
ദില്ലി: രത്തൻ ടാറ്റയ്ക്ക് കത്തയച്ച് എയർ ഇന്ത്യ പൈലറ്റുമാർ. പുതുക്കിയ ശമ്പള ഘടനയും സേവന വ്യവസ്ഥകളും സംബന്ധിച്ച് എയർ ഇന്ത്യ പൈലറ്റുമാരും കമ്പനിയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കത്തെ തുടർന്നാണ് എയർ ഇന്ത്യ പൈലറ്റ്സ് യൂണിയൻ രത്തൻ ടാറ്റയുടെ ഇടപെടൽ ആവശ്യപ്പെട്ടത്. കമ്പനി തങ്ങളോട് മാന്യമായി പെരുമാറുന്നില്ലെന്ന് ആരോപിച്ച പൈലറ്റുമാർ ഇതിനെതിരെ നടപടിയെടുക്കാൻ രത്തൻ ടാറ്റയോട് അഭ്യർത്ഥിച്ചു.
അടുത്തിടെ പ്രഖ്യാപിച്ച വേതന ഘടനയും തൊഴിലെ സാഹചര്യങ്ങളിലെ മാറ്റവും സംബന്ധിച്ച് എയർ ഇന്ത്യ കമ്പനിയും പൈലറ്റ് യൂണിയനും ഫലപ്രദമായ ഒരു നിഗമനത്തിലെത്തിയിരുന്നില്ല. ഈ പ്രശ്നത്തിൽ മാന്യമായ ഒരു പരിഹാരം കണ്ടെത്താൻ രത്തൻ ടാറ്റയ്ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായി പൈലറ്റ് യൂണിയൻ അയച്ച കത്തിൽ പറയുന്നു. ഈ പ്രശ്‌നം അത്ര പ്രധാനമല്ലായിരുന്നുവെങ്കിൽ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അസോസിയേഷൻ രത്തൻ ടാറ്റയുടെ സഹായം തേടില്ലായിരുന്നുവെന്നും കത്തിൽ പറയുന്നു.
പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും പുതുക്കിയ ശമ്പള ഘടന കഴിഞ്ഞയാഴ്ച എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ ഘടന ജീവനക്കാർക്ക് അനുയോജ്യമല്ല എന്നാണ് ആരോപണം. മാനേജ്‌മെന്റിൽ നാല് വർഷത്തിലേറെ പരിചയമുള്ള ക്യാപ്റ്റൻമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച വ്യവസ്ഥയാണ് പുതുക്കിയ പദ്ധതിയിലെ തർക്കം.
ഏപ്രിൽ 25 ന് എയർ ഇന്ത്യ മീറ്റിംഗ് നടത്തിയെങ്കിലും പൈലറ്റുമാരുടെ പുതുക്കിയ ശമ്പള ഘടനയെ അഭിസംബോധന ചെയ്തില്ല. പൈലറ്റ് യൂണിയനുകൾ, ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐസിപിഎ), ഇന്ത്യൻ പൈലറ്റ്സ് ഗിൽഡ് (ഐപിജി) എന്നിവയുടെ സംയുക്തമായി ഏപ്രിൽ 21 ന് എയർ ഇന്ത്യയ്ക്ക് വക്കീൽ നോട്ടീസ് അയച്ചതിനെ തുടർന്നാണ് യോഗം നടന്നത്.
ALSO READ: ഇന്ത്യയുടെ അഭിമാനം ഉയർത്തി രത്തൻ ടാറ്റ; ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി രാജ്യത്തേക്ക്
പുതുക്കിയ തൊഴിൽ വ്യവസ്ഥകൾ അംഗീകരിക്കരുതെന്ന് ഐസിപിഎയും ഐപിജിയും തങ്ങളുടെ അംഗങ്ങളോട് ഇതിനകം ആവശ്യപ്പെട്ടിരുന്നു.
നിലവിലെ എച്ച്ആർ ഡിപ്പാർട്ട്‌മെന്റിൽ പൈലറ്റുമാർ എങ്ങനെ പ്രയാസകരമായ സാഹചര്യം നേരിടുന്നുവെന്നും കത്തിൽ അടിവരയിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിലെ സാഹചര്യം അവരുടെ മനോവീര്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പൈലറ്റുമാരുടെ യൂണിയൻ ഊന്നിപ്പറഞ്ഞു. “ഞങ്ങളുടെ മനോവീര്യം കുറവാണ്, ഇത് ഞങ്ങളുടെ ചുമതലകൾ നിർവഹിക്കാനുള്ള ഞങ്ങളുടെ കഴിവിനെ ബാധിക്കുമെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു,” കത്തിൽ പറയുന്നു.