
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദയിൽ പല തരത്തിലുള്ള സ്ഥാനാർത്ഥികളെ പരീക്ഷിക്കുകയാണ് മുന്നണികൾ. യുവാക്കളേയും യുവതികളേയും മത്സരരംഗത്ത് സജീവമാക്കുന്നതിനൊപ്പം തന്നെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരും അക്കൂട്ടത്തിലുണ്ട്. അതിൽ കലാകാരികളും എഴുത്തുകാരുമുണ്ട്. അങ്ങനെയൊരാളാണ് വയനാട്ടിലെ തവിഞ്ഞാൽ ഡിവിഷനിൽ മത്സരരംഗത്തുള്ള റഹീമ വാളാട്. തെരഞ്ഞെടുപ്പിനെ കുറിച്ചും മത്സരരംഗത്തെത്തിയതിനെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയാണ് റഹീമ വാളാട്.
1. തവിഞ്ഞാൽ- അല്ലേ മത്സരിക്കുന്നത്. നേരത്തെ എഴുത്തുകാരി എന്ന നിലയിൽ പേരെടുത്തിട്ടുണ്ട്. എന്നാൽ രാഷ്ട്രീയപരമായി എന്തെങ്കിലും പാരമ്പര്യം ഉണ്ടോ?
ഞാൻ പാർട്ടി അംഗത്വമുള്ളയാളാണ്. ഉപ്പ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കുടുംബത്തിലും വിവിധ രാഷ്ട്രീയ പാർട്ടികളിൽ അംഗങ്ങളായവരുണ്ട്. എല്ലാവരുമായും ചെറുപ്പം മുതലേ ഇടപെട്ടുവരുന്നുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രവർത്തനം എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല.
2. എങ്ങനെയാണ് രാഷ്ട്രീയത്തിൻ്റെ ഭാഗമായത്?
രാഷ്ട്രീയത്തിൻ്റെ ഭാഗമാവുന്നത് ഒരു പ്രത്യേക സന്ദർഭത്തിൽ ഒന്നുമല്ല. എന്നെ സംബന്ധിച്ച് വളർന്നുവന്ന ശീലങ്ങളിൽ ഒന്ന് തന്നെയായിരുന്നു രാഷ്ട്രീയ പ്രവർത്തനം എന്നത്. നാട്ടിൽ ആണെങ്കിൽ ആളുകളുടെ പ്രശ്നത്തിലും ബുദ്ധിമുട്ടുകളിലും നിരന്തരം ഇടപെടുന്ന പാർട്ടി സഖാക്കൾക്കൊപ്പം ഞാനും ഇടപെടാറുണ്ട്. ഇനി ക്യാമ്പസ്സിലേക്ക് വരികയാണെങ്കിൽ എസ്എഫ്ഐ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം, വിവിധ വിദ്യാർത്ഥി പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇടത് രാഷ്ട്രീയത്തിൻ്റെ ഭാഗമായത്.
3. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എങ്ങനെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഉദ്ദേശിക്കുന്നത്?
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്, എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് എന്നല്ല, ഇനി ആര് ഭരിക്കുമെന്നത് നമ്മുടെ മുന്നിൽ ചോദ്യങ്ങളാണ്. അതിനെയെല്ലാം പാർട്ടി കാണുന്നത് പോലെ വളരെ പോസിറ്റീവായാണ് കാണുന്നത്. ആര് ഭരിച്ചാലും മുന്നിൽ നിൽക്കുന്ന അവസാനത്തെ മനുഷ്യനേയും കേൾക്കാൻ കഴിയണമെന്ന കപ്പാസിറ്റിയും ക്ഷമയും ഉണ്ടാവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അത്തരത്തിൽ മുന്നോട്ട് പോവാനാണ് ഞാൻ ശ്രമിക്കുക..
4. എഴുത്തിൽ നിന്നും അത്ര സുപരിചിതമല്ലാത്ത രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ ആശങ്കകൾ ഉണ്ടോ?
രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ ആശങ്കകളൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം എഴുത്തിനേക്കാൾ രാഷ്ട്രീയമാണ് കുറച്ചൂടെ സുപരിചിതമായിട്ടുള്ളത്. എഴുത്തിൽ ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഞാൻ രാഷ്ട്രീയത്തിൽ ചിലവഴിച്ചിട്ടുണ്ട്. ഗവേഷണത്തിലേക്ക് തിരിഞ്ഞതിന് ശേഷം സംഘടനാപ്രവർത്തനങ്ങളിൽ സമയം ചിലവഴിക്കൽ കുറഞ്ഞതല്ലാതെ കാര്യങ്ങളെ കുറിച്ച് അറിയുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഈ മേഖലയിൽ ഇടപെടുന്നവരെ കുറിച്ചും സമ്പർക്കമുണ്ട്. ഇതൊരു ആശങ്കയായി നിൽക്കുന്നില്ല, നേരെ മറിച്ച് ഇതൊരു ഉത്തരവാദിത്തമാണ്. അത് ഏറ്റവും ഭംഗിയായി ചെയ്തു തീർക്കണമെന്നുള്ള ഉത്തരവാദിത്തത്തിൻ്റെ ആശങ്കയുണ്ട്.
5. എഴുത്തുജീവിതം എങ്ങനെയായിരുന്നു?
എഴുത്തുജീവിതം എന്ന് പറയാൻ, അങ്ങനെയൊരു ജീവിതം പരുവപ്പെട്ട് വന്നിട്ടില്ല. പക്ഷേ കവിതയാണ് എനിക്കിഷ്ടപ്പെട്ട മേഖല. അതിൽ അപ്ഡേറ്റ് ആവാൻ ശ്രമിക്കാറുണ്ട്. വലിയ ഗ്യാപ്പുകളിൽ കവിതകൾ എഴുതാറുണ്ട്. ഒരു തുടക്കക്കാരി എന്ന നിലയിൽ ചില ശ്രമങ്ങൾ നടത്തുന്നു. ഏറ്റവും ആത്മാർത്ഥതയോടെയും താൽപ്പര്യത്തോടെയും ചെയ്യുന്നതാണ് എഴുത്ത്. അതിൽ നമുക്കുണ്ടാവുന്ന ചില ആശങ്കകളും ചിന്തകളും അതൊരു ആശയതലം മാത്രമാണല്ലോ. രാഷ്ട്രീയം എന്ന് പറയുന്നില്ല, ജനപ്രതിനിധി എന്ന നിലയിൽ, എന്നാൽ ഇതുതന്നെ വേണമെന്നും നിർബന്ധം പിടിക്കുന്നില്ല, പക്ഷേ അതിൻ്റെയൊരു പ്രായോഗിക തലത്തിലേക്കുള്ള സാധ്യത എന്ന നിലയിലാണ് ഈ തെരഞ്ഞെടുപ്പിനെ ഞാൻ കാണുന്നത്.
6. സ്ഥാനാർത്ഥികളിൽ 10 പേരും സ്ത്രീകളാണ്. ഇത് സിപിഎമ്മിൻ്റെ പുരോഗമന നിലപാട് ആയാണോ കാണുന്നത്?
സ്ത്രീകൾ എന്ന് മാത്രം പറയാനാവുമെന്ന് തോന്നുന്നില്ല. ആ പാനൽ നോക്കിയാൽ മനസ്സിലാവും, കഴിഞ്ഞ കുറേ കാലങ്ങളായി വിവിധ മേഖലകളിൽ നിരന്തരം ഇടപെട്ട് കൊണ്ടിരിക്കുന്ന സ്ത്രീകളാണ്. അങ്ങനെയുള്ള നിരവധിയാളുകളുണ്ട്. അവർക്ക് സമൂഹത്തിൻ്റെ മുൻപന്തിയിലേക്ക് വന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നു എന്ന പോസിറ്റീവ് ആയാണ് കാണുന്നത്. എൻ്റെ കാര്യമാണെങ്കിൽ പോലും ഗവേഷണത്തിലേക്ക് വന്നതിന് ശേഷം നാട്ടിലോ സംഘടനാ രംഗത്തോ അത്ര സജീവമായിരുന്നില്ല. എങ്കിൽ കൂടി സ്ത്രീയെന്ന നിലയിലാണ് പരിഗണിച്ചതും. ഇത്തരത്തിലുള്ള പരിഗണനകൾ പാർട്ടിയിൽ മുമ്പും ഉണ്ടായിട്ടുണ്ട്. ഇത് പോസിറ്റീവായ കാര്യമാണ്.
7. ജയിച്ചാൽ ചെയ്യാനുള്ള എന്തെങ്കിലും പദ്ധതി?
പദ്ധതികൾ എന്നല്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനാണ്. അതൊരു വലിയ ഏരിയയാണ്. അവിടത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിച്ച് എന്ത് പദ്ധതി കൊണ്ടുവരാനാകും എന്നതിനെ കുറിച്ച് കുറച്ചൂടെ ആഴത്തിൽ പഠിക്കാനുണ്ട്. സ്വാഭാവികമായും പാർട്ടിക്ക് പദ്ധതികളുണ്ടാവും. അതിന് പുറമെ എനിക്ക് ചെയ്യാനാവുന്ന കാര്യങ്ങളും ഉണ്ടായിരിക്കും. ആദ്യഘട്ടത്തിൽ എന്നുള്ളത് ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.
8. വ്യക്തിജീവിതം എങ്ങനെയാണ്?
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ വ്യക്തിജീവിതം എഴുത്തിലും അക്കാദമിക്സിലും ശ്രദ്ധയൂന്നിയായിരുന്നു. സംഘടനാഘടകങ്ങളിലൊന്നിലും അംഗമായിരുന്നില്ല. പക്ഷേ കഴിയുന്നത് പോലെ നാട്ടിൽ പോവുമ്പോൾ ഇടപെടാറുണ്ട്. ഇനിയിപ്പോൾ അതിൽ നിന്നും വ്യത്യസ്ഥമായി കുറച്ചൂടെ രണ്ടും കൂടെ ബാലൻസ് ചെയ്തുപോവേണ്ട സ്ഥിതിയിലാണിപ്പോഴുള്ളത്.
9. ഈ മേഖലയിൽ നിന്നല്ലാതെ എഴുത്തിൻ്റെ മേഖലയിൽ നിന്നൊരു ചോദ്യം ചോദിക്കട്ടെ, കെ ആർ മീരയുടെ ചർച്ചയായ പുരുഷൻമാരെ കുറിച്ചുള്ള കമൻ്റിനെ കുറിച്ചുള്ള പ്രതികരണം എന്താണ്?
ഈ ചോദ്യം വളരെ സ്വാഭാവികമായിട്ടുള്ള ചോദ്യമാണെന്ന് കരുതുന്നില്ല. എഴുതാൻ താൽപ്പര്യമുള്ള ആളുടെ അടുത്ത് എഴുത്തിൻ്റെ മേഖലയിൽ നിന്നുള്ള ഒരു ചോദ്യമെന്നൊക്കെ തോന്നുവെങ്കിലും ചോദ്യം കുറച്ച് കോംപ്ലിക്കേറ്റഡാണ്. പ്രത്യേകിച്ച് ഞാൻ പറയുന്ന ഉത്തരങ്ങൾക്ക് കുറച്ചൂടെ ഉത്തരവാദിത്തങ്ങളുണ്ട്. അതിൽ തെറ്റും ശരിയും പറയാനാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. അത് തെറ്റാവുന്നത് ആ സ്റ്റേറ്റ്മെൻ്റ് ജെനറലൈസ് ചെയ്ത് റൊട്ടേറ്റ് ചെയ്യുമ്പോഴാണ്. പ്രേമിക്കാനറിയാത്ത, അഹന്തയുള്ള ആണുങ്ങളൊക്കെ നമ്മുടെ ചുറ്റിലൊക്കെയുണ്ട്. അത് നിഷേധിക്കാനൊന്നുമാകില്ല. അങ്ങനെയല്ലാത്തവരുമുണ്ട്. അതൊരു ആക്ഷേപികമാണ്. കെ ആർ മീരയുടെ ക്വാട്ട് ജനറലൈസ് ചെയ്ത് കൊണ്ടാടപ്പെടുമ്പോഴാണ് അത് പ്രശ്നമായി മാറിയതെന്ന് തോന്നുന്നു. ഞാൻ പാടേ അതിനോട് വിയോജിക്കുന്നൊന്നുമില്ല.
ഈ നിലയിലുള്ള സ്ത്രീകളുമുണ്ട്. പക്ഷേ പുരുഷൻമാരെ അപേക്ഷിച്ച് കുറച്ച് എന്നാണ് പറയുന്നത്. ഇതിൻ്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ സമൂഹം നമ്മളെ ട്രീറ്റ് ചെയ്തിട്ടുള്ളതും വളർത്തിയിട്ടുള്ളതും അത്ര പെർഫെക്റ്റ് ആയിട്ടൊന്നുമല്ല. ആളുകളുമായിട്ടുള്ള ബന്ധം സൂക്ഷിക്കുന്നതിൽ വേണ്ടതായുള്ള കെയർ, എഫേർട്ട്, എഫേർട്ട് എന്നതിനെ സ്ട്രെയിൻ ചെയ്തിട്ടുള്ളതല്ല ഞാൻ പറയുന്നത്. നേരെ തിരിച്ച്, സ്വാഭാവികമായി വരേണ്ട ചില കാര്യങ്ങൾ, അത് അത്ര ഭംഗിയായി ചെയ്യാമെന്നുള്ള നിലയിലൊന്നുമല്ല സമൂഹം നമ്മളെ വളർത്തിയിട്ടുള്ളത്. അതിൻ്റെ പ്രശ്നം സ്ത്രീകൾക്കും പുരുഷൻമാർക്കുമുണ്ട്. സമൂഹം ഒരു പാട്രിയാർക്കൽ ആയത് കൊണ്ട് പുരുഷൻമാർക്ക് അത് കുറച്ചധികമുണ്ട്.
10. വ്യക്തിജീവിതം- വീട്ടിൽ ആരൊക്കെ?, വീട് ഏത് പ്രദേശം, വിവാഹം
വയനാട്ടിലെ മാന്തവാടിക്കടുത്തെ വാളാട് പ്രദേശത്താണ് വീട്. ഉപ്പയും ഉമ്മയും കർഷകരാണ്. 7 അംഗ കുടുംബമാണ് ഞങ്ങളുടേത്. കുട്ടികളിൽ മുതിർന്നയാളാണ് ഞാൻ. അവിവാഹിതയാണ്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം