നേട്ടം യുപിക്കും മഹാരാഷ്ട്രയ്ക്കും മാത്രം, പണപ്പെരുപ്പം കണക്കാക്കുന്ന പുതിയ രീതിയിൽ പാളിച്ചയെന്ന് എസ്ബിഐ

Published : Feb 13, 2026, 12:55 PM IST
നേട്ടം യുപിക്കും മഹാരാഷ്ട്രയ്ക്കും മാത്രം, പണപ്പെരുപ്പം കണക്കാക്കുന്ന പുതിയ രീതിയിൽ പാളിച്ചയെന്ന് എസ്ബിഐ

Synopsis

മാർക്കറ്റുകൾക്ക് പുറമെ, വിലനിലവാരം കണക്കാക്കുന്ന ഉൽപ്പന്നങ്ങളുടെ എണ്ണത്തിലും പുതിയ സി.പി.ഐയിൽ മാറ്റമുണ്ട്.

ദില്ലി: രാജ്യത്തെ പണപ്പെരുപ്പം കണക്കാക്കാൻ ഉപയോഗിക്കുന്ന ഉപഭോക്തൃ വില സൂചികയുടെ പുതിയ രീതിയിൽ, ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് എസ്ബിഐ റിപ്പോർട്ട്. പണപ്പെരുപ്പ ഡാറ്റ കണക്കാക്കുന്നതിനായി പുതുതായി ഉൾപ്പെടുത്തിയ മാർക്കറ്റുകളിൽ ഭൂരിഭാഗവും ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് കണക്കുകളിൽ ഒരുതരം ചായ്‌വ് ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2024-ലെ പുതിയ സി.പി.ഐയിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ 565 പുതിയ മാർക്കറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ 43 ശതമാനവും യുപിയിലും മഹാരാഷ്ട്രയിലുമാണ്.

മാർക്കറ്റുകൾക്ക് പുറമെ, വിലനിലവാരം കണക്കാക്കുന്ന ഉൽപ്പന്നങ്ങളുടെ എണ്ണത്തിലും പുതിയ സി.പി.ഐയിൽ മാറ്റമുണ്ട്. 2012-ലെ പട്ടികയിൽ 299 ഉൽപ്പന്നങ്ങളാണുണ്ടായിരുന്നതെങ്കിൽ, 2024-ൽ ഇത് 358 ആയി ഉയർന്നു. ഇതിൽ സാധനങ്ങളുടെ എണ്ണം 259-ൽ നിന്ന് 314 ആയും സേവനങ്ങളുടെ എണ്ണം 40-ൽ നിന്ന് 50 ആയും വർധിച്ചു. ഗ്രാമീണ ഭവനം, ഓൺലൈൻ സ്ട്രീമിംഗ് സേവനങ്ങൾ, പാൽ അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾ, ബാർലി, പെൻഡ്രൈവ്, എക്സ്റ്റേണൽ ഹാർഡ് ഡിസ്ക്, ആയ, ബേബിസിറ്റർ, വ്യായാമത്തിനുള്ള ഉപകരണങ്ങൾ എന്നിവയാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്. അതേസമയം, കാലഹരണപ്പെട്ട വിസിആർ/വിസിഡി/ഡിവിഡി പ്ലെയർ, റേഡിയോ, ടേപ്പ് റെക്കോർഡർ, ഉപയോഗിച്ച വസ്ത്രങ്ങൾ, സിഡി/ഡിവിഡി കാസറ്റുകൾ, കയർ തുടങ്ങിയവയെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

2011-ലെ സെൻസസ് പ്രകാരം 25 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 12 നഗരങ്ങളിലെ 12 ഓൺലൈൻ മാർക്കറ്റുകളും പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുംബൈ, ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, സൂറത്ത്, പുണെ, ജയ്പൂർ, ലഖ്‌നൗ, കാൺപൂർ എന്നിവയാണ് ഈ നഗരങ്ങൾ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വില വ്യതിയാനങ്ങൾ ആഴ്ചതോറും നിരീക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ, 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയതിനാൽ, അതിവേഗം വളരുന്ന ഇൻഡോർ, പട്‌ന, നാഗ്പൂർ, ഭോപ്പാൽ, താനെ തുടങ്ങിയ നഗരങ്ങൾ പട്ടികയിൽ നിന്ന് പുറത്തായി. ഈ നഗരങ്ങളെല്ലാം 25 ലക്ഷം ജനസംഖ്യയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നവയാണ്.

പുതിയ രീതി പ്രകാരം 2026 ജനുവരിയിലെ പണപ്പെരുപ്പം 2.75 ശതമാനമാണ്. പഴയ രീതിയിൽ ഇത് 2.55 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 2.73 ശതമാനവും നഗരങ്ങളിൽ 2.77 ശതമാനവുമാണ്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 2.13 ശതമാനമായി രേഖപ്പെടുത്തി.

പുതിയ സി.പി.ഐ പ്രകാരം 2026 ജനുവരിയിലെ അടിസ്ഥാന പണപ്പെരുപ്പം 3.4 ശതമാനമാണ്. പഴയ രീതിയിൽ ഇത് ഏകദേശം 4.15 ശതമാനമായിരുന്നു. സ്വർണത്തിന്റെ വെയ്റ്റേജ് കുറച്ചതാണ് അടിസ്ഥാന പണപ്പെരുപ്പം കുറയാൻ പ്രധാന കാരണം. 2012-ലെ പട്ടികയിൽ 1.08 ശതമാനമായിരുന്ന സ്വർണത്തിന്റെ വെയ്റ്റേജ്, 2024-ൽ 0.62 ശതമാനമായി കുറഞ്ഞു.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

കനത്ത ഇടിവ് നേരിട്ട് ഓഹരി വിപണി; കൂപ്പുകുത്തി ഐടി ഓഹരികൾ
അടിസ്ഥാന വർഷത്തിലെ മാറ്റങ്ങൾ ആർബിഐയെ ബാധിക്കില്ല: യൂണിയൻ ബാങ്ക് റിപ്പോർട്ട് പുറത്ത്