കുഞ്ഞൻ പാവ ഒരു ഭീമന്‍ ബിസിനസ് സാമ്രാജ്യമായ കഥ; പോപ് മാര്‍ട്ടിന്റെ 'ലബൂബു' നിസ്സരാക്കാരല്ല

Published : Jun 25, 2025, 01:43 PM ISTUpdated : Jun 25, 2025, 01:44 PM IST
Labubu dolls

Synopsis

ഈ കുഞ്ഞന്‍ പാവ ചിലര്‍ക്ക് ഭംഗിയുള്ളതായും മറ്റു ചിലര്‍ക്ക് ഭയപ്പെടുത്തുന്നതായും തോന്നാമെങ്കിലും, ഇതിപ്പോള്‍ കോടികളുടെ ബിസിനസ്സാണ്.

വെറുമൊരു കളിപ്പാട്ടത്തില്‍ നിന്ന് ആഗോള കളിപ്പാട്ട വിപണിയിലെ അതികായനായി മാറിയ 'ലബൂബു'വിന്റെ കഥ ലോകമെങ്ങും ശ്രദ്ധ നേടുന്നു. ഫ്‌ലീസി മെറ്റീരിയലില്‍ നിര്‍മ്മിച്ച, മുയല്‍ ചെവികളുള്ള ഒരു വണ്‍സീ ധരിച്ച്, കാപ്പിപ്പയറുപോലുള്ള കണ്ണുകളും അരികുകള്‍ കൂര്‍ത്ത പല്ലുകളുമുള്ള ഈ കുഞ്ഞന്‍ പാവ ചിലര്‍ക്ക് ഭംഗിയുള്ളതായും മറ്റു ചിലര്‍ക്ക് ഭയപ്പെടുത്തുന്നതായും തോന്നാമെങ്കിലും, ഇതിപ്പോള്‍ കോടികളുടെ ബിസിനസ്സാണ്. ഹോങ്കോങ് കലാകാരനായ ലുങ് കാസിങ് ആണ് ലബൂബുവിന്റെ സ്രഷ്ടാവ്. 2015-ല്‍ 'ദി മോണ്‍സ്റ്റേഴ്‌സ്' എന്ന തന്റെ പുസ്തക പരമ്പരയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ദിനോസറുകളുടെ കാലം മുതലേ കാടുകളില്‍ വസിച്ചിരുന്ന കുട്ടിഭൂതമാണ് ലബൂബുവെന്ന് അദ്ദേഹം ലളിതമായൊരു പശ്ചാത്തലം നല്‍കി. ഏകദേശം 100 ലബൂബുവുണ്ട്.

2019-ല്‍ ലുങ്, ചൈനീസ് കമ്പനിയായ പോപ് മാര്‍ട്ടുമായി ഒരു കരാറില്‍ ഒപ്പുവച്ചു. ലബൂബുവിന്റെ കളിപ്പാട്ട പതിപ്പുകള്‍ നിര്‍മ്മിക്കാനും വില്‍ക്കാനുമുള്ള പ്രത്യേക അവകാശം പോപ് മാര്‍ട്ടിന് നല്‍കി, 'ദി മോണ്‍സ്റ്റേഴ്‌സ്' പരമ്പരയുടെ ഭാഗമായി ലബൂബുവിനെ അവര്‍ പുറത്തിറക്കി. ലുങ്ങിന്റെ കഥയില്‍ ഒന്നിലധികം ലബൂബുവുള്ളത് പോലെ, പോപ് മാര്‍ട്ടിന്റെ ഷെല്‍ഫുകളിലും വിവിധതരം ലബൂബു കളിപ്പാട്ടങ്ങളുണ്ട്. ഓരോന്നിനും വ്യത്യസ്ത നിറത്തിലുള്ള ബണ്ണി-ഇയര്‍ഡ് വണ്‍സിയുണ്ടാകും, കണ്ണുകളും മൂക്കും പല്ലുകളും വ്യത്യസ്ത നിറങ്ങളിലായിരിക്കും.

സെലിബ്രിറ്റികളുടെ ഇഷ്ടതാരം

ഗായിക റിയാനയെയും കെ-പോപ്പ് സൂപ്പര്‍സ്റ്റാര്‍ ലിസയെയും പോലുള്ള പ്രമുഖ താരങ്ങള്‍ തങ്ങളുടെ ഡിസൈനര്‍ ബാഗുകളില്‍ ലബൂബുവിനെ അലങ്കാരമായി തൂക്കി നടക്കുന്ന ചിത്രങ്ങള്‍ ക്യാമറകളില്‍ പതിഞ്ഞതോടെയാണ് ഈ കുഞ്ഞന്‍ പാവയുടെ പ്രശസ്തി കുതിച്ചുയര്‍ന്നത്. ഇത് ലബൂബുവിന്റെ ഉടമകളായ പോപ് മാര്‍ട്ട് ഇന്റര്‍നാഷണലിന്റെ ഓഹരി വില ഈ വര്‍ഷം 180 ശതമാനത്തിലധികം ഉയരുന്നതിനിടയാക്കി. നിലവില്‍ 350 ബില്യണ്‍ ഹോങ്കോങ് ഡോളറിലധികം (ഏകദേശം 3.83 ലക്ഷം കോടി ഇന്ത്യന്‍ രൂപ) വിപണി മൂല്യമുള്ള പോപ് മാര്‍ട്ട്, വാള്‍ട്ട് ഡിസ്‌നി കമ്പനിക്കും നിന്റെന്‍ഡോയ്ക്കും പിന്നില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും മൂല്യമുള്ള ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി കമ്പനിയായി മാറിയിരിക്കുന്നു.

ലേലവിപണിയിലും റെക്കോര്‍ഡുകള്‍ ജൂണ്‍ 10-ന് ലബൂബുവിന്റെ ഒരു രൂപം 1.2 ദശലക്ഷം യുവാനിലധികം (ഏകദേശം 1.44 കോടി ഇന്ത്യന്‍ രൂപ) ലേലത്തില്‍ വിറ്റുപോയത് റെക്കോര്‍ഡ് ആയി. കഴിഞ്ഞ വര്‍ഷം പോപ് മാര്‍ട്ടിന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം നാലിലൊന്നും ലബൂബു കളിപ്പാട്ടങ്ങളില്‍ നിന്നായിരുന്നു. കളിപ്പാട്ടത്തിനായി ലേലം, സ്റ്റോറുകള്‍ക്ക് പുറത്ത് നീണ്ട നിരകള്‍, എന്നിവയെല്ലാം ലബൂബുവിന്റെ പ്രചാരം കാരണം ഉണ്ടായി. പത്ത് വര്‍ഷം മുമ്പ് ആരും കേള്‍ക്കാത്ത ഒരു കഥാപാത്രത്തെ ഈ വര്‍ഷത്തെ ഏറ്റവും ആവശ്യക്കാരുള്ള കളിപ്പാട്ടമാക്കി മാറ്റിയതിന്റെ ഒരു ഉദാഹരണമാണ് ലബൂബുവിന്റെ ഈ വളര്‍ച്ച.

വളരുന്ന സാധ്യതകള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ പണമുണ്ടാക്കാനുള്ള കഴിവ് എടുത്തു കാണിക്കുന്നതാണ് ഈ ട്രെന്റ്. 2024-ല്‍ പുറത്തിറങ്ങിയ ചൈനീസ് വീഡിയോ ഗെയിമായ 'ബ്ലാക്ക് മിത്ത്: വുകോങ്' എക്കാലത്തെയും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഗെയിമുകളിലൊന്നായി മാറിയതിന് സമാനമാണ് ലബൂബുവിന്റെ വിജയവും. ലബൂബു പെട്ടെന്നൊരു ഹിറ്റായിരുന്നില്ല. കളിപ്പാട്ടങ്ങള്‍ ആദ്യം നിര്‍മ്മിച്ചത് കടുപ്പമുള്ള വിനൈലില്‍ ആയിരുന്നു, എന്നാല്‍ 2023-ല്‍ പോപ് മാര്‍ട്ട് അവയെ കീ റിംഗുകളായും വലിയ പാവകളായും വില്‍ക്കാന്‍ തുടങ്ങിയതോടെ വില്‍പ്പന വര്‍ദ്ധിച്ചു. പിന്നീട് 2024-ല്‍, കെ-പോപ്പ് ഗേള്‍ ഗ്രൂപ്പായ ബ്ലാക്ക്പിങ്കിലെ തായ് അംഗം ലിസ, തന്റെ ലബൂബുശേഖരം സോഷ്യല്‍ മീഡിയയില്‍ ആവര്‍ത്തിച്ച് പ്രദര്‍ശിപ്പിച്ചത് ഒരു വഴിത്തിരിവായി. ഇതോടെ തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം ഒരു തരംഗം ആരംഭിച്ചു.ഇതിന്റെ സ്വാധീനം ഉടനടിയുണ്ടായി. പോപ് മാര്‍ട്ടിന്റെ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം, 2024-ല്‍ 'ദി മോണ്‍സ്റ്റേഴ്‌സ്' പരമ്പരയില്‍ നിന്നുള്ള വരുമാനം എട്ടിരട്ടിയായി വര്‍ദ്ധിച്ചു, ഇത് മൊത്തം വരുമാനത്തിന്റെ ഏകദേശം കാല്‍ ഭാഗം ആണ്.

ഈ കളിപ്പാട്ടത്തിന്റെ പ്രചാരം ചൈനീസ് ബാങ്കിംഗ് വ്യവസായത്തെ പോലും സ്വാധീനിച്ചു. പിങ് ആന്‍ ബാങ്കിന്റെ നിരവധി ശാഖകള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള സമ്മാനമായി സൗജന്യ ലബൂബു കളിപ്പാട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് വരെയെത്തി കാര്യങ്ങള്‍. 2024 അവസാനത്തോടെ, പോപ് മാര്‍ട്ട് 130 സ്റ്റോറുകള്‍ വിദേശത്ത് തുറന്നു, അവയില്‍ മിക്കതും ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ്, പാരീസിലെ ലൂവ്രെ തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലാണ്. ലൂവ്രെ മ്യൂസിയത്തില്‍ പ്രവേശിക്കുന്ന ആദ്യത്തെ ചൈനീസ് കളിപ്പാട്ട ബ്രാന്‍ഡായി ഇത് മാറി. അങ്ങനെ, ഒരു ചെറിയ പാവയില്‍ നിന്ന് ആഗോള സാമ്പത്തിക ഭീമനായി വളര്‍ന്ന ലബൂബുവിന്റെ കഥ, വെറുമൊരു കളിപ്പാട്ടത്തിനപ്പുറം, ഉല്‍പ്പന്നങ്ങളുടെ സ്വാധീനത്തിന്റെയും വിപണന തന്ത്രങ്ങളുടെയും പുതിയ സാധ്യതകള്‍ തുറന്നു കാട്ടുന്നു. ഈ 'രാക്ഷസന്‍' ഇനിയും എത്ര ദൂരം പറന്നുയരുമെന്ന് കണ്ടറിയാം!

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ