ഇതൊരു ഫ്രഷ് 'പൈങ്കിളി' പടം - റിവ്യൂ

Published : Feb 14, 2025, 02:32 PM IST
ഇതൊരു ഫ്രഷ് 'പൈങ്കിളി' പടം - റിവ്യൂ

Synopsis

സജിൻ ഗോപു നായകനായ പൈങ്കിളി എന്ന ചിത്രം പ്രണയവും നർമ്മവും കോർത്തിണക്കിയ ഒരു കഥയാണ് പറയുന്നത്. 

'അംബാനും' 'മരിയോ' യ്ക്കും ശേഷം സജിൻ ഗോപു എന്ന നടന്റെ മറ്റൊരു വിസ്മയം തന്നെയാണ് പൈങ്കിളി. നടൻ ശ്രീജിത്ത്‌ ബാബു സംവിധാനം ചെയ്ത ആദ്യ സിനിമ പൈങ്കിളി പ്രണയദിനത്തിൽ റിലീസിന് എത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്. ചിത്രത്തിന്റെ ടൈറ്റിലിനോട് നീതി പുലർത്തുന്ന കംപ്ലീറ്റ് ഫൺ പാക്ക്‌ഡ് ചിത്രം. എന്തുകൊണ്ട് പൈങ്കിളി കാണണം എന്നതിൽ സൂപ്പർ ഹിറ്റായ രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രം. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെയും അർബൻ ആനിമലിന്റെയും ബാനറിൽ ഫഹദ് ഫാസിലും ജിതു മാധവനും ചേർന്നൊരുക്കുന്ന ചിത്രം. 

ചെറിയ ഗ്രാമത്തിലെ വളരെ സാധാരണമായ ഒരു കൂട്ടം മനുഷ്യരും അവർക്കിടയിൽ നടക്കുന്ന ചില സംഭവങ്ങളെ തമാശയുടെ മെമ്പടിയോടെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച സജിൻ ഗോപു എന്ന നടന്റെ കരിയറിൽ സുകു ഒരു മുതൽകൂട്ടാവുമെന്ന് നിസംശയം പറയാം. ഷീബ ബേബി എന്ന കഥാപാത്രമായി എപ്പോഴത്തെയും പോലെ അനശ്വരയും തകർത്താടി. വളരെ സാധാരണമായ കഥ പരിസരത്ത് വന്നു പോകുന്ന ഓരോരുത്തരും തങ്ങളുടെ സ്പേസ് ഗംഭീരമാക്കി. 

വിവാഹം കഴിക്കാൻ താത്പര്യമില്ലാത്ത ഷീബ ബേബിയിൽ നിന്ന് തന്നെയാണ് കഥ തുടങ്ങുന്നത്. വീട്ടിൽ ഉറപ്പിക്കുന്ന വിവാഹലോചനകളിൽ നിന്ന് രക്ഷപെടാൻ ഒളിച്ചോടിക്കൊണ്ടിരിക്കുന്ന ഷീബ ബേബിയെ രസകരമായാണ് അനശ്വര അവതരിപ്പിച്ചിരിക്കുന്നത്. വളരെ ലൗഡായ പ്രത്യേകിച്ച് ആരോടും ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത ഒരു പെൺകുട്ടി. കല്യാണത്തിൽ നിന്ന് രക്ഷപെടാൻ ഒറ്റയ്ക്കല്ല ഒളിച്ചോടെണ്ടത് ഒരു പ്രണയം വേണമെന്നും ആ പ്രണയിക്കുന്ന ആളുടെ കൂടെവേണം ഒളിച്ചോടാൻ എന്ന കൂട്ടുകാരിയുടെ വാക്കുകൾ ഉൾകൊണ്ട ഷീബ ബേബി പിന്നീട് അങ്ങോട്ട് തുനിഞ്ഞിറങ്ങുകയാണ്.പലരെയും കണ്ടെത്തുമെങ്കിലും നിരാശയാണ് ഷീബ ബേബിയെ തേടിയെത്തിയത്. 

ഫേസ്ബുക്ക്‌ വാളുകളിൽ ക്രിഞ്ച് പോസ്റ്റുകളിട്ട് സ്വയം അഭിമാനിക്കുന്നു ഒരു വസന്തമാണ് സുകു. അച്ഛൻ സുജിത് കുമാർ.അച്ഛന്റെ ഉറ്റ സുഹൃത്ത് അകാലത്തിൽ മരണപ്പെടുമ്പോൾ സുകു എന്ന കൂട്ടുകാരന്റെ പേര് മകന് നൽകുന്ന അച്ഛൻ. കവലയിൽ സ്റ്റിക്കർ കട നടത്തുന്ന സുകു നാട്ടുകാർക്ക് വലിയ ഉപകരിയാണെങ്കിലും വീട്ടുകാർക്ക് യാതൊരുവിധ ഉപകാരവും ചെയ്യാത്ത ചെറുപ്പക്കാരൻ. പ്രണയം തനിക്ക് ഉണ്ടാവില്ല അതുകൊണ്ട് 'നോ ലൗ' മൊബൈൽ കവറിൽ സ്റ്റിക്കർ ഒട്ടിച്ച്  കൊണ്ട് നടക്കുന്നവൻ. നാട്ടിലെ കുഞ്ഞായിയും (ചന്തു ) സുകുവിനെ കണ്ടു പഠിക്കാൻ വീട്ടുകാർ അയച്ച പാച്ചനു (റോഷൻ ഷാനവാസ്‌ )മാണ് സുകുവിന്റെ ഇടവും വലവും. നാട്ടിലെ മദ്യപാനം മുതൽ എല്ലാത്തിനും കൂടെ നിൽക്കുന്നവർ. സുകുവിന് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ബുള്ളറ്റ് ആരെയും തൊടാൻ പോലും സമ്മതിക്കാത്ത പ്രകൃതം. 

പാച്ചനുമായി നടത്തുന്ന കോയമ്പത്തൂർ യാത്രയിൽ വളരെ യാദൃശ്ചികമായി സംഭവിക്കുന്ന ചില കാര്യങ്ങൾ സുകുവിന്റെ അന്നേവരെയുള്ള ജീവിതം മാറ്റി മറിക്കുന്നു. രംഗണ്ണന് അംബാനെന്ന പോലെ സുകുവിന്റെ അംബാനാണ് പാച്ചൻ. ഒരു വള്ളിയിൽ നിന്ന് ഊരാൻ മറ്റൊരു വള്ളിയിലേക്ക്  പോയി ചാടുന്ന സുകുവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഷീബ ബേബി വരുമ്പോൾ കൂടുതൽ സംഘർഷഭരിതമാവുന്നു. 

ഇന്നേവരെ മലയാള സിനിമയിൽ സംസാരിച്ച പ്രണയകഥയെ പോലെയല്ല പൈങ്കിളി. ഹ്യൂമർ നിറച്ച പൈങ്കിളിയിൽ ഗൗരവകരമായ പല കാര്യങ്ങളും പറഞ്ഞു പോകുന്നുണ്ട്. സ്ഥിരം കണ്ടു പരിചയമില്ലാത്തതിനാൽ ക്ലൈമാക്സ്‌ തിയേറ്ററുകളിൽ കൈയ്യടികൾ നിറച്ചു. 

നാട്ടുമ്പുറത്ത് കാണുന്ന ഒരുപാട് മുഖങ്ങളും പരിസരവും പൈങ്കിളിയെ ഫ്രഷാക്കി നിർത്തിന്നുണ്ട്. വന്നു പോകുന്ന സുകുവിന്റെ അമ്മമ്മ മുതൽ പെങ്ങളുടെ മകൻ വരെ സ്‌ക്രീനിൽ പൊളിച്ചടുക്കി. ജിസ്മ വിമൽ അവതരിപ്പിച്ച സുമയുടെ വേഷം എടുത്തു പറയേണ്ട മറ്റൊന്നാണ്. സുകുവിനോട് പ്രണയം കൊണ്ട് നടക്കുന്ന കൂട്ടുകാരന്റെ പെങ്ങൾ സുമ തിയേറ്ററിൽ ചിരി വിടർത്തിയിരുന്നു. വില്ലൻ വേഷങ്ങളിൽ മലയാളികൾ കണ്ടു പരിചയിച്ച അബു സലീം സുജിത് കുമാറായി സുകുവിന്റെ അച്ഛൻ വേഷം ഗംഭീരമാക്കി. ഓവർ ഡ്രാമറ്റിക്കായ മിക്ക വേഷങ്ങളും ഓരോ അഭിനേതാവും കൈയടക്കത്തോടെ ചെയ്തു വെന്നത് തന്നെയാണ് പൈങ്കിളിയുടെ പ്രത്യേകത.സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശരി തങ്കൻ കൊച്ചച്ചൻ എന്ന  വേഷത്തിലെത്തി പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്. റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രവും തിയേറ്ററിൽ ചിരി ഉണർത്തി. സുകു പൈങ്കിളിയാണ്.. പ്രണയം കുറച്ചൊക്കെ പൈങ്കിളിയല്ലേയെന്ന് ചോദിക്കുമ്പോഴും ഇത്ര പൈങ്കിളി വേണോ എന്ന് പ്രേക്ഷകർക്ക് തോന്നിപോവും. 

ജസ്റ്റിൻ വർഗീസിന്റെ സംഗീതവും അർജുൻ സേതുവിന്റെ സിനിമട്ടോഗ്രഫിയും കിരൺ ദാസിന്റെ എഡിറ്റിങ്ങും കൂടി ചേരുമ്പോൾ തന്നെയാണ് പൈങ്കിളിയ്ക്ക് പൂർണത വരുന്നത്. രാത്രിയിൽ നിന്ന് പകലാവുന്ന ഒരു ട്രാൻസിഷൻ വളരെ മനോഹരമായി പൈങ്കിളിയിൽ ചിത്രീകരിച്ചിട്ടുണ്ട്.  രണ്ടു മണിക്കൂറും അമ്പത് മിനിറ്റും ഉള്ളു തുറന്ന് ചിരിക്കാൻ പൈങ്കിളിയ്ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
ത്രസിപ്പിക്കുന്ന ത്രില്ലര്‍, ഇമോഷണല്‍, ഈ ധീരം- റിവ്യു