എന്തുകൊണ്ട് ഒറ്റക്കുട്ടി മതി

web desk |  
Published : Mar 22, 2022, 05:42 PM IST
എന്തുകൊണ്ട് ഒറ്റക്കുട്ടി മതി

Synopsis

പല രാജ്യങ്ങളിലും ഇന്ന് ഒറ്റക്കുട്ടികള്‍ സാധാരണമായിക്കഴിഞ്ഞു  സാമ്പത്തിക പ്രയാസമടക്കം പല കാരണങ്ങളും ഈ തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്  അമേരിക്ക, ആസ്ത്രേലിയ, ഇന്ത്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെല്ലാം ഒരു കുട്ടി സാധാരണമാവുന്നു

ഒറ്റക്കുട്ടികള്‍ ഒറ്റപ്പെട്ടവരും സ്വാര്‍ത്ഥരും ആയിത്തീരുമെന്നായിരുന്നു പറച്ചില്‍. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാന്‍വില്ലി സ്റ്റാന്‍ലി ഹാള്‍ എന്ന ചൈല്‍ഡ് സൈക്കോളജിസ്റ്റാണ് ഒറ്റക്കുട്ടികള്‍ സ്വാര്‍ത്ഥരും വിമുഖരും ഒക്കെയായിരിക്കും എന്ന് പറഞ്ഞത്. ഒറ്റക്കുട്ടികള്‍ മതിയെന്ന് വയ്ക്കുന്നത് ഒരുതരം രോഗമാണ് എന്ന് കൂടി അദ്ദേഹം പറഞ്ഞു. പക്ഷെ, ഈ ഒറ്റക്കുട്ടികളും സഹോദരങ്ങളുള്ള കുട്ടികളും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്ന് ഇപ്പോള്‍ ഒരുപാട് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പക്ഷെ, ഇപ്പോഴും ഒറ്റക്കുട്ടികള്‍ മതിയെന്ന് വയ്ക്കുന്നതിലെന്തോ പ്രശ്നമുണ്ടെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍, പല രാജ്യങ്ങളിലും ഇന്ന് ഒറ്റക്കുട്ടികള്‍ സാധാരണമായിക്കഴിഞ്ഞു. സാമ്പത്തിക പ്രയാസമടക്കം പല കാരണങ്ങളും ഈ തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്. 

ഹാരിറ്റ് നോബിള്‍ ഒറ്റമോളാണ്. അവരും ഓറബ് ബ്രൌണും ചേര്‍ന്ന് യൂറോപ്പ്യന്‍ യൂണിയനു കീഴിലുള്ള മൂന്ന് രാജ്യങ്ങളില്‍ സഞ്ചരിച്ച് ഒറ്റക്കുട്ടികളുള്ള അമ്മമാരെ കണ്ടു. ഒറ്റക്കുട്ടികളെ കുറിച്ച് സംസാരിച്ചു. എന്തുകൊണ്ടാണ് ഒറ്റക്കുഞ്ഞ് മതി എന്ന തീരുമാനത്തിലെത്തിയത് എന്നായിരുന്നു പ്രധാനമായും അന്വേഷണം. ഇതൊക്കെയാണ് അതിനുള്ള കാരണങ്ങളായി കണ്ടെത്തിയത്.

ആള്‍ക്കാരെപ്പോഴും പറയാറുണ്ട് ഒറ്റക്കുട്ടികള്‍ വഷളാകുമെന്ന് ഞാനും ഒരു ഒറ്റക്കുട്ടിയായിരുന്നു. ഞാനും വഷളായിട്ടുണ്ട്. പക്ഷെ, അത് നിങ്ങള്‍ കരുതും പോലെയല്ല. സ്നേഹിച്ച് സ്നേഹിച്ചാണ്. അങ്ങനെ സ്നേഹിച്ച് സ്നേഹിച്ച് ഇനിയും വഷളാവാനാണ് എന്‍റെ തീരുമാനം. ഒരു ഒറ്റക്കുട്ടി പറയുന്നു. മറ്റൊരാള്‍ പറയുന്നത്, ഞാനെന്ത് പറഞ്ഞാലും ചെയ്താലും ജനങ്ങള്‍ കരുതുന്നത് എന്‍റെയീ ആറ്റിറ്റ്യൂഡിനെല്ലാം കാരണം ഞാനൊരു ഒറ്റക്കുട്ടിയാണെന്നതാണെന്ന്. വേറൊരാള്‍ പറയുന്നത്, എന്നോട് പലരും പറയുന്നത്, എന്‍റെ പ്രകൃതം കണ്ടാല്‍ ഞാനൊരു ഒറ്റക്കുട്ടിയാണെന്ന് പറയില്ലെന്നാണ്. 

അമേരിക്ക, ആസ്ത്രേലിയ, ഇന്ത്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെല്ലാം മാതാപിതാക്കളിപ്പോള്‍ ഒരു കുട്ടി മാത്രം മതിയെന്ന് തീരുമാനമെടുക്കാറുണ്ട്. 

പോര്‍ച്ചുഗലാണ് വളരെയധികം ഒറ്റക്കുട്ടികളെ കാണാന്‍ കഴിയുന്ന ഒരു രാജ്യം. അവിടെ 18 വയസില്‍ താഴെയുള്ള മക്കളുള്ള  59 ശതമാനം പേരും ഒറ്റക്കുട്ടികള്‍ മാത്രമുള്ളവരാണ്.  

''എന്‍റേ പേര് സോഫിയ ഒറ്റ മോളാണ്. ഇതെന്‍റെ മകളാണ്. അവളും ഒറ്റക്കുട്ടിയാണ്. ഞാനെല്ലായ്പ്പോഴും രണ്ട് കുട്ടികള്‍ വേണമെന്ന് ചിന്തിച്ചിരുന്നു. ഒരാണ്‍കുട്ടിയും ഒരു പെണ്ണും. അതായിരുന്നു എന്‍റെ ആഗ്രഹം. ഡയാനയെ പ്രസവിച്ചു. ആദ്യത്തെ കുട്ടി. അപ്പോഴും ഞാന്‍ അടുത്ത കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിരുന്നു. പക്ഷെ, എന്‍റെ വിവാഹജീവിതം അത്ര നല്ലതായിരുന്നില്ല. എനിക്ക് കുറേയേറെ ജോലി ചെയ്യേണ്ടി വന്നു. രാത്രി വൈകും വരെയൊക്കെ ഞാന്‍ ജോലി ചെയ്തു. വീട്ടില്‍ വേണ്ടത്ര ചിലവഴിക്കാന്‍ പോലും സമയമില്ല. ഞാന്‍ കാരണം ഒരു കുഞ്ഞ് ഈ ലോകത്തേക്ക് വന്നു. അവള്‍ക്കൊപ്പമിരിക്കാനോ, വേണ്ട പോലെ കാര്യങ്ങള്‍ ചെയ്യാനോ കഴിയുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ അമ്മയായിട്ടെന്ത് കാര്യം. അതുകൊണ്ട് എനിക്ക് ഡയാന മാത്രം മതിയെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഡയാനയ്ക്ക് 31 വയസായി. അവളും കുടുംബം നിലനിര്‍ത്താന്‍ ഒരു കുഞ്ഞെങ്കിലും വേണമെന്നേ കരുതുന്നുള്ളൂ. ഇവിടെ പോര്‍ച്ചുഗലില്‍ ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടു വരുന്നത് എത്ര ബുദ്ധിമുട്ടാണെന്നറിയുമോ? ''

പോര്‍ച്ചുഗലില്‍ ജീവിക്കുക വളരെ പണച്ചെലവുള്ള കാര്യമാണ്. സാമ്പത്തികമായി നല്ല പിന്‍ബലമില്ലാത്തവര്‍ക്ക് ഒരു കുഞ്ഞിനെ വളര്‍ത്തുകയെന്നത് തന്നെ പ്രയാസമാണ്. അതുകൊണ്ടാകാം പോര്‍ച്ചുഗലിലെ രക്ഷിതാക്കളില്‍ പലരും 'ഒറ്റക്കുട്ടി തീരുമാന'മെടുക്കുന്നത്. 

എന്നാല്‍ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ സഹായം കിട്ടുന്ന നാടുകളിലെങ്ങനെയാണ്??? സ്വീഡന്‍ അങ്ങനെയൊരിടമാണ്. എന്നാലവിടെയും ഒറ്റക്കുട്ടികള്‍ വളരെ സാധാരണമാണ് ഇവിടെ 39 ശതമാനം പേര്‍ക്കും ഒറ്റക്കുട്ടികളാണ്. സര്‍ക്കാരിന്‍റെ സഹായങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് സ്വീഡനില്‍ ഒറ്റക്കുട്ടികള്‍ മാത്രം മതിയെന്ന് രക്ഷിതാക്കള്‍ തീരുമാനമെടുക്കുന്നത്. 

ത്രേസ പറയുന്നു. ''എനിക്ക് ഒറ്റമോളേയുള്ളൂ. അമേലി. ഒറ്റക്കുട്ടി മതിയെന്ന തീരുമാനമെടുക്കുന്നത് എന്നെ സംബന്ധിച്ച് എളുപ്പമായിരുന്നു. പക്ഷെ, മറ്റുള്ളവരങ്ങനെയല്ല അതിനെ കണ്ടത്. ഒരു കുട്ടി മതിയെന്നാണ് തീരുമാനമെന്ന് പറഞ്ഞപ്പോള്‍ മറ്റുള്ളവരുടെ നിരവധി പ്രതികരണങ്ങളാണ് എനിക്ക് കാണേണ്ടി വന്നത്. പ്രത്യേകിച്ച് ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍. അവരെന്നെ പ്രതിരോധിക്കാന്‍ നോക്കി. ഒരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു. യൂറോപ്പ്യന്‍ യൂണിയനിലെ മറ്റ് ചില രാജ്യങ്ങളെ എടുത്തു നോക്കുമ്പോള്‍ ഇവിടെ ഒറ്റക്കുട്ടികളുള്ള രക്ഷിതാക്കളുടെ എണ്ണം കുറവാണ്. അതിന് കാരണം കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന് വളരെയധികം സര്‍ക്കാര്‍ സഹായങ്ങള്‍ കിട്ടുന്ന രാജ്യമാണിതെന്നാണ്. അവര്‍ക്ക് അസുഖം വന്നാലൊക്കെ എല്ലായിടത്തുനിന്നും ശ്രദ്ധ കിട്ടും. അതുകൊണ്ട് തന്നെ മിക്കവരും രണ്ട് കുട്ടികളെന്ന തീരുമാനത്തിലാണെത്താറ്. എന്നാലിപ്പോള്‍ അത് മൂന്ന് കുട്ടികളായിട്ടുണ്ട്. അതാണ് പുതിയ ട്രെന്‍ഡ്. ഇത്രയും സപ്പോര്‍ട്ടീവായിട്ടുള്ള ഒരിടത്ത് ഒറ്റക്കുട്ടി മതിയെന്ന തീരുമാനം ഞാനെടുക്കാന്‍ കാരണം എന്‍റെ ജീവിതത്തില്‍ എന്‍റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാന്‍ എനിക്ക് കൂടുതല്‍ സമയം കിട്ടുക ഒറ്റക്കുട്ടി മാത്രമായാലാണ് എന്നതാണ്.'' 

യു.കെയിലെ സ്ഥിതിയെന്താണ്... ഹാരിറ്റ് നോബിളിന്‍റെ മാതാപിതാക്കള്‍ പറഞ്ഞിരിക്കുന്ന കാരണവും സാമ്പത്തികപ്രയാസമാണ്. ''ആദ്യത്തെ കുഞ്ഞ് നടന്നു തുടങ്ങിയപ്പോള്‍ തന്നെ അടുത്തയാളും വേണമെന്ന് തോന്നിയിരുന്നു. അപ്പോഴാണ് സാമ്പത്തിക പ്രയാസം വന്നത്. ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വന്നു. അതുകൊണ്ട് ഒറ്റക്കുട്ടി മതിയെന്ന തീരുമാനത്തിലെത്തി. ചില സമയത്ത് ഒരു കുട്ടി കൂടി വേണമെന്ന് തോന്നിയിരുന്നു. കുറ്റബോധവും തോന്നി. പക്ഷെ, നീയൊരു സ്നേഹമുള്ള കുട്ടിയാണെന്ന് തോന്നിയപ്പോള്‍ ആ കുറ്റബോധം പോയി. '' 

ബിബിസി തയ്യാറാക്കിയ വീഡിയോ കാണാം. 

 

ഒരു കുട്ടി വേണോ, രണ്ടുപേര്‍ വേണോ എന്നതൊക്കെ ഓരോ രക്ഷിതാക്കളുടെയും തിരഞ്ഞെടുപ്പാണ്. സമൂഹത്തിന്‍റെ വിടാതെയുള്ള ചോദ്യങ്ങളാകാം ചിലപ്പോള്‍ കടുത്ത സാമ്പത്തികപ്രയാസത്തിലും മാനസികപ്രയാസത്തിലുമെല്ലാം ഒരു കുട്ടി കൂടിയാകാമെന്ന തീരുമാനത്തില്‍ അവരെയെത്തിക്കുന്നത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

കംബോഡിയയിലെ ചൈനീസ് ഓൺലൈൻ തട്ടിപ്പ് കേന്ദ്രങ്ങൾ തായ്‍ലൻഡ് ലക്ഷ്യമിടുന്നോ?
40 ലക്ഷത്തിന്‍റെ ഇന്‍ഷുറൻസ് തുക തട്ടാൻ വ്യാജ മരണം, അഞ്ച് വർഷത്തിന് ശേഷം യുവതി അറസ്റ്റിൽ