയിൽ നിങ്ങൾക്ക് ഇപ്പോൾ കാണാം. പുടിൻ ഭരണത്തിൽ ആയിരിക്കുമ്പോൾ തന്നെ ഇത് മാറുമെന്ന് കരുതുന്നില്ല. പക്ഷേ, പുടിൻ പോയതിനുശേഷം, അത് രണ്ട് വർഷമോ ആറോ വർഷമോ അതിൽ കൂടുതലോ ആകാം, അത് സംഭവിക്കും. റഷ്യയിലെ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ ഒരു തരം മന്ദഗതിയിലുള്ള പോരാട്ടം ഇപ്പോൾ അവിടെ കാണാം.  

(ഗാലിയോട്ടിയുമായുള്ള ഒരു സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇത്. ) 

PREV
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം