RBI : സഹകരണ ബാങ്ക്: ആർബിഐ നീക്കത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്, നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി

By Web TeamFirst Published Nov 27, 2021, 2:42 PM IST
Highlights

സഹകരണ മേഖലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ആർബിഐ (RBI) സർക്കുലറിലെ വ്യവസ്ഥകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ  (VN vasavan)അറിയിച്ചു.

തിരുവനന്തപുരം: സഹകരണ സംഘങ്ങൾക്ക് (operative society bank) മേൽ ആർബിഐ നിബന്ധന കർശനമാക്കുന്നതിനെ നിയമപരമായി നേരിടാനൊരുങ്ങി സംസ്ഥാന സർക്കാർ. സഹകരണ മേഖലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ആർബിഐ (RBI) സർക്കുലറിലെ വ്യവസ്ഥകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ  (VN vasavan)അറിയിച്ചു. ആർബിഐക്ക് നിവേദനം നൽകും. നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു. 

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് ബാധകമായിരിക്കില്ലെന്ന ആർ ബി ഐ പരസ്യത്തിന്റെ  പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിത്. ഇക്കാര്യത്തിൽ കേരളം പോലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തമായ മറ്റ് സംസ്ഥാനങ്ങളുമായും കൂടിയാലോചന നടത്തും. കേരളത്തിന് ബാധകമല്ലാത്ത കാര്യങ്ങൾ ആർബിഐയുടെ ശ്രദ്ധയിൽപ്പെടുത്തും. കേന്ദ്രസർക്കാർ നടത്തുന്നത് സഹകരണ മേഖലയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, തിങ്കളാഴ്ച തിരുവനന്തപുരത്ത് സഹകാരികളുടെ യോഗം ചേരുമെന്നും അറിയിച്ചു. 

സഹകരണസംഘങ്ങൾ ബാങ്കുകളെന്ന പേരിൽ പ്രവർത്തിക്കരുതെന്നാണ് റിസർവ്വ് ബാങ്കിന്റെ പുതിയ നിർദ്ദേശം. 2020 സെപ്തംബറിലെ ബാങ്കിംഗ് നിയമ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് സഹകരണസംഘങ്ങൾക്ക് മുന്നറിയിപ്പുമായി ആർബിഐ  എത്തിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റിസർവ് ബാങ്കിന്റെ പുതിയ പരസ്യത്തിൽ പറയുന്നു. 

RBI : ബാങ്ക് എന്ന് ഉപയോഗിക്കരുത്, നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ല; സഹകരണ സംഘങ്ങൾക്കെതിരെ ആര്‍ബിഐ

സംസ്ഥാനത്തെ 1600 ഓളം സഹകരണസംഘങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണ് റിസർവ്വ് ബാങ്കിന്റെ നീക്കം. സംസ്ഥാന സർക്കാർ ഇതിനെതിരെ നിയമനടപടിക്കായി നിയമോപദേശം തേടിയെങ്കിലും കേസിന് പോയിരുന്നില്ല. എന്നാൽ റിസർവ് ബാങ്ക് നിബന്ധന കർശനമാക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.  സഹകരണമേഖലയെ തകർക്കാനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായിയിലെ ഏരിയാസമ്മേളനത്തിലും കുറ്റപ്പെടുത്തി.  

click me!