മാന്ത്രികയാഥാർത്ഥ്യങ്ങൾ പേറുന്ന തലമുറകളുടെ കഥ

Published : Dec 18, 2025, 04:04 PM IST
Sound OF Falling

Synopsis

ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിച്ച 'സൗണ്ട് ഓഫ് ഫാളിംഗ്' എന്ന സിനിമയുടെ റിവ്യു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഒഴുകിപ്പരക്കുന്ന ( സിനിമയിലെ അതിമനോഹരമായ നദി പോലെ ) ഒരു കുടുംബത്തിലെ പല കഥാപാത്രങ്ങളിലെ ഓർമ്മകളുടെ, ഓർമ്മകളിൽ നിറയുന്ന ഫാൻറസിയുടെ, മാന്ത്രിക യാഥാർത്ഥ്യത്തിന്റെ ചുരുൾ നിവരുന്ന സംഭവങ്ങളുടെ ആവിഷ്ക്കാരമാണ് ' സൗണ്ട് ഓഫ് ഫാളിംഗ് (Sound of falling)' എന്ന സിനിമ . മാഷാ ഷിലിൻസ്കിയും ലൂയി പീറ്ററും ചേർന്നെഴുതി മാഷാ ഷിലിൻസ്കി സംവിധാനം ചെയ്ത സിനിമ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ അസാധാരണ സിനിമകളിലൊന്നാണ്.

മരിച്ചു പോയവരുടെ ആൽബത്തിൽ നിന്നാണ് ഓർമകൾ ജനിക്കുന്നതെന്ന് വേണമെങ്കിൽ പ്പറയാം. മിലിറ്ററിസത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും കറുത്ത സൂചനകൾ നല്‍കുന്ന സിനിമ നാല് തലമുറകളുടെ ജീവിതത്തിന്റെ ഭ്രമാത്മകമായ ഓർമ്മകളിലൂടെയാണ് വികസിക്കുന്നത്. ഗ്രാമീണ ജർമ്മനിയുടെ സഭാ നിർണ്ണീതമായ ഇടയജീവിതത്തിന്റെ ചെറിയ അടയാളങ്ങൾ അവിടവിടയായി വീണു കിടക്കുന്നതും കാവ്യാത്മകമായ ഈ ദൃശ്യ കൃതിയിൽ നിന്ന് വായിച്ചെടുക്കാം.

ദൃശ്യവിന്യാസവും ഫ്രെയിമുകളുടെ മനോഹാരിതയും ഭ്രമാത്മകമായ പരിചരണവും 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' എന്ന കൃതിയുടെ ദൃശ്യാവിഷ്കാരത്തെ ഓർമ്മിപ്പിച്ച് കടന്നു പോകും. നാലു തലമുറകളുടെ കഥ പറയുന്നത്, ജർമ്മനിയുടെ വടക്കുകിഴക്കൻ പ്രദേശത്തെ നാല് കെട്ടിട സമുച്ചയങ്ങളും അവയുടെ മുറ്റവും ചേർന്ന കാർഷിക കുടുംബ പശ്ചാത്തലത്തിന്റെ ഒരേ അന്തരീക്ഷത്തിൽ നിന്നാണ്.

ട്രൂഡി എന്ന പരിചാരിക കുടുംബത്തിലെ സുപ്രധാന അംഗമായ ഫ്രിറ്റ്സിനെ പരിചരിക്കുന്ന നിരവധി രംഗങ്ങളുണ്ട് സിനിമയിൽ, ഒരു വേള അനുരാഗം പോലെ, ഒരു വികാരം ട്രൂഡി അദ്ദേഹത്തിലൂടെ അനുഭവിക്കുന്നതായി പ്രേക്ഷകർക്കു തോന്നാതിരിക്കാനുമിടയില്ല. ഭോഗ സുഖമനുഭവിപ്പിക്കുന്ന സന്ദർഭം പോലും ട്രൂഡി നിർലജ്ജം, നിർവ്വികാരം ഒരു വേള ഫ്രിറ്റ്സിന് നിറവേറ്റിക്കൊടുക്കാൻ ശ്രമിക്കുന്നതായി കാണാം.

കുടുംബം പലവട്ടം സമ്മതിക്കുന്നതു പോലെ 'ജോലിയിലെ അപകടത്തിനിടയി'ലാണ് ഫ്രിറ്റ് സിന് ഇടതുകാൽ നഷ്‍ടമാകുന്നത്. അപരിചിതവും അസാധാരണവുമായ കുടുംബ രഹസ്യങ്ങളിലെ സുപ്രധാനമായ കണ്ണി ആൽമ എന്നു പേരായ കുട്ടിയാണ്. മരിച്ചവരുടെ ആൽബത്തിലൂടെ കടന്നുപോകുന്നതിനിടയിലാണ്, മുമ്പെന്നോ മരിച്ചു പോയ ഒരു കുട്ടിയുമായി ആത്മക്ക് അത്യപൂർവ്വമായ സാമ്യം ശ്രദ്ധയിൽപ്പെടുന്നത്. തമാശ എന്ന പോലെ മാത്രമാണ് ആ രംഗം അവസാനിക്കുന്നതെങ്കിലും സിനിമയുടെ അവസാനം വരെ നീളുന്ന ചരടായി ആ സംഭവം സിനിമയിലുടനീളം വർത്തിക്കുന്നതായി കാണാം.

വർഷങ്ങൾക്കു ശേഷം 'എറീക്ക ' എന്ന യുവതി കുടുംബത്തിലെ അങ്കിൾ ഫ്രിറ്റ് സുമായി അസാധാരണമായ ബന്ധം സ്ഥാപിക്കുന്നു. പിന്നീടാണ് സിനിമയിലെ മറ്റൊരു കാലത്തെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമായ ആഞ്ജലീക്ക പ്രവേശിക്കുന്നത്. ഫാമിൽ അവൾ തൊഴിലെടുക്കുന്നുണ്ട്. സ്വപ്‍നവും യാഥാർത്ഥ്യവും തിരിച്ചറിയാൻ കഴിയാത്ത അസാധാരണമായ അവസ്ഥാന്തരങ്ങളിലൂടെയാണ് ആഞ്ജലീക്ക സിനിമയിൽ ജീവിക്കുന്നത്. ആഞ്ജലീക്ക അവളുടെ കാമുകനായ റെയ്‍നറുടെ പിതാവുമായി അവിഹിതവും അഗമ്യവുമായ വേഴ്ചയിൽ ഏർപ്പെട്ടിരുന്നതായി അവളുടെ നിസ്സാഹയമായ തേങ്ങലിൽ നിന്നും പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. റെയിനാറുമായുള്ള സംഭാഷണത്തിനിടയിൽ തെറ്റും ശരിയും വ്യക്തിപരവും സന്ദർഭികവുമാണെന്നു കൂടി ആഞ്ജലീക്ക പറഞ്ഞു വെക്കുന്നുമുണ്ട്.

സങ്കീർണമായ ജീവിത പരിസരങ്ങൾ വിവിധ തലമുറകളിലൂടെ ആവർത്തിക്കുന്ന പുരാവൃത്തമാണ് സിനിമയുടെ കഥാതന്തു. പറഞ്ഞും കേട്ടും പരിചരിച്ചും വളരുന്ന സനേഹവും സ്നേഹനിരാസവും ഒറ്റപ്പെടലും കൂടിച്ചേരലും, തളം കെട്ടിക്കിടക്കുന്ന ദു:ഖവും അപൂർവ്വമായെങ്കിലും പൂത്തുലയുന്ന സന്തോഷവും സിനിമയുടെ സവിശേഷതയാണ്. ഒപ്പം വൈക്കോലും ധാന്യപുരയും കാർഷിക ജീവിതവും നിറഞ്ഞ മാന്ത്രിക ലോകമാണ് ഇവിടെ സിനിമാ പരിസരം.

ഒരു ഫോട്ടോ സെഷനിടയിൽ ആഞ്ജലീക്ക ഭൂതാവിഷ്ടയെപ്പോലെ അസ്വസ്ഥയാകുകയും എങ്ങോട്ടെന്നില്ലാതെ രക്ഷപ്പെടുകയും ചെയ്യുന്നത് കാണാം. പിന്നീടെപ്പോഴോ ആണ് 'ലെങ്കാ' എന്ന യുവതി കുടുംബാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്. ഒന്നായിത്തീർന്ന ജർമനിയുടെ രാഷ്ട്രീയാന്തരീക്ഷത്തിലൂടെ വരുന്ന 'കായ ' അത്യപൂർവ്വമായ മറ്റൊരു സൗഹൃദത്തിന് കാരണമാകുന്നു. നദിയും വെള്ളവും കാറ്റും കഥാപാത്രങ്ങളാകുന്ന സിനിമാ പ്രകൃതത്തിൽ ജല ധ്യാനത്തിൽ മുഴുകുന്ന ലെങ്കയും കായയും പ്രേക്ഷകനെ ശ്വാസം മുട്ടിച്ചു കടന്നു പോകും.

പ്രേതസംസർഗ്ഗത്താലെന്ന പോലെ ഭീതിതരായ കഥാപാത്രങ്ങളും നിഴലും നിലവറകളും ഗോവണികളും നിറഞ്ഞ ഗൂഹാന്തരീക്ഷവും നിഗൂഢമായ അടഞ്ഞ കളവും മുറ്റവും എല്ലാം ചേർന്ന് അമ്പരപ്പിക്കുന്ന മന്ത്രിക സാന്നിദ്ധ്യമാകാൻ കെല്‍പുളള സിനിമയാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സ്ക്രീൻ ചെയ്ത 'സൗണ്ട് ഓഫ് ഫാളിംഗ് എന്ന സിനിമ .

PREV
Read more Articles on
click me!

Recommended Stories

സിനിമയ്‌ക്കുള്ളിലെ സിനിമ, പലസ്‌തീനിയന്‍ പ്രതിരോധം; വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ- റിവ്യൂ
എങ്ങനെ മറക്കും അലീസയുടെ ആഘോഷങ്ങളെ; വേര്‍ ദി വിന്‍ഡ് കംസ് ഫ്രം- റിവ്യൂ