
ഇന്ത്യൻ ഗാഡ്‌ജറ്റുകൾ, വീട്ടുപകരണങ്ങൾ എന്നീ മേഖലകളിൽ 129 തദ്ദേശീയ ബ്രാൻഡുകളാണ് രാജ്യത്തുള്ളത്. എന്നാൽ വിപണിയിൽ വലിയ രീതിയിൽ വളർച്ച കൈവരിക്കാൻ ഭൂരിഭാഗം കമ്പനികൾക്കും സാധിക്കുന്നില്ലെന്ന് റിപ്പോർട്ട്. ഇന്ത്യ മൊബൈൽ കോൺഗ്രസും (IMC) ടെക്ആർക്കും (Techarc) ചേർന്ന് പുറത്തുവിട്ട 'വികസിത് ടെക് 47' (Viksit Tech 47) റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
നിലവിൽ ഈ 129 തദ്ദേശീയ ബ്രാൻഡുകൾ ചേർന്ന് പ്രതിവർഷം 60,000 കോടിയിലധികം രൂപയുടെ വരുമാനം ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇതിൽ 14 ബ്രാൻഡുകൾക്ക് മാത്രമാണ് 500 കോടി രൂപയിലധികം വിറ്റുവരവുള്ളത്. 2,000 കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ളത് വെറും രണ്ട് ബ്രാൻഡുകൾക്ക് മാത്രമാണ്. ഒരു തദ്ദേശീയ ബ്രാൻഡിന്റെ ശരാശരി വാർഷിക വരുമാനം 465 കോടി രൂപ മാത്രമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യൻ ബ്രാൻഡുകളുടെ വളർച്ചയിലെ പരിമിതി ചൂണ്ടിക്കാണിക്കാൻ TAME (Trade, Assemble, Manufacture, Engineer) മാതൃകയാണ് ടെക്ആർക്ക് റിപ്പോർട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്:
ട്രേഡിംഗ് (Trade): വിദേശത്തുനിന്ന് ഉൽപ്പന്നങ്ങൾ വാങ്ങി വിൽപ്പന നടത്തുന്ന ബ്രാൻഡുകളുടെ വിറ്റുവരവ് പരമാവധി 500 കോടി രൂപയിൽ പരിമിതപ്പെടുന്നു.
അസംബ്ലിംഗ് (Assemble): ഘടകഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് നിർമ്മിക്കുന്ന കമ്പനികളുടെ വരുമാനം 5,000 കോടി രൂപ വരെ.
മാനുഫാക്ചറിംഗ് (Manufacture): സ്വന്തമായി ഉൽപ്പാദനം നടത്തുന്ന ബ്രാൻഡുകൾക്ക് 50,000 കോടി രൂപ വരെ വളരാൻ സാധിക്കും.
എൻജിനീയറിംഗ് (Engineer): സ്വന്തമായി ഡിസൈൻ, സോഫ്റ്റ്‌വെയർ, ബൗദ്ധികസ്വത്ത് (IP) എന്നിവ വികസിപ്പിക്കുന്ന ബ്രാൻഡുകൾക്ക് മാത്രമാണ് ലക്ഷക്കണക്കിന് കോടി രൂപയുടെ വരുമാനം നേടാനാകുക.
സ്വന്തമായി ഉൽപ്പന്നങ്ങൾ ഡിസൈൻ ചെയ്യുന്നതിനേക്കാൾ കൂടുതൽ കമ്പനികൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തവ അസംബിൾ ചെയ്യുന്നതിലോ ട്രേഡിംഗിലോ കേന്ദ്രീകരിക്കുന്നതാണ് വളർച്ച തടസപ്പെടാൻ പ്രധാന കാരണം.
2014-15 സാമ്പത്തിക വർഷത്തിൽ 1.90 ലക്ഷം കോടി രൂപയായിരുന്ന ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉൽപ്പാദനം 2025-26 ആയപ്പോഴേക്കും 13.11 ലക്ഷം കോടി രൂപയായി ഉയർന്നു. ഇലക്ട്രോണിക്സ് കയറ്റുമതി 4.24 ലക്ഷം കോടി രൂപയിലുമെത്തി. എന്നാൽ, ഈ രംഗത്തെ പ്രാദേശിക മൂല്യവർദ്ധനവ് (Domestic Value Addition) കേവലം 17 ശതമാനം മാത്രമാണ്.
സെമികണ്ടക്ടറുകൾ, ഡിസ്പ്ലേകൾ, ക്യാമറ മോഡ്യൂളുകൾ, ബാറ്ററി സെല്ലുകൾ എന്നിവയ്ക്കായി ഇന്ത്യ ഇപ്പോഴും ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കൂടാതെ, ഗവേഷണത്തിനും (R&D) ഉൽപ്പന്ന വികസനത്തിനും കുറഞ്ഞ തുക മാത്രം ചെലവഴിക്കുന്നതും ദീർഘകാല മൂലധനത്തിന്റെ അഭാവവും തിരിച്ചടിയാകുന്നു.
13% വാർഷിക വളർച്ച നിരക്കിൽ മുന്നേറിയാൽ ഈ 129 തദ്ദേശീയ ബ്രാൻഡുകളുടെ ആകെ വരുമാനം 2031-ഓടെ 1.11 ലക്ഷം കോടി രൂപയായും 2036-ഓടെ 2.04 ലക്ഷം കോടി രൂപയായും ഉയർന്നേക്കാം. എന്നാൽ 2047-ഓടെ പ്രതിവർഷം 1 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള 50 തദ്ദേശീയ ടെക് ബ്രാൻഡുകളെ സൃഷ്ടിക്കുക എന്നതാണ് രാജ്യം ലക്ഷ്യമിടേണ്ടതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിനായി സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം കൂട്ടുകയും സ്വന്തമായി പ്രോഡക്റ്റ് എൻജിനീയറിംഗും ബൗദ്ധികസ്വത്തും വളർത്തിയെടുക്കുകയും വേണം.