ബ്രോമാന്‍സ്: ഒരു ചിരി സംഘത്തിന്‍റെ ആഘോഷയാത്ര - റിവ്യൂ

Published : Feb 14, 2025, 02:02 PM IST
ബ്രോമാന്‍സ്: ഒരു ചിരി സംഘത്തിന്‍റെ ആഘോഷയാത്ര - റിവ്യൂ

Synopsis

സഹോദര സ്നേഹവും ചിരിയും നിറഞ്ഞൊരു ഫണ്‍ റൈഡാണ് ബ്രോമാന്‍സ്. 

പ്രണയദിനത്തിലാണ് ബ്രോമാന്‍സ് ഇറങ്ങിയിരിക്കുന്നത്, എന്നാല്‍ ഈ ചിത്രത്തില്‍ പ്രണയം ഒരു പ്രധാന വിഷയം അല്ല. ഒരു ഫണ്‍ റൈഡായി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ രസക്കൂട്ടുകളില്‍ ഒന്ന് മാത്രമാണ് പ്രണയം. തീയറ്ററില്‍ എല്ലാവരിലും ചിരി ഉണര്‍ത്തുന്ന മുഹൂര്‍ത്തങ്ങളാണ് ബ്രോമാന്‍സ് നല്‍കുന്നത്. 

ഷിന്‍റോയും ബിന്‍റോയും സഹോദരങ്ങളാണ്. പഞ്ചായത്തിലെ എലിജിബിള്‍ ബാച്ചിലറായി തുടരുന്ന ഷിന്‍റോയുടെ അനിയന്‍ എന്ന പദവിയാണ് ബിന്‍റോ. അതിന്‍റെ എല്ലാ നിരാശയും സങ്കടവും ബിന്‍റോയില്‍ ഉണ്ട്. അതിനാല്‍ നാട്ടുകാരും വീട്ടുകാരും ഷിന്‍റോയെ കണ്ട് പഠിക്ക് എന്ന് പറയുന്നു. എന്നാല്‍ ബിന്‍റോയുടെ ഈ പ്രശ്നങ്ങള്‍ തിരച്ചറിയുന്നുണ്ട്. 

ഒരു പുതുവത്സര രാവില്‍ ഷിന്‍റോയുടെ സുഹൃത്ത് ഷബീര്‍ ബിന്‍റോയെ വിളിച്ച് ഷിന്‍റോയെ കാണാനില്ല എന്ന പറയുന്നതോടെയാണ് കഥയുടെ ആരംഭം. അങ്ങനെ പുതുവര്‍ഷ ദിനത്തില്‍ കൊച്ചിയില്‍ ബസിറങ്ങുന്ന ബിന്‍റോ നേരിടേണ്ട പ്രതിസന്ധികളും അതിലേക്ക് വന്നു ചേരുന്ന ഹാക്കറായ ഹരിഹര പുത്രനും, കൊറിയര്‍ ബാബുവും, ഡന്‍റിസ്റ്റായ ഐശ്വര്യയും എല്ലാം ചേര്‍ന്നുള്ള ഒരു ഫണ്‍ റൈഡാണ് ചിത്രം. 

പേര് സൂചിക്കുന്നത് പോലെ സഹോദര സ്നേഹം പടത്തിന്‍റെ പ്രധാന വിഷയമാണ്. എന്നാല്‍ പ്രേക്ഷകനെ ഒരിക്കലും മടുപ്പിക്കാത്ത രീതിയിലാണ് സംവിധായകന്‍ അരുൺ ഡി ജോസ് ചിത്രം ഒരുക്കിയിരിക്കുന്നത്. 18+, ജോ ആന്‍റ് ജോ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന് മൂന്നാമത്തെ പടത്തിലും ഉന്നം തെറ്റിയില്ലെന്ന് പറയാം. 

ചടുലമായ ഒരു ആവിഷ്കാരം ചിത്രത്തിന് സാധ്യമാകുന്നത് സംവിധായകന്‍റെ കഥയ്ക്ക് തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്ന് എഴുതിയ തിരക്കഥയും സംഭാഷണവുമാണ്. പുതുതലമുറയുടെ വൈബ് മീറ്ററിനൊപ്പം നീങ്ങുന്ന സംഭാഷണങ്ങളും, റഫറന്‍സുകളും ഗംഭീരമാണ്. കലാഭവന്‍ ഷജോണിന്‍റെ കൊറിയര്‍ ബാബു എന്ന ക്യാരക്ടറും അതിന് നല്‍കിയിരിക്കുന്ന 'കൊറിയന്‍ സിനിമ ലുക്കും' തീയറ്ററിലെ ഓളത്തിന് ചേരുന്ന പടത്തിലെ ആഖ്യാന കൗതുകങ്ങളുടെ ചെറിയൊരു ഉദാഹരണമാണ്. 

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്.  കൊച്ചിയും കുടകും ഒക്കെ ആവിഷ്കരിച്ച  അഖിൽ ജോർജിന്‍റെ ക്യാമറയും,  ചമൻ ചാക്കോയുടെ എഡിറ്റിംഗും മികച്ച നിലവാരം നല്‍കുന്ന ചിത്രത്തിന്. ജെൻ സീ ആന്തം അടക്കം ഗോവിന്ദ് വസന്ത് ഒരുക്കിയ ഗാനങ്ങളും ചിത്രത്തിന്‍റെ പാശ്ചത്തല സംഗീതവും ഒരു റോഡ് ട്രിപ്പിനെ ഓര്‍മ്മിപ്പിക്കുന്ന ചിത്രത്തിന്‍റെ താളത്തെ ശരിക്കും പ്രേക്ഷകനില്‍ എത്തിക്കുന്നുണ്ട്. 

മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരുടെ കോംബോ ശരിക്കും ചിത്രത്തെ മികച്ച അനുഭവമാക്കുന്നു.  

പുതിയ തലമുറയുടെ അഭിരുചികളെ മനസിലാക്കി അവരുടെ രീതികളെ പിന്‍പറ്റി ചിത്രങ്ങള്‍ ഒരുക്കി വിജയിച്ച സംവിധായകന്‍ പുതിയൊരു പടവുമായി എത്തുമ്പോള്‍ മേല്‍ഘടകങ്ങളെ കൂടുതല്‍ പോഷിപ്പിക്കുന്നു. അത് ചിരിയായി തീയറ്ററില്‍ നിന്നും ലഭിക്കുന്നു. ഒരു ആഘോഷ ചിരിചിത്രം ആഗ്രഹിക്കുന്നവര്‍ക്ക് ബ്രോമാന്‍സ് ഒരു നല്ല അനുഭവം നല്‍കും. 

സൗഹൃദം, പിന്നെ പ്രണയവും... "ബ്രോമാൻസ്" പ്രണയദിനത്തിൽ

വേറിട്ട ട്രാക്കുമായി ഗോവിന്ദ് വസന്ത; 'ബ്രൊമാന്‍സി'ലെ അടുത്ത ഗാനം എത്തി

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
ത്രസിപ്പിക്കുന്ന ത്രില്ലര്‍, ഇമോഷണല്‍, ഈ ധീരം- റിവ്യു