
അമേരിക്കയിലെ വൈറ്റ് ഹൗസിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഓവൽ ഓഫീസ് സന്ദർശിക്കാൻ എത്തിയ ഒരു കൂട്ടം കുട്ടികളെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്നതും അവരോടൊപ്പം സമയം പങ്കിടുന്നതുമാണ് ദൃശ്യങ്ങളിൽ. എക്‌സിൽ കമ്മ്യൂണിക്കേഷൻ അഡ്വൈസറായ മാർഗോ മാർട്ടിൻ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 1.6 മില്ല്യണിലധികം പേരാണ് കണ്ടിരിക്കുന്നത്. ട്രംപ് കുട്ടികളെ കാണാൻ കാത്തുനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
കുട്ടികൾക്ക് അദ്ദേഹം ചലഞ്ച് കോയിൻ വിതരണം ചെയ്യുകയാണ്. ഒരു കൊച്ചു പെൺകുട്ടി 'തനിക്ക് ഒരു നാണയം വേണ'മെന്ന് പറഞ്ഞപ്പോൾ, ട്രംപ് അവൾ മിടുക്കിയാണെന്നും ക്യൂട്ട് ആണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. മറ്റൊരു ആൺകുട്ടിയോട് 'നാണയം വേണോ' എന്ന് അദ്ദേഹം ചോദിക്കുന്നു. അതേസമയം മറ്റൊരു കുട്ടി വളരെ നിഷ്കളങ്കമായി 'താങ്കളുടെ പേര് എന്താണ്' എന്ന് ചോദിക്കുന്നു. 'എൻറെ പേര് ഡൊണാൾഡ്' എന്നാണ് ട്രംപിന്റെ മറുപടി. വീഡിയോയിൽ ആളുകളെ ഏറ്റവുമധികം ആകർഷിച്ചിരിക്കുന്നതും ഈ കൊച്ചുകുട്ടിയുടെ 'താങ്കളുടെ പേര് എന്താണ്' എന്ന ചോദ്യം തന്നെയാണ്. അവളുടെ നിഷ്കളങ്കമായ ചോദ്യം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ആകെയും വൈറലായി മാറിയത്.
കുട്ടികളോടൊപ്പം ചേർന്നപ്പോൾ ട്രംപിന്റെ പെരുമാറ്റം സധാരണ കാണാറുള്ളത് പോലെയല്ല എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന് ഇങ്ങനെയും ഒരു മുഖം ഉണ്ടോ എന്ന് വരെ കമൻറുകൾ വന്നു. എന്തായാലും അനേകങ്ങളാണ് ട്രംപിന്റെ കുട്ടികളുമായുള്ള ഈ ആശയവിനിമയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്. അതേസമയം, ഈ പോസ്റ്റിന് താഴെയും ട്രംപിനും ട്രംപിന്റെ നയങ്ങൾക്കും എതിരെയുള്ള വിമർശനങ്ങളും കാണാം.