സുന്ദർ പിച്ചൈയെ മറികടന്ന് ആന്ത്രോപിക് സിഇഒ! ഡാരിയോ അമോഡെയിയുടെ പ്രതിഫലം ഞെട്ടിക്കും

Published : Oct 07, 2026, 02:58 PM IST
dario amodei

Synopsis

ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയിയുടെ 2025ലെ പ്രതിഫലം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടേതിനേക്കാൾ കൂടുതലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കമ്പനിയുടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് മുന്നോടിയായാണ് 18 മില്യൺ ഡോളർ വരുന്ന ഈ പ്രതിഫല വിവരങ്ങൾ വ്യക്തമായത്. തങ്ങളുടെ ഓഹരികളുടെ 80 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും സ്ഥാപകർ പ്രഖ്യാപിച്ചിട്ടുണ്ട്.

സിലിക്കൺ വാലിയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സിഇഒമാരുടെ പട്ടികയിൽ ഇടംപിടിച്ച് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയി. 2025ൽ ഡാരിയോയ്ക്ക് ലഭിച്ച ആകെ പ്രതിഫലം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടേതിനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ട്. ആന്ത്രോപിക് സമർപ്പിച്ച പ്രാഥമിക ഓഹരി വിൽപ്പന രേഖകളിലാണ് ഡാരിയോയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. 2025ൽ ഡാരിയോയ്ക്ക് ആകെ 18 മില്യൺ ഡോളറാണ് പ്രതിഫലമായി ലഭിച്ചത്. എന്നാൽ ഇതിൽ ഭൂരിഭാഗവും ഓഹരികളും ഓഹരിയുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളുമാണ്. അദ്ദേഹത്തിന്റെ യഥാർഥ ശമ്പളം 1.4 മില്യൺ ഡോളറായിരുന്നു.

സഹോദരിക്കും കോടികളുടെ പ്രതിഫലം

ഡാരിയോ അമോഡെയിയുടെ സഹോദരിയും ആന്ത്രോപിക് പ്രസിഡന്റുമായ ഡാനിയേല അമോഡെയിക്ക് 2025ൽ 16.4 മില്യൺ ഡോളറാണ് ആകെ പ്രതിഫലമായി ലഭിച്ചത്. ഇവിടെയും ഓഹരികളും ഓഹരി ഓപ്ഷനുകളുമാണ് പ്രതിഫലത്തിന്റെ വലിയൊരു ഭാഗം. ഡാരിയോയുടെയും ഡാനിയേലയുടെയും വാർഷിക ശമ്പളം ജൂലൈയിൽ 1.4 മില്യൺ ഡോളറായി ഇരട്ടിയാക്കിയിരുന്നു. ഇതിന് പുറമെ ഇരുവർക്കും ഈ വർഷം അധിക നിയന്ത്രിത ഓഹരി യൂണിറ്റുകളും ആന്ത്രോപിക്കിന്റെ ഡയറക്ടർ ബോർഡ് അനുവദിച്ചിട്ടുണ്ട്. ഇതിൽ ചിലത് കമ്പനിയിലെ തുടർച്ചയായ സേവനവുമായി ബന്ധപ്പെട്ടതാണ്. മറ്റുചില ആനുകൂല്യങ്ങൾ കമ്പനിയുടെ പ്രാഥമിക ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ടവയാണ്.

സുന്ദർ പിച്ചൈയുടെ പ്രതിഫലം എത്ര?

2025ൽ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈക്ക് റിപ്പോർട്ട് ചെയ്ത ആകെ പ്രതിഫലം 10.9 മില്യൺ ഡോളറായിരുന്നു. ആമസോൺ സിഇഒ ആൻഡി ജാസിക്ക് ലഭിച്ചത് 2.1 മില്യൺ ഡോളറും. എന്നാൽ ഓഹരി ആനുകൂല്യങ്ങളുടെ മാറുന്ന മൂല്യം കൂടി കണക്കിലെടുക്കുമ്പോൾ ചിത്രം വ്യത്യസ്തമാണ്. പിച്ചൈയുടെ ആകെ പ്രതിഫലത്തിന്റെ മൂല്യം 213.9 മില്യൺ ഡോളറായും ജാസിയുടേത് 13.2 മില്യൺ ഡോളറായും ഉയരും. അതുകൊണ്ടുതന്നെ ഡാരിയോയുടെ 18 മില്യൺ ഡോളർ പ്രതിഫലം പിച്ചൈയുടേതിനേക്കാൾ കൂടുതലാണെന്ന് പറയുമ്പോൾ, ഇരുവരുടെയും ആകെ സമ്പത്തിന്റെ മൂല്യം ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം താരതമ്യം ചെയ്യാനാകില്ല.

ആന്ത്രോപിക്കിന്റെ ഓഹരികൾ നിർണായകം

സ്ഥാപക സിഇഒമാരുടെ സമ്പത്തിന്റെ വലിയൊരു ഭാഗം പലപ്പോഴും വാർഷിക ശമ്പളത്തിൽ നിന്നല്ല, അവർ കമ്പനിയിൽ കൈവശം വച്ചിരിക്കുന്ന ഓഹരികളിൽ നിന്നാണ് ഉണ്ടാകുന്നത്. അതിനാൽ ആന്ത്രോപിക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള കമ്പനിയുടെ പ്രകടനം ഡാരിയോയുടെയും മറ്റ് സ്ഥാപകരുടെയും സമ്പത്തിൽ വലിയ സ്വാധീനം ചെലുത്തിയേക്കാം.

രണ്ട് ട്രില്യൺ ഡോളർ മൂല്യം ലക്ഷ്യമിട്ട് ആന്ത്രോപിക്

ഡാരിയോ അമോഡെയിയുടെ പ്രതിഫല വിവരങ്ങൾ പുറത്തുവന്നത് ആന്ത്രോപിക് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നതിനിടെയാണ്. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്ത കമ്പനിയുടെ പ്രോസ്പെക്ടസ് പ്രകാരം, ഈ വർഷം ശരത്കാലത്തോടെ തന്നെ ആന്ത്രോപിക് ഓഹരി വിപണിയിൽ പ്രവേശിച്ചേക്കും. കമ്പനിയുടെ മൂല്യം 2 ട്രില്യൺ ഡോളറിന് മുകളിലെത്താനുള്ള സാധ്യതയും റിപ്പോർട്ടിലുണ്ട്. ക്ലോഡ് എന്ന എഐ സേവനത്തിന്റെ നിർമാതാക്കളാണ് ആന്ത്രോപിക്.

എഐ കമ്പനികളിലെ ഉയർന്ന പ്രതിഫലം

എഐ മേഖലയിലെ കമ്പനികൾ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകുന്ന പ്രതിഫലത്തിലെ വ്യത്യാസവും കണക്കുകൾ വ്യക്തമാക്കുന്നു. 2025ൽ ഒറാക്കിൾ സഹസിഇഒ ക്ലേട്ടൺ മഗോയർക്കിന് 627.5 മില്യൺ ഡോളറാണ് പ്രതിഫലമായി ലഭിച്ചത്. അതേസമയം ടെസ്‌ല സിഇഒ ഇലോൺ മസ്കിന് സ്പേസ് എക്സ് ഓഹരി വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് സിഇഒ എന്ന നിലയിൽ ലഭിച്ച പ്രതിഫലം വെറും 54,080 ഡോളറായിരുന്നു.

സമ്പത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്

ഡാരിയോ, ഡാനിയേല അമോഡെയി സഹോദരങ്ങൾ ഉൾപ്പെടെ ആന്ത്രോപിക്കിന്റെ മറ്റ് സഹസ്ഥാപകരും തങ്ങളുടെ വ്യക്തിഗത ആന്ത്രോപിക് ഓഹരികളുടെ 80 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ വളർച്ചയ്ക്കൊപ്പം ഈ ഓഹരികളുടെ മൂല്യം ഉയരുകയാണെങ്കിൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്ന തുകയും ഗണ്യമായി വർധിച്ചേക്കും.

PREV
Read more Articles on
click me!

Recommended Stories

റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്, ഭവന-വാഹന വായ്പയെടുത്തവർക്ക് പലിശ ഭാരം കൂടും
ബാങ്ക് വായ്പയെടുത്തവരുടെ ഭാരം കൂടുമോ...? റിസർവ് ബാങ്കിന്റെ വായ്പാ നയം ഇന്ന്, റിപ്പോ നിരക്ക് വർധിക്കാൻ സാധ്യത