റെയില്‍വെ നല്‍കുന്ന ഭക്ഷണം മനുഷ്യന് ഉപയോഗിക്കാന്‍ പറ്റാത്തതെന്ന് സി.എ.ജി

By Web DeskFirst Published Jul 21, 2017, 8:11 PM IST
Highlights

ദില്ലി: യാതൊരു വൃത്തിയുമില്ലാതെ അനാരോഗ്യകരമായി തയ്യാറാക്കുന്ന ഭക്ഷണമാണ് റെയില്‍വെ യാത്രക്കാര്‍ക്കായി വിതരണം ചെയ്യുന്നതെന്ന് സി.എ.ജി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. 74 സ്റ്റേഷനുകളിലും 80 ട്രെയിനുകളിലും പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, മനുഷ്യന് ഒരു തരത്തിലും ഉപയോഗിക്കാന്‍ കഴിയാത്ത ഭക്ഷണമാണ് റെയില്‍വെ വിളമ്പുന്നതെന്ന ഗുരുതരമായ ആരോപണവുമുണ്ട്. 

അഴുക്കുപുരണ്ട ഭക്ഷണ വസ്തുക്കള്‍, പഴകിയ ഭക്ഷണം, കാലാവധി കഴിഞ്ഞ പാക്ക് ചെയ്ത ഭക്ഷണവും വെള്ളവും, അംഗീകാരമില്ലാത്ത കമ്പനികളുടെ കുപ്പിവെള്ളം തുടങ്ങിയവയൊക്കെ ട്രെയിനുകളിലും സ്റ്റേഷനുകളിലും സുലഭമാണ്. ടാപ്പില്‍ നിന്നുള്ള ശുദ്ധീകരിക്കാത്ത വെള്ളമാണ് ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. ചവറ്റുകുട്ടകള്‍ വേണ്ടവിധം മൂടിയല്ല സ്ഥാപിച്ചിരിക്കുന്നത്. അവ സ്ഥിരമായി വൃത്തിയാക്കുകയോ കഴുകുകയോ ചെയ്യുന്നതുമില്ല. പൊടിയില്‍ നിന്നും ഈച്ച അടക്കമുള്ള മറ്റ് ജീവികളില്‍ നിന്നും സംരക്ഷിക്കാന്‍ ഭക്ഷണം മൂടിവെയ്ക്കാറില്ല. എലികളും, പാറ്റകളുമൊക്കെ ട്രെയിനുകളിലും സ്റ്റേഷനുകളിലും സര്‍വ്വസാധാരണമായി കാണപ്പെടുന്നുണ്ട്. മൊബൈല്‍ യൂണിറ്റുകള്‍ വഴി ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കും സ്റ്റേഷനുകളിലും ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുന്നുമില്ല. മെനു കാര്‍ഡോ താരിഫ് നിരക്കുകളോ യാത്രക്കാര്‍ക്ക് കിട്ടാന്‍ വഴിയൊന്നുമില്ല.

നിര്‍ദ്ദിഷ്ട അളവിലുള്ള ഭക്ഷണം യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ല. പുറത്ത് വില്‍ക്കപ്പെടുന്നതിനേക്കാള്‍ കൂടിയ എം.ആര്‍.പി രേഖപ്പെടുത്തിയാണ് ട്രെയിനുകളിലും സ്റ്റേഷനുകളിലും വില്‍ക്കപ്പെടുന്നത്. കാറ്ററിങ് യൂണിറ്റുകളുടെ മാറ്റവും സ്ഥിരമായ സംവിധാനങ്ങളോ നയമോ റെയില്‍വെക്ക് ഇക്കാര്യത്തില്‍ ഇല്ലാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!