ചിരിപ്പിച്ച് രസിപ്പിക്കുന്ന 'ത്രിശങ്കു'- റിവ്യു

By Web TeamFirst Published May 26, 2023, 3:12 PM IST
Highlights

അര്‍ജുൻ അശോകൻ നായകനായ പുതിയ ചിത്രം 'ത്രിശങ്കു'വിന്റെ റിവ്യു.

സിറ്റുവേഷൻ കോമഡികളാല്‍ രസിപ്പിക്കുന്ന ഒരു ചിത്രമാണ് 'ത്രിശങ്കു'. സിനിമയുടെ പേരുപോലെ തന്നെ പ്രധാന കഥാപാത്രങ്ങള്‍ 'ത്രിശങ്കു'വിലാകുന്ന സാഹചര്യത്തില്‍ സാന്ദര്‍ഭികമായി ഉണ്ടാകുന്ന കോമഡികളാണ് പ്രധാന ഹൈലൈറ്റ്. വളരെ മനോഹരമായ ഒരു പ്രണയവും ചിത്രത്തിന്റെ ആകര്‍ഷണമാണ്. സമാന്തരമായുള്ള ഒരു പ്രണയ തകര്‍ച്ചയും ചിത്രത്തിന് മറ്റൊരു അടരുകൂടി ചേര്‍ക്കുന്നു.

'സേതു'വും 'മേഘ'യും കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലാണെന്ന് വ്യക്തമാക്കിയാണ് 'ത്രിശങ്കു'വിന്റെ ആരംഭം. സ്വാഭാവികമെന്നോണം 'മേഘ'യുടെ വിവാഹ ആലോചനകള്‍ വളരെ സജീവമാകുന്ന ഒരു ഘട്ടത്തില്‍ ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുന്നു. വീട്ടുകാര്‍ കണ്ടെത്തരുതെന്ന് കരുതി കോയമ്പത്തൂരിലേക്ക് പോകാൻ രാവിലെ തന്നെ 'മേഘ' ബസ്‍ സ്റ്റാൻഡില്‍ എത്തി 'സേതു'വിനെ കാത്തിരിക്കുന്നു. തുടര്‍ന്ന് 'സേതു'വും തന്ത്രപരമായി 'മേഘ'യ്ക്കടുത്തേക്ക് ബൈക്കില്‍ പോകുംവഴി വീട്ടില്‍ നിന്ന് ഒരു കോള്‍ വരുന്നതോടെ കഥാഗതിയില്‍ വലിയൊരു ട്വിസ്റ്റ് സംഭവിക്കുന്നു.

'മേഘ'യെ ഒരു നിമിഷം മറന്ന 'സേതു'വിന് തന്റെ വീട്ടിലേക്ക് തിരിച്ചുപോകേണ്ടി വരുന്നു. 'സേതു'വിന്റെ വീട്ടിലുണ്ടായ ഒരു സംഭവത്തിന്റെ സംഘര്‍ഷത്തിലാണ് മാതാപിതാക്കളും അമ്മാവൻമാരുമൊക്കെ. അത് പരിഹരിക്കാൻ അമ്മാവൻമാര്‍ക്കൊപ്പം 'സേതു'വിനും ഇറങ്ങിത്തിരിക്കേണ്ടി വരുന്നു. മംഗലാപുരത്തേയ്‍ക്കുള്ള ബസില്‍ 'സേതു'വും അമ്മാവനും യാത്ര തിരിക്കുന്നു. അതേ ബസില്‍ 'മേഘ'യും കയറുന്നതോടെയാണ് ചിത്രത്തിന്റെ കഥാഗതി രസകരമായും സംഭവബഹുലവുമാകുന്നത്. കാമുകി 'മേഘ'യുമായുള്ള അടുപ്പം അമ്മാവൻമാര്‍ അറിയാതിരിക്കാനുള്ള സേതുവിന്റെ തത്രപ്പാടുകളാണ് പിന്നീട്. അമ്മാവൻമാര്‍ക്കും 'സേതു'വിനുമൊപ്പം 'മേഘ'യും ചില സാഹചര്യങ്ങളാല്‍ ചേരുകുയും മകളെ അന്വേഷിച്ച് മുൻ പൊലീസ് ഓഫീസര്‍ കൂടിയായ അച്ഛൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്നതോടെ ചിത്രം ആകാംക്ഷാഭരിതമാകുകയും ചെയ്യുന്നു.

അച്യുത് വിനായകാണ് ചിത്രത്തിന്റെ സംവിധാനം. രസകരമായ ഒരു ട്രാവല്‍ കോമഡിയായി ചിത്രം അവതരിപ്പിച്ചിരിക്കുകയാണ് അച്യുത് വിനായക്. യുവാക്കള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ രസിക്കുന്ന തരത്തിലാണ് 'ത്രിശങ്കു' അച്യുത് വിനായക് ഒരുക്കിയിരിക്കുന്നത്. അജിത്ത് നായരും അച്യുത് വിനായകും തിരക്കഥയില്‍ പ്രേക്ഷകന് കണക്റ്റാവുന്ന സന്ദര്‍ഭങ്ങള്‍ കോര്‍ത്തെടുക്കാൻ ബുദ്ധിപൂര്‍വം ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്തം. സ്വാഭാവികമായുള്ള ചില സന്ദര്‍ഭങ്ങളില്‍ നിന്ന് ചിരിസാഹചര്യങ്ങള്‍ വളരെ രസകരമായി ഇണക്കിച്ചേര്‍ക്കുകയാണ് 'ത്രിശങ്കു'വില്‍ അച്യുത് വിനായകും അജിത്ത് നായരും. സംഭാഷണങ്ങള്‍ക്കും അതേ സ്വാഭാവികത തന്നെ. കഥപറച്ചലിന്റെ ഒഴുക്കും ചിത്രത്തിന്റെ പ്രത്യേകതയാകുന്നു.

നായകൻ 'സേതു'വായിരിക്കുന്നത് അര്‍ജുൻ അശോകനാണ്. മലയാളത്തിന്റെ പുതു തലമുറയുടെ സൗഹൃദം സ്വന്തമാക്കുന്ന തരത്തിലാണ് അര്‍ജുന്റെ 'സേതു' എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും. പക്വതയോടെയും സ്വാഭാവികമായും 'സേതു'വിന്റെ ചിന്തകളും ഭാവവും പകര്‍ത്താൻ അര്‍ജുനായിരിക്കുന്നു. 'സേതു' പ്രണയിക്കുന്ന പെണ്‍കുട്ടിയെന്നതിലുപരി തന്റേടമുള്ള കഥാപാത്രമാണ് അന്ന ബെൻ അവതരിപ്പിച്ചിരിക്കുന്ന 'മേഘ'. പ്രണയത്തിലും തിരിച്ചറിവുള്ള കഥാപാത്രമാണ് 'മേഘ'. 'മേഘ'യായി പാകത്തിലാണ് അന്നയുടെ പകര്‍ന്നാട്ടം. കൃഷ്‍ണ കുമാര്‍, സുരേഷ് കൃഷ്‍ണ, ടി ജി രവി, നന്ദു തുടങ്ങിയവരെല്ലാം അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു.

'ത്രിശങ്കു'വിന്റെ പ്രമേയത്തോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ തന്നെ കേള്‍വിയിലും ഇമ്പമുള്ളതാണ് ഗാനങ്ങള്‍. പ്രേക്ഷകര്‍ ആവര്‍ത്തിച്ചുപാടി ഹിറ്റാക്കിയേക്കാവുന്ന ഒട്ടേറെ വരികള്‍ ഗാനത്തിലുണ്ട്. ജയ് ഉണ്ണിത്താനാണ് സംഗീത സംവിധാനം. ചിത്രത്തെ പ്രേക്ഷകനോട് ചേര്‍ക്കുംവിധമുള്ള പശ്ചാത്തല സംഗീതവുമാണ് ജയ് ഉണ്ണിത്താൻ ഒരുക്കിയിരിക്കുന്നത്.

ജയേഷ് മോഹന്റെയും അജ്‍മല്‍ സാബുവിന്റെയും ഛായാഗ്രാഹണം 'തൃശങ്കു'വിന് ചടുലത കൈവരുത്തുന്നു. യാത്രയിലും മംഗാലാപുരത്തെത്തിയ ദൃശ്യങ്ങളിലും ഇവരുടെ ക്യാമറയുടെ കയ്യൊപ്പ് കാണാം. കളര്‍ ടോണും കഥാഗതിക്കൊത്ത് ആണ്. രാകേഷ് ചെറുമഠത്തിന്റെ കട്ടുകളും 'ത്രിശങ്കു'വെന്ന ചിത്രത്തിന് ഗുണകരമായിരിക്കുന്നു.

Read More: 'ആശാൻ വിളിച്ചു പറഞ്ഞിട്ടാകുമോ പുറത്താക്കിയത്?,' ബിഗ് ബോസിലേക്ക് ഭര്‍ത്താവ് വിളിച്ച സംഭവത്തില്‍ ശ്രുതി

click me!