കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

By Web DeskFirst Published Dec 7, 2017, 7:23 PM IST
Highlights

വ്യാപാരികളെ  ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാന്‍ പ്രോത്സാപ്പിക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ പുതിയ നീക്കങ്ങള്‍. കാര്‍ഡ് ഇടപാടുകള്‍ നടത്തുമ്പോള്‍ വ്യാപാരിയില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് കുറയ്‌ക്കും. ഇതിലൂടെ കൂടുതല്‍ വ്യാപാരികള്‍ പി.ഒ.എസ് മെഷീനുകള്‍ ഉപയോഗിച്ച് തുടങ്ങുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. 

നോട്ട് നിരോധനത്തിന് ശേഷം കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെങ്കിലും പി.ഒ.എസ് മെഷീനുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവൊന്നുമില്ല. 2016-17 സാമ്പത്തിക വര്‍ഷത്തിലുള്ള മെഷീനുകളുടെ എണ്ണം തന്നെയാണ് ഇപ്പോഴും. പി.ഒ.എസ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കുന്നതാണ് വ്യാപാരികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇടപാടുകളുടെ നിശ്ചിത ശതമാനം എന്ന കണക്കിലാണ് മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് ഈടാക്കുന്നത്. നിലവില്‍  1000 രൂപ വരെയുള്ള ഇടപാടിന് 0.25 ശതമാനവും  1000 രൂപ മുതല്‍ 2000 രൂപ വരെയുള്ള ഇടാപാടുകള്‍ക്ക് 0.5 ശതമാനവും 2000 രൂപയ്‌ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക്  ഒരു ശതമാനവുമാണ് ഫീസ് ഈടാക്കുന്നത്.

ജനുവരി ഒന്നു മുതല്‍ വ്യാപാരികളുടെ വിറ്റുവരവ് അടിസ്ഥാനപ്പെടുത്തി ഈ ഫീസ് പല തട്ടുകളാക്കാനാണ് തീരുമാനം. 20 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ പി.ഒ.എസ് /ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തുകയുടെ 0.40 ശതമാനം ഫീസ് നല്‍കണം. ക്യു.ആര്‍ കോഡ് വഴിയുള്ള ഇടപാടുകള്‍ക്ക് 0.30 ശതമാനവും ഫീസ് നല്‍കണം. എന്നാല്‍ ഇടപാടിന് പരമാവധി 200 രൂപ മാത്രമേ നല്‍കേണ്ടതുള്ളൂ. എന്നാല്‍ 20 ലക്ഷം രൂപയ്‌ക്കു മേല്‍ വിറ്റുവരവുള്ളവര്‍ക്ക് ഫീസ് കൂടുതലാണ്. ഇത്തരക്കാര്‍ പി.ഒ.എസ് /ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് 0.90 ശതമാനം ഫീസ് നല്‍കണം. ക്യു.ആര്‍ കോഡ് ഇടപാടിന് 0.80 ശതമാനമാണ് ഫീസ്. പരമാവധി 1000 രൂപയാണ് ഈ വിഭാഗത്തില്‍ നിന്ന് ഒരു ഇടപാടിന് ഈടാക്കുന്നത്. ഫീസ് കുറയ്‌ക്കുന്നതിനാല്‍ കൂടുതല്‍ വ്യാപാരികള്‍ ഇനി കാര്‍ഡ് സ്വീകരിക്കാന്‍ തുടങ്ങും.

click me!