
ദില്ലി: കേന്ദ്രസർക്കാർ ഇനിയും നോട്ട് നിരോധിക്കുമോ എന്ന ചോദ്യത്തിന് പാർലമെന്റിൽ മറുപടിയുമായി കേന്ദ്രമന്ത്രി. കോൺഗ്രസ് രാജ്യസഭാ എംപി രാജീവ് ശുക്ലയാണ് രാജ്യസഭയിൽ ചോദ്യമുന്നയിച്ചത്. സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം ഉണ്ടായാൽ വീണ്ടും നോട്ട് അസാധുവാക്കൽ നടപടി ഉദ്ദേശിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുകയും നോട്ട് ഉപയോഗം കുറക്കുകയുമാണ് സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി. നാണയപ്പെരുപ്പം, ജിഡിപി വളർച്ച, പഴയ നോട്ടുകൾ മാറ്റൽ, കരുതൽ സ്റ്റോക്ക് ആവശ്യകതകൾ തുടങ്ങിയ പ്രധാന കാരണങ്ങളെ ആശ്രയിച്ചിരിക്കും അച്ചടിക്കേണ്ട നോട്ടുകളുടെ അളവ് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
ഓരോ വർഷവും അച്ചടിക്കേണ്ട നോട്ടുകളുടെ അളവും മൂല്യവും റിസർവ് ബാങ്കുമായി ആലോചിച്ച് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പണമൊഴുക്ക് കുറയ്ക്കുക എന്നത് നോട്ട് നിരോധനത്തിന്റെ ലക്ഷ്യമാണെന്ന ആരോപണം മന്ത്രി നിഷേധിച്ചു. നോട്ടുനിരോധനത്തിനുള്ള കാരണം വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ സർക്കുലർ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ മറുപടി. സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിൽ സർക്കാർ വീണ്ടും നോട്ട് നിരോധനം ആസൂത്രണം ചെയ്യുന്നുണ്ടോ എന്നായിരുന്നു കോൺഗ്രസ് എംഎൽഎയുടെ ചോദ്യം.
നോട്ടുനിരോധനത്തിനെതിരെ ഹര്‍ജി: ജനുവരി രണ്ടിന് വിധി പറഞ്ഞേക്കും
അതേസമയം, നോട്ടുനിരോധനക്കേസിൽ ജനുവരി രണ്ടിന് സുപ്രീം കോടതി വിധി പറഞ്ഞേക്കും. 2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി പറയുക. ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ് എ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. രാത്രി 12 മുതൽ അതുവരെ പ്രചാരത്തിലുണ്ടായിരുന്നതും ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നതുമായ 500, 1000 രൂപ നോട്ടുകൾ നിരോധിക്കുകയാണെന്ന് രാത്രി എട്ടിന് അദ്ദേഹം പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ നോട്ട് മാറിക്കിട്ടാൻ ആയിരങ്ങളാണ് ക്യൂവിൽ നിന്നത്. ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. 1000 രൂപയുടെ നോട്ടിന് പകരമായി 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കി. 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.