
ക്രെഡിറ്റ് സ്കോർ കുറയാനുള്ള സാധാരണ കാരണങ്ങൾ വായ്പാ തിരിച്ചടവുകളിൽ വരുത്തുന്ന വീഴ്ച തന്നെയാണ്. ചെറിയ പിശകുകൾ പോലും ക്രെഡിറ്റ് സ്കോർ കുറയാൻ ഇടയാക്കും. തിരിച്ചടവ് മുടങ്ങുന്നതോ വൈകുന്നതോ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു ഘടകമാണ്. ഒരേസമയം വളരെയധികം വായ്പ എടുക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുക എന്നിവ തിരിച്ചടി നൽകും.
ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും വായ്പാ സാധ്യത ഉയർത്തും.
1. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും ഉള്ളത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം പ്രതിഫലിപ്പിക്കുന്നു. എളുപ്പം വായ്പ നേടാൻ സഹായിക്കും. അതിനാൽ ഉയർന്ന സിബിൽ സ്‌കോറിനൊപ്പം വായ്പകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
2. നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ വായ്പക്കാർ ഓഫർ ചെയ്യും.
3. ഉയർന്ന സിബിൽ സ്‌കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, കടം വാങ്ങുന്നവർക്ക് മികച്ച റിവാർഡുകളോടെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും.
4. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും നേടിത്തരും.