
രണ്ട് സഹോദരിമാര്‍. രണ്ടുപേരെയും ചെറുപ്പത്തിലേ രണ്ട് കുടുംബങ്ങള്‍ ദത്തെടുത്തു. അതിലൊരാള്‍ക്ക് തനിക്ക് സഹോദരിയുണ്ടെന്നേ അറിയില്ല. മറ്റൊരാളാവട്ടെ സഹോദരിയെത്തേടി കുറേനടന്നു. ഒടുവില്‍, പ്രതീക്ഷകളൊക്കെ അസ്തമിച്ചപ്പോള്‍ സഹോദരി അപ്രതീക്ഷിതമായി അവള്‍ക്ക് തൊട്ടരികിലെത്തി.
ഹിലാരി ഹാരിസ് ശിശുവായിരിക്കുമ്പോള്‍ ദത്തെടുക്കപ്പെട്ടവളാണ്. മുതിര്‍ന്നു കഴിഞ്ഞപ്പോള്‍ അവള്‍ സ്വന്തം കുടുംബത്തിനെ അന്വേഷിച്ചു തുടങ്ങി. കുറേ വര്‍ഷം ആ അന്വേഷണം തുടര്‍ന്നു. അവള്‍ക്കൊരു പാതി സഹോദരിയുണ്ടെന്ന് തിരിച്ചറിഞ്ഞു. സഹോദരിയുടെ പേരും ദത്തെടുക്കുമ്പോഴുള്ള രേഖകളില്‍ നിന്നും കണ്ടെത്തി. പക്ഷെ, അവളെ മാത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
പേര് കണ്ടുപിടിച്ച ദിവസം രാത്രി അവള്‍ ഫേസ് ബുക്കിലെല്ലാം പരതി. ഡാന്‍ ജോണ്‍സണ്‍. ഒരായിരം ഡാന്‍ ജോണ്‍സണ്‍ അതില്‍ നിറഞ്ഞു. ഓരോരുത്തരുടേയും മുഖം നോക്കി. തന്റെ മുഖവുമായി ചെറുതെങ്കിലും സാമ്യമുള്ള ഏതെങ്കിലും മുഖമുണ്ടോ?
കഴിഞ്ഞ വര്‍ഷമാണ്, ഒരു ദിവസം പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നു. ഹാരിസും ഭര്‍ത്താവും താമസിക്കുന്ന വീടിന് സമീപത്തുള്ള വീട്ടില്‍ പുതിയ ദമ്പതിമാര്‍ താമസിനെത്തി. അവളുടെ പേര് ഡാന്‍ എന്നായിരുന്നു. അവള്‍ ഗ്രീന്‍വുഡില്‍ നിന്നുള്ളതായിരുന്നു. ദത്തെടുത്ത സമയത്തെ രേഖകളിലുണ്ടായിരുന്ന അതേ സ്ഥലം. ഹാരിസ് ഭര്‍ത്താവിന്റെ അടുത്തേക്ക് ഓടിച്ചെന്നു. അയാളും വര്‍ഷങ്ങളോളം അവളുടെ സഹോദരിയെ തേടിയുള്ള യാത്രയില്‍ കൂടെയുണ്ടായിരുന്നു.
'അവളുടെ പേര് ഡാന്‍ എന്നാണ് ലാന്‍സ്. അവള്‍ ഗ്രീന്‍വുഡില്‍ നിന്നാണ്' അവള്‍ ആര്‍ത്തുവിളിച്ചു. പക്ഷെ, യാതൊരു സാധ്യതയുമില്ല. കാരണം ഡാനിന്റെ മുഴുവന്‍ പേര് എന്താണെന്ന് അവള്‍ക്കറിയില്ല. ഒരേ വഴിയില്‍ക്കൂടിയാണ് രണ്ട് വീടുകളിലേക്കും പോകേണ്ടതെന്നതിനാല്‍ അവര്‍ക്കിടയിക്ക് പരസ്പരം കണ്ടിരുന്നു. ഹാരിസ്, ഡാനിനെയും ഭര്‍ത്താവിനെയും കണ്ടിരുന്നു ഇടയ്‌ക്കൊക്കെ. പക്ഷെ, ഹാരിസ് ഒരല്‍പം മിണ്ടാന്‍ മടിയുള്ളവളായതിനാല്‍ പുതിയ അയല്‍ക്കാരോട് മിണ്ടാന്‍ പോയില്ല. ഡാന്‍ ആകട്ടെ അവളേക്കാള്‍ പ്രായം കൂടിയവളുമായിരുന്നു. ഹാരിസിന് 31 ഉം ഡാനിന് 50 ആയിരുന്നു പ്രായം.
'ഞാനെപ്പോഴും അവളെ നോക്കിയിരുന്നു. അതവള്‍ തന്നെയാകുമോ എന്ന് സംശയിച്ചിരുന്നു. പക്ഷെ, ഒരിക്കല്‍ പോലും നേരിട്ടത് ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല. എട്ട് മാസം അങ്ങനെ ഒന്നും മിണ്ടാതെ കടന്നുപോയി. ഇടയ്‌ക്കൊക്കെ പരസ്പരം അവിചാരിതമായി കാണുമ്പോല്‍ ഹായ് എന്നുമാത്രം പറഞ്ഞു.' ഹാരിസ് പറയുന്നു.
അങ്ങനെ, കഴിഞ്ഞ ആഗസ്തില്‍ രണ്ടുപേര്‍ക്കും ഒരേ സമയം കൊറിയര്‍ വന്നു. അത് സ്വീകരിക്കുമ്പോഴാണ് അയല്‍ക്കാരിക്ക് വന്ന കവറിനു മുകളിലെഴുതിയിരിക്കുന്ന പേര് ഹാരിസ് കണ്ടത്. ജോണ്‍സണ്‍. അവളുടെ അയല്‍ക്കാരിയുടെ പേര് 'ഡാന്‍ ജോണ്‍സണ്‍' എന്നാണ്.
ഹാരിസിന് ശബ്ദമില്ലാതായിപ്പോയി. ഹാരിസ് നേരെ ഭര്‍ത്താവിന്റെ അടുത്തേക്ക് ഓടിച്ചെന്നു. 'അവളുടെ പേര് ഡാന്‍ ജോണ്‍സണ്‍ എന്നാണ്. ഇതവള്‍ തന്നെയായിരിക്കും.' ഭര്‍ത്താവും പറഞ്ഞു. അവളുടെ അടുത്തേക്ക് പോകാനുള്ള സമയം ഇത് തന്നെയാണ്. പക്ഷെ, കാര്യങ്ങളൊന്നു കൂടി പരിശോധിക്കണം. ദത്ത് രേഖകളില്‍ രണ്ടുപേരുടെയും അച്ഛന്റെ പേര് ഒന്നാണ്. അയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയിരുന്നു. ഹാരിസ് അയാളെ കണ്ടതേയില്ലായിരുന്നു.
ഇല്ല ഞാനവരോട് ഒന്നും ചോദിക്കുന്നില്ലെന്ന് ഹാരിസ് പറഞ്ഞു. അവരത് നിഷേധിക്കുമെന്നും തന്നെ അവഗണിക്കുമെന്നും ഭയന്നിട്ടായിരുന്നു അത്. ലാന്‍സ് പറഞ്ഞു, നീയത് ചോദിക്കുന്നില്ലെങ്കില്‍, ഞാനിപ്പോള്‍ പോയി അത് ചോദിക്കും. അങ്ങനെ അന്ന് വൈകുന്നേരം അവര്‍ അയല്‍ക്കാരെ കാണാന്‍ പോയി. ഹാരിസ് ഡാനിനെ കണ്ണെടുക്കാതെ നോക്കി. അവള്‍ക്ക് ചുരുണ്ട മുടിയായിരുന്നു. ഹാരിസിനുമതേ. എനിക്ക് പുരുഷന്മാരുടേത് പോലെ വലിയ കൈകളായിരുന്നു അവള്‍ക്കുമതേയെന്നാണ് ഹാരിസ് പറഞ്ഞത്.
താന്‍ അവരോട് ചോദിക്കാനുള്ള കാര്യം ചോദിക്കാത്തതില്‍ ഭര്‍ത്താവിന് ദേഷ്യം വരുന്നുണ്ടാകുമെന്ന് ഹാരിസിന് തോന്നി. കുറച്ചുനേരം സംസാരിച്ച ശേഷം അവര്‍ 'ഗുഡ്‌ബൈ' പറഞ്ഞു പിരിയുകയും ചെയ്തു. കാരണം, അവരെവിടെയോ പോകാനിറങ്ങുകയായിരുന്നു. ഹാരിസ് തന്നെത്തന്നെ നോക്കുന്നത് കണ്ട ഡാന്‍ ഇവരെന്തിനാണ് തന്നെയിങ്ങനെ നോക്കുന്നതെന്ന് അദ്ഭുതപ്പെട്ടിരുന്നുവെന്ന് പിന്നീട് പറഞ്ഞിരുന്നുവേ്രത.
കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം തന്റെ വിറയല്‍ നിന്നപ്പോള്‍ ഹാരിസ് ആദ്യമായി ഡാനിന് മെസ്സേജയച്ചു. '1983ല്‍, ലോയല്‍ കോര്‍ണ്‍ ഫെസ്റ്റ് ക്വീനില്‍ എവിടെയായിരുന്നു ' എന്നതായിരുന്നു മെസ്സേജ്. തന്റെ അച്ഛന്‍ അവിടെയായിരുന്നുവെന്നും മറ്റും അവള്‍ ദത്ത് രേഖകളില്‍ നിന്നും മനസിലാക്കിയിരുന്നു. അയാളുടെ പേര് വെയ്ന്‍ ക്ലോസ് എന്നായിരുന്നു.
ഡാനിന്റെ മറുപടി: 'ലോല്‍, നിങ്ങളെന്താണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചതെ'ന്നായിരുന്നു.
എന്നാല്‍ ഹാരിസ് വീണ്ടും ചോദിച്ചു. നിങ്ങളുടെ അച്ഛന്റെ പേരെന്താണ്.
ഡാനിന്റെ മറുപടി വന്നു, 'വെയ്ന്‍ ക്ലോസ്. പക്ഷെ, 2010ല്‍ അദ്ദേഹം മരിച്ചുപോയി.'
തന്റെ അന്വേഷണം പൂര്‍ത്തിയായി എന്ന് ഹാരിസിനു മനസിലായി. ലാന്‍സും അവളും കരഞ്ഞു. ഡാനിനാകട്ടെ തനിക്കൊരു സഹോദരിയുണ്ടെന്നുള്ള കാര്യം പോലുമറിയില്ലായിരുന്നു. വളര്‍ന്നതെല്ലാം വളര്‍ത്തച്ഛന്റെയും അമ്മയുടേയും കൂടെയാണ്.
ഹാരിസ് ഉടനെ തന്നെ ഡാനിനെ വിളിച്ചു നേരെ പറഞ്ഞു, 'നമ്മള്‍ രണ്ടും സഹോദരിമാരാണ്.' അന്നുരാത്രി മണിക്കൂറുകളോളം അവര്‍ ഫോണില്‍ സംസാരിക്കുകയും കരയുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഡാന്‍ നേരെ ഹാരിസിന്റെ വീട്ടിലെത്തി. കയ്യിലൊരു ബൊക്കയുമുണ്ടായിരുന്നു. കൂടാതെ, അച്ഛന്റെ കയ്യിലുണ്ടായിരുന്ന പഴയൊരു ഫോട്ടോയും. ഹാരിസ് വാതില്‍ തുറന്നയുടന്‍ ജോണ്‍സണ്‍ പറഞ്ഞു, 'ഹായ് സഹോദരി.'
പിന്നീടവര്‍ പിരിഞ്ഞിട്ടേയില്ല. അവള്‍ അത്രയേറെ സ്‌നേഹവതിയാണ് ഹാരിസ് ഡാനിനെ കുറിച്ച് പറഞ്ഞു.
ഹാരിസ് ഇപ്പോള്‍ ഹാപ്പിയാണ് ഡാനും. ഹാരിസ് പറയുന്നത്. തനിക്കൊരു ചേച്ചിയെ മാത്രമല്ല അമ്മയേയും കിട്ടി. തന്റെ മകള്‍ക്കൊരു മുത്തശ്ശിയേയും. മകളെയും ഡാനിനെയും കണ്ടാല്‍ തന്നേക്കാള്‍ മകള്‍ക്ക് ഛായ അവളുടെ ആന്റിയോടാണെന്നാണ് പലരും പറയുന്നത്. തങ്ങളുടെ ഈ കഥ എല്ലാവരോടും പങ്കുവയ്ക്കുന്നത് ഇതത്രയും സ്‌നേഹവും സന്തോഷവും നിറഞ്ഞ കഥയായതുകൊണ്ടാണെന്നും ഹാരിസ് പറയുന്നു.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.