ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് കരാർ ഒപ്പുവെച്ചത്.
ദില്ലി: തപാൽ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യയും ബ്രസീലും. തപാൽ സേവനങ്ങൾ, ഡിജിറ്റൽ രംഗത്തേക്കുള്ള മാറ്റം, എല്ലാവരെയും ഉൾക്കൊള്ളുന്ന സേവന വിതരണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ഈ കരാർ സഹായിക്കും. ഇന്ത്യയുടെ തപാൽ വകുപ്പും ബ്രസീലിന്റെ വാർത്താവിനിമയ മന്ത്രാലയവും തമ്മിലാണ് കരാർ. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് കരാർ ഒപ്പുവെച്ചത്. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ബ്രസീൽ വാർത്താവിനിമയ മന്ത്രി ഫ്രെഡറിക്കോ ഡി സിക്വേര ഫിൽഹോയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ജനങ്ങളുടെ വളർച്ചയ്ക്കും ഡിജിറ്റൽ രംഗത്തെ മുന്നേറ്റത്തിനും സഹായകമാകുന്ന ഭാവിയുടെ തപാൽ ശൃംഖലകളാണ് ഒരുമിച്ച് നിർമ്മിക്കുന്നതെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എക്സിൽ കുറിച്ചു.
ഇരു രാജ്യങ്ങളും പ്രധാനമായും സഹകരിക്കുന്ന പ്രധാന കാര്യങ്ങൾ
തപാൽ നയങ്ങളിലും പ്രവർത്തനങ്ങളിലും മികച്ച മാതൃകകളും വൈദഗ്ധ്യവും പരസ്പരം കൈമാറും.
യൂണിവേഴ്സൽ സർവീസ്, അഡ്രസിംഗ് സിസ്റ്റം എന്നിവ ശക്തിപ്പെടുത്തും.
ഡിജിറ്റൽ രംഗത്തേക്കുള്ള മാറ്റം, ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ്, തപാൽ സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ സഹകരിക്കും.
ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനും സാങ്കേതിക സഹായങ്ങൾ കൈമാറുന്നതിനും ധാരണയായി.
ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുള്ള പുതിയ പദ്ധതികൾ ഒരുമിച്ച് നടപ്പാക്കും.
യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) പോലുള്ള അന്താരാഷ്ട്ര വേദികളിൽ ഒരുമിച്ച് പ്രവർത്തിക്കും.
സുസ്ഥിര വളർച്ച ലക്ഷ്യമിട്ട് സൗത്ത്-സൗത്ത് സഹകരണം പ്രോത്സാഹിപ്പിക്കും.
കരാർ നടപ്പാക്കുന്നത് എങ്ങനെ?
ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും സന്ദർശനങ്ങൾ, സംയുക്ത ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ, വിവരങ്ങൾ പങ്കുവെക്കൽ എന്നിവയിലൂടെയാകും കരാർ നടപ്പാക്കുക. ഡിജിറ്റൽ സേവനങ്ങൾ, ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ്, പൗരന്മാർക്കുള്ള സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ അനുഭവസമ്പത്ത് ബ്രസീലുമായി പങ്കുവെക്കും.
