
പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ ഏത് തരം ചിത്രമെന്ന് പ്രേക്ഷകരെ കൃത്യമായി ധരിപ്പിച്ചുകൊണ്ട് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ മാര്‍ക്കോയ്ക്ക് ശേഷം തീര്‍ത്തും വ്യത്യസ്തമായ റോളില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്ന ചിത്രം എന്നതും സിനിമാ പ്രേമികളില്‍ കൗതുകം സൃഷ്ടിച്ച കാര്യമായിരുന്നു. ഉണ്ണി മുകുന്ദനിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന നടന് തെളിവാകുന്നുണ്ട് ഗെറ്റ് സെറ്റ് ബേബിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അര്‍ജുന്‍ ബാലകൃഷ്ണന്‍.
കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സെന്‍സിറ്റിവിറ്റിയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തെ അര്‍ഹിക്കുന്ന പരിഗണന നല്‍കി എഴുതിയിട്ടുണ്ട് ഇരുവരും. ഈ തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള, ഐവിഎഫ് സ്പെഷലിസ്റ്റ് ആയ ഗൈനക്കോളജിസ്റ്റ് ആണ് ഡോ. അര്‍ജുന്‍ ബാലകൃഷ്ണന്‍. കുട്ടികള്‍ ഉണ്ടാവാനായി നീണ്ട കാത്തിരിപ്പ് നടത്തിയ നിരവധി ദമ്പതികള്‍ക്ക് ആശ്വാസം പകര്‍ന്ന ഡോക്ടറെന്ന് പേരുകേട്ടയാളാണ് അര്‍ജുന്‍. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ കുറവായ ഗൈനക്കോളജി വിഭാഗത്തില്‍ മികച്ച ഡോക്ടറെന്ന് പേരെടുത്ത അര്‍ജുന്‍റെ കരിയറും വ്യക്തിജീവിതവും ചേരുന്നതാണ് ഗെറ്റ് സെറ്റ് ബേബിയുടെ പശ്ചാത്തലം.
ഗര്‍ഭധാരണം പശ്ചാത്തലമാക്കുന്ന ചില ചിത്രങ്ങള്‍ മുന്‍പ് വന്നിട്ടുണ്ടെങ്കിലും ഒരു ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടില്‍, അതും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഒരു ചിത്രം മലയാളത്തില്‍ ആദ്യമായിട്ടാവും. പറയുന്ന വിഷയത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ല എന്നതാണ് ഗെറ്റ് സെറ്റ് ബേബിയുടെ തിരക്കഥയിലെ എടുത്തുപറയേണ്ട കാര്യം. കേവലം എന്‍റര്‍ടെയ്‍ന്‍മെന്‍റിനുവേണ്ടി ഏച്ചുകെട്ടിയതായി തോന്നുന്ന സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ ഇല്ല. മറിച്ച് പറയുന്ന വിഷയത്തില്‍ നിന്നുതന്നെ അത്തരം മുഹൂര്‍ത്തങ്ങള്‍ രചയിതാക്കള്‍ സൃഷ്ടിച്ചിട്ടുണ്ട് താനും. മൂന്നാമത്തെ ചിത്രം ആവുമ്പോഴേക്ക് തഴക്കമുള്ള ഒരു സംവിധായകന്‍റെ സാന്നിധ്യം അറിയിക്കുന്നുണ്ട് വിനയ് ഗോവിന്ദ്. കുട്ടികള്‍ക്കായുള്ള കാത്തിരിപ്പ്, അതിന്‍റെ സാമൂഹികമായ സമ്മര്‍ദ്ദം എന്നിവ വളരെ ലളിതമായും അതേസമയം ശക്തമായും അവതരിപ്പിക്കുന്ന ചിത്രം വിഷയത്തിന്‍റെ വിവിധ തലങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്.
പറയുന്ന വിഷയത്തിനൊപ്പം ഉണ്ണി മുകുന്ദന്‍റെ പ്രകടനവും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആണ്. മാര്‍ക്കോയിലെ ടൈറ്റില്‍ കഥാപാത്രത്തിന് തൊട്ടുപിന്നാലെ എത്തിയ ചിത്രമായതിനാല്‍ ഉണ്ണിയിലെ നടനെ പ്രേക്ഷകര്‍ക്ക് മാറ്റുരച്ച് നോക്കാനുള്ള സന്ദര്‍ഭം കൂടിയാണ് ഗെറ്റ് സെറ്റ് ബേബി. എന്നാല്‍ ആ ടെസ്റ്റ് അദ്ദേഹം എളുപ്പത്തില്‍ പാസ് ആയിട്ടുണ്ട്. ജീവിതത്തെയും കരിയറിനെയും ഏറ്റവും പോസിറ്റീവ് ആയി കാണുന്ന അര്‍ജുന് വ്യക്തിപരമായ ചില പ്രതിസന്ധികളിലൂടെയും കടന്നുപോകേണ്ടിവരുന്നുണ്ട്. ഇമോഷണല്‍ രംഗങ്ങളിലെ പ്രകടന മികവാണ് എടുത്ത് പറയേണ്ടത്. നന്നായി എഴുതപ്പെട്ടിട്ടുള്ള ഇമോഷന്‍സ് ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് പകരാന്‍ ഉണ്ണിയിലെ നടന് സാധിച്ചിട്ടുണ്ട്.
നിഖില വിമല്‍ ആണ് ചിത്രത്തിലെ നായികയും അര്‍ജുന്‍റെ ഭാര്യയുമായി എത്തുന്നത്. നിഖിലയുടേതും കാമ്പുള്ള കഥാപാത്രമാണ്. ചെമ്പന്‍ വിനോദ് ജോസ്, ശ്യാം മോഹന്‍, സുരഭി ലക്ഷ്മി, ജോണി ആന്‍റണി, സുധീഷ്, ദിനേഷ് പ്രഭാകര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. ഏറെയും ഇന്‍റീരിയറില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഗെറ്റ് സെറ്റ് ബേബി. എന്നാല്‍ അത് പ്രേക്ഷകര്‍ക്ക് ഒട്ടും മടുപ്പ് തോന്നാത്ത രീതിയിലും പോസിറ്റിവിറ്റി അനുഭവപ്പെടുന്ന രീതിയിലും ഷൂട്ട് ചെയ്തിരിക്കുന്നത് അലക്സ് ജെ പുളിക്കല്‍ ആണ്. അര്‍ജു ബെന്നിന്‍റെ എഡിറ്റിംഗും ചേര്‍ന്ന് വിഷ്വലി ഒരു ക്ലീന്‍ അനുഭവമാകുന്നു ഗെറ്റ് സെറ്റ് ബേബി. കുടുംബ പ്രേക്ഷകരാണ് പ്രധാന ടാര്‍ഗറ്റ് ഓഡിയന്‍സ് എങ്കിലും എല്ലാത്തരം പ്രേക്ഷകര്‍ക്കും കണക്റ്റ് ചെയ്യാന്‍ സാധിക്കുന്ന വിഷയമാണ് ചിത്രം പറയുന്നത്.
ALSO READ : അയ്യങ്കാളിയാവാന്‍ സിജു വില്‍സണ്‍; ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം 'കതിരവൻ' വരുന്നു