ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി; കൗതുകം നിറച്ച് 'ഒറിജിനൽ'; റിവ്യൂ

Published : Oct 23, 2026, 04:57 PM IST
Orijinal malayalam movie Official Teaser Sreenath Bhasi

Synopsis

സങ്കീർണതകളില്ലാതെ ഹാസ്യവും ത്രില്ലും വൈകാരികതയും കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

'സമയത്തോട് കളിച്ചാൽ, സമയം തിരിച്ചും കളിക്കും' എന്ന കൗതുകമുണർത്തുന്ന ആശയവുമായി തിയേറ്ററുകളിലെത്തിയ ടൈം ട്രാവൽ ഫാന്റസി ത്രില്ലറാണ് ശ്രീനാഥ് ഭാസി നായകനായ 'ഒറിജിനൽ'. 'Original' ആണോ 'Orijinal' ആണോ എന്ന ചോദ്യവുമായി ടൈറ്റിൽ മുതൽ തന്നെ ചർച്ചയായ ചിത്രം, ടീസറിനും രണ്ട് മില്യൺ വ്യൂസ് പിന്നിട്ട ട്രെയിലറിനും ലഭിച്ച സ്വീകാര്യത കൊണ്ട് റിലീസിനു മുമ്പേ തന്നെ പ്രേക്ഷകരിൽ കാത്തിരിപ്പുണ്ടാക്കിയിരുന്നു. ടൈം ട്രാവൽ എന്ന് കേൾക്കുമ്പോൾ തോന്നാവുന്ന സങ്കീർണതകളിൽ കുരുങ്ങാതെ, ഹാസ്യവും ത്രില്ലും വൈകാരിക മുഹൂർത്തങ്ങളും ചേർത്ത് എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഒറിജിനൽ ഒരു സൈ-ഫൈ സിനിമയല്ല, ഫാന്റസി ത്രില്ലറാണെന്നും ടൈം ട്രാവൽ കഥ പറയാനുള്ള ഒരു ടൂൾ മാത്രമാണെന്നും സംവിധായകൻ റമീസ് റിലീസിനു മുമ്പേ പറഞ്ഞിരുന്നു. ആ വാക്കുകളോട് നീതി പുലർത്തുന്നതാണ് ചിത്രം. റിജിൻ എന്ന യുവാവും അയാളുടെ സിനിമാമോഹവുമാണ് കഥയുടെ കേന്ദ്രം. സിനിമയെന്ന സ്വപ്നത്തിനു പിന്നാലെ നടക്കുന്ന റിജിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി സമയം തന്നെ ഒരു വഴിത്തിരിവായി കടന്നുവരുന്നു. സമയവുമായി കളിക്കാൻ ശ്രമിക്കുന്ന അയാൾക്ക് മുന്നിൽ പിന്നീട് സംഭവിക്കുന്നതൊക്കെയും പ്രവചനാതീതമാണ്. ഇരട്ടവേഷത്തിലെത്തുന്ന ശ്രീനാഥ് ഭാസിയുടെ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധമാണ് പ്രേക്ഷകരെ അവസാനം വരെ കൗതുകത്തോടെ പിടിച്ചിരുത്തുന്നത്.

'അവറാച്ചൻ ആൻഡ് സൺസി'നു ശേഷം ശ്രീനാഥ് ഭാസി നായകനായെത്തുന്ന ചിത്രമാണ് ഒറിജിനൽ. രണ്ട് വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലുമെത്തുന്ന ഇരട്ടവേഷത്തിൽ ഭാസി ശരിക്കും തിളങ്ങുന്നുണ്ട്. ഭാസിയുടെ സ്വതസിദ്ധമായ ഹ്യൂമറും എനർജിയുമാണ് ചിത്രത്തിന്റെ നട്ടെല്ല്. ടീസറിൽ തന്നെ ശ്രദ്ധ നേടിയ 'ഇനി നമ്മുടെ സമയാ' എന്ന ഡയലോഗ് തിയേറ്ററിലും കൈയടി നേടുന്നുണ്ട്. അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ്, ഗോകുലൻ തുടങ്ങി മികച്ചൊരു താരനിരയും ചിത്രത്തിലുണ്ട്. ചിരിക്കൊപ്പം ത്രില്ലും ചേർത്ത് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സഹതാരങ്ങളും മികച്ച പിന്തുണയാണ് നൽകുന്നത്.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ഹർഷദാണ് സഹനിർമ്മാതാവ്; അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും. ടൈം ട്രാവലിന്റെ ലോകത്തിന് കൃത്യമായ മൂഡ് പകരുന്നതാണ് ഇലക്ട്രോണിക് കിളിയുടെ സംഗീതം. ഫഹദ് ഫത്‌ലിയുടെ ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോസിന്റെ വിഷ്വൽ എഫക്റ്റ്സും ചേർന്ന് ചിത്രത്തിലെ ഫാന്റസി ലോകത്തെ വിശ്വസനീയമാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങൾ തേടി 'ഉടുമ്പന്‍ചോല വിഷന്‍'- റിവ്യു
JAILER 2 Review: പ്രതീക്ഷ കാത്തോ മുത്തുവേൽ പാണ്ഡ്യനും സംഘവും?