സുഡാനിലെ ആഭ്യന്തര യുദ്ധത്തിന് ആക്കം കൂട്ടുന്ന തരത്തിൽ സ്ഫോടകവസ്തുക്കൾ നൽകിയെന്നാരോപിച്ച് ഇന്ത്യൻ കമ്പനിയായ എസ്.ബി.എൽ എനർജി ലിമിറ്റഡിനും സി.ഇ.ഒ അലോക് ചൗധരിക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. സുഡാൻ സൈന്യത്തിന് സ്ഫോടകവസ്തുക്കൾ എത്തിക്കുന്ന ഒരു സുഡാനീസ് കമ്പനിക്കാണ് ഇന്ത്യൻ സ്ഥാപനം ഇവ നൽകിയത്

വാഷിംഗ്ടൺ: സുഡാനിലെ കടുത്ത ആഭ്യന്തര യുദ്ധത്തിന് ആക്കം കൂട്ടുന്ന തരത്തിൽ സ്ഫോടകവസ്തുക്കളും ആയുധങ്ങളും എത്തിച്ചു നൽകിയെന്ന ആരോപണത്തിൽ ഇന്ത്യൻ കമ്പനിക്കും സി.ഇ.ഒയ്ക്കും എതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഛത്തീസ്ഗഢിലെ റായ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഫോടകവസ്തു നിർമ്മാണ കമ്പനിയായ 'എസ്.ബി.എൽ എനർജി ലിമിറ്റഡ്' (അമിൻ എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിക്കും, സ്ഥാപനത്തിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇന്ത്യൻ പൗരനുമായ അലോക് ചൗധരി എന്നിവരുൾപ്പെടെ എട്ട് വ്യക്തികൾക്കുമെതിരെയാണ് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഉപരോധം പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുഡാനിലെ ഔദ്യോഗിക സൈന്യമായ സുഡാനീസ് ആംഡ് ഫോഴ്സും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള ആഭ്യന്തര യുദ്ധം മൂർച്ഛിച്ഛ സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സുഡാൻ സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിക്കുന്ന 'ടാർഗെറ്റ് മൾട്ടിആക്റ്റിവിറ്റീസ് കമ്പനി' എന്ന സുഡാൻ കമ്പനിക്കാണ് ഇന്ത്യൻ സ്ഥാപനം സ്ഫോടകവസ്തുക്കൾ നൽകിയത്. 2024 മുതൽ ഇതുവരെ ഇരുനൂറിലധികം തവണയാണ് എസ്.ബി.എൽ എനർജി ലിമിറ്റഡ് സുഡാനിലേക്ക് സ്ഫോടകവസ്തുക്കളും അനുബന്ധ സാമഗ്രികളും കയറ്റി അയച്ചത്.

സുഡാൻ സൈന്യം ജനവാസ മേഖലകളിൽ നടത്തുന്ന ബോംബാക്രമണങ്ങൾക്കായി ഈ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായി അമേരിക്ക ആരോപിക്കുന്നു. ഇന്ത്യൻ കമ്പനിയെ കൂടാതെ സുഡാൻ, ഈജിപ്ത്, പനാമ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെയും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. യു.എസിന്റെ ഈ നടപടിയോടെ, കരിമ്പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളുടെയും കമ്പനികളുടെയും അമേരിക്കയിലുള്ള മുഴുവൻ ആസ്തികളും മരവിപ്പിക്കപ്പെടും. കൂടാതെ യു.എസ് പൗരന്മാർക്കോ കമ്പനികൾക്കോ ഇവർക്കൊപ്പം ബിസിനസ്സ് ഇടപാടുകൾ നടത്തുന്നതിനും വിലക്കുണ്ടാകും.