മത്സരിക്കാമെന്ന് കണ്ണന്താനവും; പത്തനംതിട്ടയ്ക്ക് വേണ്ടി ബിജെപിയിൽ വടംവലി

By Web TeamFirst Published Mar 16, 2019, 1:45 PM IST
Highlights

പത്തനംതിട്ടയിൽ വിജയസാധ്യതയുള്ളതിനാൽ പിള്ളയും സുരേന്ദ്രനും എം ടി രമേശും ഈ സീറ്റിൽ നേരത്തേ നോട്ടമിട്ടതാണ്. സീറ്റ് മോഹികളുടെ പട്ടികയിൽ ഇപ്പോൾ കണ്ണന്താനവും.

ദില്ലി: ശബരിമല പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന പത്തനംതിട്ട മണ്ഡലത്തിനായി നേതാക്കൾക്കിടയിൽ ശക്തമായ വടംവലി. ഏറ്റവുമൊടുവിൽ സീറ്റ് കിട്ടിയാൽ മത്സരിക്കാമെന്ന് അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി. പത്തനംതിട്ടയാണ് തന്‍റെ കർമമണ്ഡലം. കേന്ദ്രനേതൃത്വത്തിനോട് സീറ്റ് ചോദിച്ചിട്ടുണ്ടെന്നും അവസരം കിട്ടിയാൽ തീർച്ചയായും മത്സരിക്കുമെന്നും കണ്ണന്താനം പറയുന്നു.

സ്ഥാനാർഥിച്ചർച്ചകൾ ദില്ലി അശോക റോഡിലെ ബിജെപി ആസ്ഥാനത്ത് തുടരുമ്പോൾ, ഇതിന് മുന്നോടിയായി രാവിലെ കണ്ണന്താനം ബിജെപി സംസ്ഥാനാധ്യക്ഷൻ ശ്രീധരൻ പിള്ളയുമായും കുമ്മനം രാജശേഖരനുമായും കൂടിക്കാഴ്ച നടത്തി.

നേരത്തേ തന്നെ പത്തനംതിട്ട ജില്ലക്കായി എം ടി രമേശും കെ സുരേന്ദ്രനും രംഗത്തുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ഭൂരിപക്ഷം 1,38,954 വോട്ടുകളായി ഉയർത്തിയ കാര്യമാണ് എം ടി രമേശ് ചൂണ്ടിക്കാട്ടുന്നത്. 16 ശതമാനമായി വോട്ട് വിഹിതം കൂട്ടിയത് തന്‍റെ കൂടി പ്രവ‍ർത്തനഫലമാണെന്ന് എം ടി രമേശ് അവകാശപ്പെടുന്നുണ്ട്.

പത്തനംതിട്ട കിട്ടിയില്ലെങ്കിൽ തൃശ്ശൂർ വേണമെന്ന നിലപാടിലാണ് കെ സുരേന്ദ്രൻ. എന്നാൽ തൃശ്ശൂരിൽ തുഷാർ വെള്ളാപ്പള്ളിയെ കളത്തിലിറക്കാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന് താത്പര്യം. എന്നാൽ തുഷാർ ഒരു നിലപാട് വിട്ടുപറയാത്തതിൽ കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട് താനും.

Read More: തീരുമാനം പറയാതെ തുഷാര്‍; താളം തെറ്റി സ്ഥാനാര്‍ത്ഥി പട്ടിക, ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് വാങ്ങിയ ബിജെപി സ്ഥാനാർഥി ഒ രാജഗോപാലാണ്. രണ്ടാമത്തെയാൾ കെ സുരേന്ദ്രൻ. മൂന്നാമത്തേത് എം ടി രമേശും. നാലാമത്തേതാകട്ടെ ശോഭാ സുരേന്ദ്രനും. അങ്ങനെ, നാല് ബിജെപി നേതാക്കൾക്കാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിന് മേൽ വോട്ട് കിട്ടിയത്. 

നാല് പേരും വിജയസാധ്യതയുള്ള സീറ്റ് നോട്ടമിട്ടാണ് ദില്ലിയിൽ തുടരുന്നത്. ഇതിനിടെയാണ് പത്തനംതിട്ടയ്ക്ക് അവകാശവാദവുമായി കണ്ണന്താനം കൂടി പരസ്യമായി രംഗത്തുവരുന്നത്. ഇതോടെ സീറ്റിനായി വടംവലിയും ആഭ്യന്തരകലഹവും ഉറപ്പായി. 

click me!