
ഇപ്പോള്‍ ദിവസവും നാം ഉണരുന്നത് ഏതെങ്കിലും പുതിയ പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ കണ്ടുകൊണ്ടാണ്. മുട്ട, കാപ്പി, ആട്ട തുടങ്ങി നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന നിരവധി സാധനങ്ങളില്‍ കമ്പനികള്‍ ഇപ്പോള്‍ 'എക്‌സ്ട്രാ പ്രോട്ടീന്‍' ചേര്‍ത്ത് വിപണിയില്‍ എത്തിക്കുകയാണ്. ഭക്ഷണത്തില്‍ മാത്രമല്ല, മറ്റ് ഉല്‍പ്പന്നങ്ങളിലും പ്രോട്ടീന്‍ എന്നത് ഇപ്പോള്‍ പുതിയൊരു ട്രെന്‍ഡായി മാറിയിരിക്കുന്നു. പുതിയ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഈ 'പ്രോട്ടീന്‍ ഫോര്‍മുല'യാണ്. ഉദാഹരണത്തിന്, പ്രമുഖ ബ്രാന്‍ഡായ മാരിക്കോ മുടികൊഴിച്ചില്‍ തടയാനായി ഒരു 'പ്രോട്ടീന്‍ ഷാംപൂ' വിപണിയില്‍ ഇറക്കിക്കഴിഞ്ഞു!
ഒരു കാലത്ത് ജിമ്മില്‍ പോകുന്നവര്‍ മാത്രം ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു പ്രോട്ടീന്‍ പൗഡറുകള്‍. നിലവില്‍ 8,000 കോടി രൂപയുടെ വലിയൊരു വിപണിയാണിത്. ഇതിന്റെ 80 ശതമാനം ഉപഭോക്താക്കളും ഉയര്‍ന്ന വരുമാനക്കാരാണെങ്കിലും, ഇപ്പോള്‍ സാധാരണക്കാരും ഇതിനായി പണം ചിലവാക്കുന്നുണ്ട്. ഇതൊരു വലിയ ബിസിനസ് സാധ്യതയാണെന്ന് മനസിലാക്കിയാണ് കമ്പനികള്‍ പുതിയ ഉല്‍പ്പന്നങ്ങളുമായി മത്സരിച്ച് രംഗത്തെത്തുന്നത്. എന്നാല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും പരസ്യങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ പ്രോട്ടീന്‍ വിപണിയില്‍ സജീവമാണ്. കഫേകളിലെ മെനുവിലും, സ്വിഗ്ഗി പോലെയുള്ള ആപ്പുകളിലും, സോഷ്യല്‍ മീഡിയയിലുമെല്ലാം പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. പെപ്‌സികോയുടെ ക്വാക്കര്‍ അടുത്തിടെ അവരുടെ പാക്കറ്റുകള്‍ പരിഷ്‌കരിച്ചിരുന്നു. ഉല്‍പ്പന്നത്തില്‍ പ്രോട്ടീനും ഫൈബറും എത്രത്തോളമുണ്ടെന്ന് എടുത്തുകാണിക്കുന്നതായിരുന്നു പുതിയ പാക്കിംഗ്. ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്ന, എന്നാല്‍ ഇതുവരെ ഓട്‌സ് ഉപയോഗിക്കാത്ത പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പെപ്‌സികോ പറയുന്നു.
സ്റ്റാര്‍ട്ടപ്പായ എഗ്ഗോസ് കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ വലിയ മുട്ടകളാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഭാരം കുറയ്ക്കാനും ആരോഗ്യ സംരക്ഷണത്തിനുമുള്ള ആഗോള ട്രെന്‍ഡുകള്‍ ആളുകള്‍ക്കിടയില്‍ പ്രോട്ടീനിന്റെ പ്രാധാന്യത്തെക്കുറിച്ച് വലിയ അവബോധം സൃഷ്ടിച്ചിട്ടുണ്ടെന്നും, പ്രത്യേകിച്ച് മസിലുകളുടെ ആരോഗ്യത്തിനും മികച്ച പോഷകാഹാരത്തിനും ഇത് അത്യാവശ്യമാണെന്ന് ആളുകള്‍ മനസ്സിലാക്കിയെന്നും എഗ്ഗോസ് സിഇഒയും സഹസ്ഥാപകനുമായ അഭിഷേക് നേഗി വ്യക്തമാക്കുന്നു. ഉപഭോക്താക്കളില്‍ നിന്ന് ഇതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡറുകള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.
വിലയും സൗകര്യവും നിര്‍ണായകം
കൂടുതല്‍ ആളുകളിലേക്ക് പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനായി താങ്ങാനാവുന്ന വിലയിലുള്ള ചെറിയ പാക്കറ്റുകളില്‍ ഇവ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനികള്‍. ഇന്ത്യയിലെ ചെറിയ നഗരങ്ങളിലേക്കും പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള അറിവ് ഇപ്പോള്‍ എത്തിത്തുടങ്ങിയിട്ടണ്ട്. വില, ഉല്‍പ്പന്നത്തിന്റെ രൂപം, ഉപഭോക്താക്കളുടെ വിശ്വാസ്യത എന്നിവയായിരിക്കും വരുംകാലങ്ങളില്‍ ഈ വിപണിയുടെ ഭാവി തീരുമാനിക്കുക. വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ ന്യൂട്രീഷന്‍ വിപണി 1.3 മടങ്ങ് വളരുമെന്നാണ് പ്രതീക്ഷ.