അദാനി വിമാനത്താവള വികസനം, 1.32 ലക്ഷം കോടി രൂപയുടെ മെഗാ പദ്ധതി; മോടി കൂട്ടാൻ തിരുവനന്തപുരവും

Published : Dec 03, 2025, 02:56 PM IST
Gautam Adani

Synopsis

 2030-ഓടെ രാജ്യത്തെ വാര്‍ഷിക യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ച് 300 ദശലക്ഷത്തിലെത്തുമെന്നാണ് പ്രവചനം. ഇതിനായി 1.32 ലക്ഷം കോടി രൂപ അദാനി നിക്ഷേപിക്കും.  

ടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം അടക്കം തങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന വിമാനത്താവളങ്ങളുടെ യാത്രാ ശേഷി ഗണ്യമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുമായി അദാനി ഗ്രൂപ്പ്. ഇതിനായി 1.32 ലക്ഷം കോടി രൂപ അദാനി നിക്ഷേപിക്കും. പദ്ധതിയുടെ ആകെ ചെലവിന്റെ ഏകദേശം 70% തുക അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കടപ്പത്രങ്ങള്‍ വഴിയാകും കണ്ടെത്തുക. ബാക്കി 30% ഓഹരി വിഹിതമായി ഗ്രൂപ്പ് നിക്ഷേപിക്കും.

പ്രധാന വികസന ലക്ഷ്യങ്ങള്‍

  • നവി മുംബൈയില്‍ മെഗാ വികസനം: ഡിസംബര്‍ 25-ന് തുറക്കുന്ന നവി മുംബൈ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലുകള്‍, ടാക്‌സിവേകള്‍, ഒരു പുതിയ റണ്‍വേ എന്നിവ കൂട്ടിച്ചേര്‍ക്കും.
  • ആറ് വിമാനത്താവളങ്ങളില്‍ നവീകരണം: നിലവില്‍ അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പുര്‍, ലഖ്നൗ, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളിലും ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
  • യാത്രാ ശേഷി: നിലവിലെ ശേഷിയില്‍ 60 ശതമാനത്തിലധികം വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്. നവി മുംബൈ (20 ദശലക്ഷം), ഈ മാസം തുറക്കുന്ന ഗുവാഹത്തി (11 ദശലക്ഷം) എന്നിവയുടെ ശേഷി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വ്യോമയാന വളര്‍ച്ചയില്‍ നിര്‍ണായകം

രാജ്യത്തെ വ്യോമയാന രംഗത്ത് വരാനിരിക്കുന്ന കുതിച്ചുചാട്ടം മുന്നില്‍ കണ്ടാണ് അദാനിയുടെ ഈ നീക്കം. 2030-ഓടെ രാജ്യത്തെ വാര്‍ഷിക യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ച് 300 ദശലക്ഷത്തിലെത്തുമെന്നാണ് പ്രവചനം. ഈ വര്‍ദ്ധനവിന്റെ മൂന്നില്‍ രണ്ട് ഭാഗം (200 ദശലക്ഷം) യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കുന്നതിലൂടെ, രാജ്യത്തിന്റെ വ്യോമയാന വളര്‍ച്ചയിലെ പ്രധാന കണ്ണിയായി മാറാനാണ് അദാനി ലക്ഷ്യമിടുന്നത്. എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ കൈകാര്യം ചെയ്തിരുന്ന ആറ് വിമാനത്താവളങ്ങളാണ് 2020-ല്‍ നടന്ന സ്വകാര്യവല്‍ക്കരണത്തിലൂടെ അദാനി ഗ്രൂപ്പിന് ലഭിച്ചത്.

രാജ്യത്തെ വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം 2006-ലാണ് ആരംഭിച്ചത്. ഡല്‍ഹിയും മുംബൈയും ജിഎംആര്‍ എയര്‍പോര്‍ട്ട്സ് ലിമിറ്റഡിനും ജിവികെ പവര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനുമാണ് ലഭിച്ചത്. പിന്നീട് ജിവികെയുടെ ഓഹരികള്‍ അദാനി ഏറ്റെടുക്കുകയായിരുന്നു. നിലവില്‍, നഷ്ടത്തിലുള്ള വിമാനത്താവളങ്ങളെ ലാഭകരമായവയുമായി കൂട്ടിച്ചേര്‍ത്ത് 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഏറ്റവും കൂടുതല്‍ വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്യുന്ന അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് ലിമിറ്റഡും ഏറ്റവും കൂടുതല്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ജിഎംആര്‍ എയര്‍പോര്‍ട്ട്സും ഇതിനായുള്ള ലേലത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

PREV
Read more Articles on
click me!

Recommended Stories

ഗ്രാറ്റുവിറ്റിയില്‍ പറ്റിപ്പ് നടക്കില്ല; തടയിട്ട് പുതിയ തൊഴില്‍ നിയമം, മാറ്റങ്ങൾ അറിഞ്ഞിരിക്കണം
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നഷ്ടം ആര്‍ക്കൊക്കെ? ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി