കേരളത്തിൽ അയ്യപ്പന്‍റെ പേര് പറയാൻ വയ്യെന്ന് നരേന്ദ്രമോദി: ദക്ഷിണേന്ത്യയിൽ 'ശബരിമല' വോട്ടാക്കാൻ ശ്രമം

By Web TeamFirst Published Apr 13, 2019, 5:53 PM IST
Highlights

മംഗളുരുവിലും തമിഴ്‍നാട്ടിലെ തേനിയിലും ശബരിമല വിഷയം സജീവമായി ഉന്നയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ കൃത്യമായ നിയന്ത്രണം നിലനിൽക്കുന്നതിനാൽ കോഴിക്കോട്ടെ പ്രചാരണപരിപാടിയിൽ 'ശബരിമല' എന്ന വാക്ക് മോദി മിണ്ടിയിരുന്നില്ല. 

മംഗളുരു: കേരളത്തിന് പുറത്ത് വീണ്ടും ശബരിമല വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ അയ്യപ്പന്‍റെ പേര് പോലും മിണ്ടാൻ വയ്യാത്ത അവസ്ഥയാണെന്ന് നരേന്ദ്രമോദി ആരോപിച്ചു. ശബരിമലയുടെ പേര് പറയുന്നവരെ ജയിലിലിടുകയാണ്. ബിജെപിയുടെ ഒരു സ്ഥാനാർത്ഥിക്ക് ശബരിമലയുടെ പേരിൽ സമരം ചെയ്തതിന് ജയിലിൽ കിടക്കേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്നിടത്താണ് ഈ അവസ്ഥയെന്നും മോദി ആരോപിച്ചു.

കാ‍സർകോട് ലോക്‍സഭാ മണ്ഡലത്തിന്‍റെ അതിർത്തിയിലുള്ള മംഗളുരുവിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് മോദിയുടെ ഈ പരാമർശമെന്നതും ശ്രദ്ധേയമാണ്. രാവിലെ കേരളാ - തമിഴ്‍നാട് അതിർത്തിയായ തേനിയിലായിരുന്നു മോദിയുടെ പ്രചാരണ പരിപാടി. അവിടെ മോദി മുസ്ലീംലീഗിനെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് നടത്തിയത്. കോൺഗ്രസും മുസ്ലീംലീഗും ശബരിമലയുടെ പേരിൽ കേരളത്തിൽ അപകടകരമായ കളി കളിക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം. 

വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. കേരളത്തിൽ ബിജെപി അധികാരത്തിലുള്ളിടത്തോളം ഇത് നടക്കില്ലെന്നും തെരഞ്ഞെടുപ്പ് പരിപാടിയിൽ മോദി പറഞ്ഞു. വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന പ്രചാരണപരിപാടിയിൽ ശബരിമല എന്ന വാക്ക് എടുത്തു പറയാതെ പ്രസംഗിച്ച മോദി സംസ്ഥാനത്തിന് പുറത്ത് ശബരിമലയെച്ചൊല്ലി പ്രചാരണം കടുപ്പിക്കുകയാണ്.

മുസ്ലിം ലീഗ് കോൺഗ്രസിനെ ബാധിച്ച വൈറസാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വയനാട് പാകിസ്ഥാനാണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷായും പ്രചാരണം നടത്തുമ്പോൾ, ശബരിമല വിഷയത്തെ മുസ്ലിം ലീഗുമായി പ്രധാനമന്ത്രി കൂട്ടിക്കെട്ടുന്നു. 

Read More: ആചാരസംരക്ഷണത്തിന് വേണ്ടി നില കൊള്ളും, സുപ്രീംകോടതിയിൽ തെളിയിക്കും: നരേന്ദ്രമോദി

കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ 'വിജയ് സങ്കൽപ്' റാലിയിലും ആചാരസംരക്ഷണം ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത്. ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും, തെളിയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും. യുഡിഎഫും എൽഡിഎഫും കേരളത്തിലെ ആചാരങ്ങൾ തകർക്കാമെന്ന് കരുതിയെങ്കിൽ അവർക്ക് തെറ്റി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ശക്തികൾ ആചാരം ലംഘിക്കാൻ നോക്കി. - മോദി ആരോപിച്ചു.

'ശബരിമല' എന്ന വാക്ക് ഉന്നയിച്ചില്ലെങ്കിലും ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുമെന്ന് മോദി ആവർത്തിച്ചു. അതിന് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഭരണഘടന പ്രകാരം വിശ്വാസസംരക്ഷണത്തിന് നടപടിയുണ്ടാകുമെന്നുമാണ് മോദി പറഞ്ഞത്. ശബരിമലയുടെ പേരിലും അയ്യപ്പന്‍റെയും മറ്റ് ദൈവങ്ങളുടെയും പേരിലും വോട്ട് തേടിയാൽ കടുത്ത നടപടിയുണ്ടാവുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നതാണ്. 

തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും. ആദ്യഘട്ട വോട്ടെടുപ്പിൽ വലിയ ബിജെപി തരംഗമുണ്ടായിട്ടില്ല എന്ന് തന്നെയാണ് കേന്ദ്രനേതൃത്വത്തിന്‍റെ വിലയിരുത്തൽ. രണ്ടാം ഘട്ടമായി ഏപ്രിൽ 18-ന് തമിഴ്‍നാടും കർണാടകയും പോളിംഗ് ബൂത്തിലേക്ക് പോകുന്ന സാഹചര്യത്തിൽക്കൂടിയാണ് ഇരുവരും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കിട്ടുന്ന സീറ്റുകളുടെ എണ്ണം നിർണായകമാകുമെന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. 

click me!