Asianet News MalayalamAsianet News Malayalam

RBI : ബാങ്ക് എന്ന് ഉപയോഗിക്കരുത്, നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ല; സഹകരണ സംഘങ്ങൾക്കെതിരെ ആര്‍ബിഐ

സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും ആര്‍ബിഐ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

reserve bank of india put regulations on co operative banks
Author
Thiruvananthapuram, First Published Nov 27, 2021, 10:11 AM IST

തിരുവനന്തപുരം: സഹകരണ സംഘങ്ങൾക്ക്(co operative bank) എതിരായ നീക്കത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(Reserve Bank of India). സഹകരണ സംഘങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആര്‍ബിഐ(RBI) പത്രപരസ്യം പുറത്തിറക്കി. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും ആര്‍ബിഐ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. കേരളം ശക്തമായി എതിർക്കുന്ന വ്യവസ്ഥയിൽ പിന്നോട്ടില്ലെന്നാണ് ആര്‍ബിഐയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സഹകരണ സംഘങ്ങള്‍ പേരിന്‍റെ ഒപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെയുള്ള ജാഗ്രാതാ നിര്‍ദ്ദേശം എന്ന പേരില്‍ പ്രസിദ്ധീകരിച്ച പത്രപരസ്യം. 2020 സെപ്തംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേതഗതി നിയമ പ്രകാരം  റിസര്‍വ് ബാങ്ക്   അനുമതിയില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍ എന്നീ വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരിന്‍റെ കൂടെ ബാങ്കര്‍ എന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്  ആര്‍ബിഐ പുറത്തിറക്കിയ പരസ്യത്തില്‍ പറയുന്നു.

ഇത്തരം ബാങ്കുകള്‍ക്ക് ബിആര്‍ ആക്ട് 1949 പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ഇവയെ ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആര്‍ബിഐ അധികാരപ്പെടുത്തിയിട്ടില്ലെന്നും റിസര്‍വ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാല്‍ വ്യക്തമാക്കി. ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍റ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പ്പേറേഷന്‍റെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

സഹകരണ ബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കുന്നതിന് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകള്‍ക്കെതിരേ കേരളം രംഗത്ത് വന്നിരുന്നു.  സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്നും പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഇപ്പോഴത്തെ ആര്‍ബിഐയുടെ കുറിപ്പില്‍ ഭേദഗതി നിയമത്തെ വ്യാഖ്യാനിച്ച് സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

Follow Us:
Download App:
  • android
  • ios