സാമ്പത്തികപ്രതിസന്ധി രൂക്ഷം, ഒന്നരലക്ഷം കോടി രൂപ പൊതുകടം

By Web DeskFirst Published Jun 30, 2016, 12:29 AM IST
Highlights

സംസ്ഥാനത്ത് സാമ്പത്തികസ്ഥിതി അതിരൂക്ഷമെന്ന് ധവളപത്രം. അടിയന്തിരമായി പതിനായിരം കോടി രൂപ കണ്ടെത്തേണ്ടത്തണമെന്ന് ധനമന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.

സാമ്പത്തികസ്ഥിതി തുറന്നു കാണിക്കുന്ന ധവളപത്രം യുഡിഎഫ് സര്‍ക്കാറിനെതിരായ കുറ്റപത്രം കൂടിയാണ്. കാലവധി തീരുമ്പോള്‍ ട്രഷറി മിച്ചമായിരുന്നുവെന്ന യുഡിഎഫ് വാദം തോമസ് ഐസക് തള്ളി. നിത്യചെലവിന് വേണ്ടത് 5900 കോടി, ക്ഷേമപെന്‍ഷന്‍ കുടിശ്ശിക അടക്കം കൊടുത്ത് തീര്‍ക്കാനുള്ളത് 6300 കോടി. മൊത്തം വേണ്ടത് പതിനായിരം കോടിയിലേറെ. പൊതുകടം ഒന്നരലക്ഷം കോടി കവിഞ്ഞു.
 ട്രഷറിയില്‍ മാര്‍ച്ച് 31ന് 1643 കോടിയുണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. എന്നാല്‍ മാറ്റിവെച്ച ബില്ലുകളും അനിവാര്യമായ ചെലവും കഴിച്ചാല്‍ യഥാര്‍ത്ഥത്തില്‍ അന്ന് 173 കോടി രൂപ കമ്മിയായിരുന്നു. ഇടത് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ ട്രഷറി ബാലന്‍സ് 3513 കോടി. നികുതിപിരിവിലെ ചോര്‍ച്ചയാണ് ഖജനാവ് കാലിയാകാനുള്ള പ്രധാനകാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടുന്നത്.  ഇടതുകാലത്ത് നികുതിപിരിവിലെ വളര്‍ച്ചാ നിരക്ക് 17.2 ശതമാനം, യുഡിഎഫ് ഭരണത്തിലെ വളര്‍ച്ചാനിരക്ക് 12.4 ശതമാനം മാത്രം.

വരുമാനം കുറയുമ്പോഴും യുഡിഎഫ് കാലത്ത് വാരിക്കോരി വന്‍കിടപദ്ധതികള്‍ പ്രഖ്യാപിച്ചു. പദ്ധതിയേതര ചെലവ് കുത്തനെ കൂടിയതിന് കാരണം ധൂര്‍‍ത്തും അഴിമതിയും. വന്‍കിടക്കാര്‍ക്ക് വാരിക്കോരി നികുതി ഇളവും തിരിച്ചടവിന് സ്റ്റേയും നല്‍കി. റവന്യുകമ്മി കുറഞ്ഞെങ്കിലും കാരണം അനിവാര്യമായ ചെലവുകള്‍ മാറ്റിവച്ചതാണ്. സ്ഥിതി രൂക്ഷമെങ്കിലു ശമ്പളവും പെന്‍ഷനും വെട്ടിക്കുറക്കില്ലെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. പ്രതിവര്‍ഷം 20 മുതല്‍ 25 ശതമാനം വരെ നികുതി വരുമാനം കൂട്ടും. പൊതുനിക്ഷേപം ഉയര്‍ത്തി നികുതിച്ചോര്‍ച്ച തടയാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നും തോമസ് ഐസക്കിന്റെ പ്രഖ്യാപനം.

 

click me!