എയർ ഇന്ത്യ തർക്കം കോടതി കയറി: ടാറ്റയ്ക്ക് 'ഓർക്കാപ്പുറത്ത് അടി'

By Web TeamFirst Published Dec 4, 2021, 4:15 PM IST
Highlights

എയർ ഇന്ത്യ മുൻപ് ജീവനക്കാർക്ക് അനുവദിച്ചിരുന്ന ക്വാർട്ടേർസുകളിൽ നിന്ന് ഇവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തിൽ കൂടുതൽ നടപടികൾ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കൈക്കൊള്ളരുതെന്നാണ് കോടതിയുടെ ഉത്തരവ്

ചെന്നൈ: എയർ ഇന്ത്യ ഓഹരി വിറ്റഴിക്കൽ കോടതി കയറി. വിമാനക്കമ്പനിയെ ടാറ്റയ്ക്ക് കൈമാറുന്നതിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തൊഴിലാളി യൂണിയൻ പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ അവകാശങ്ങൾക്ക് സമ്പൂർണ സംരക്ഷണം ഉറപ്പാകുന്നത് വരെ വിമാനക്കമ്പനി കൈമാറാൻ പാടില്ലെന്നാണ് ഇവരുടെ ആവശ്യം.

കേസിൽ വാദിഭാഗത്തിന് ആശ്വാസകരമായ തീരുമാനം ഇന്ന് കോടതിയിൽ നിന്നുണ്ടായി. എയർ ഇന്ത്യ മുൻപ് ജീവനക്കാർക്ക് അനുവദിച്ചിരുന്ന ക്വാർട്ടേർസുകളിൽ നിന്ന് ഇവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തിൽ കൂടുതൽ നടപടികൾ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കൈക്കൊള്ളരുതെന്നാണ് കോടതിയുടെ ഉത്തരവ്. എയർ ഇന്ത്യ മീനമ്പാക്കത്ത് തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി പണികഴിപ്പിച്ച താമസസ്ഥലങ്ങളിൽ നിന്ന് ഇവരെ പുറത്താക്കരുതെന്നാണ് തീരുമാനം.

എയർ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ അധ്യക്ഷൻ സി ഉദയശങ്കറാണ് ഹർജിക്കാരൻ.  ഇവരുടെ ഹർജി സ്വീകരിച്ച ഹൈക്കോടതി ജസ്റ്റിസ് വി പാർത്ഥിബൻ, എയർ ഇന്ത്യ ജീവനക്കാരുടെ മെഡിക്കൽ ആനുകൂല്യങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ റദ്ദാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

18000 കോടിക്ക് വിമാനക്കമ്പനി കൈമാറാനുള്ള ഓഹരി കൈമാറ്റ സമ്മതപത്രത്തിൽ കേന്ദ്രസർക്കാരും ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ചത് ഒക്ടോബർ മാസത്തിലാണ്. ഇതിന് പിന്നാലെയാണ് കേസെന്നത് കരാറിനെ വൈകിപ്പിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. ടെണ്ടർ പ്രകാരം 2700 കോടി രൂപയാണ് ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്രസർക്കാരിന് കൊടുക്കേണ്ടത്. പുറമെ 15300 കോടി രൂപയുടെ എയർ ഇന്ത്യ ബാധ്യതയും ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് കമ്പനി ഏറ്റെടുക്കണം.

click me!