
ഓരോ വര്‍ഷവും നികുതിദായകരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു പ്രധാന വിഷയമാണ് ആദായ നികുതി റീഫണ്ട് ലഭിക്കുന്നതിലെ കാലതാമസം. ശമ്പളക്കാര്‍, ചെറുകിട സംരംഭകര്‍, ഫ്രീലാന്‍സര്‍മാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകളാണ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത ശേഷം റീഫണ്ടിനായി മാസങ്ങളോളം കാത്തിരിക്കുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്ത സമയം, റിട്ടേണിലെ സങ്കീര്‍ണ്ണത, റീഫണ്ട് തുക എന്നിവയെ ആശ്രയിച്ചാണ് സാധാരണയായി റീഫണ്ടിന്റെ സമയപരിധി നിശ്ചയിക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും, ഇപ്പോഴും കാലതാമസമുണ്ട്
തങ്ങളുടെ അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്ന് നികുതിദായകര്‍ക്ക് വ്യക്തമായി അറിയാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി . ആദായ നികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ തത്സമയ ട്രാക്കിങ് സംവിധാനം ലഭ്യമല്ല. റീഫണ്ട് 'പ്രോസസ്സ് ചെയ്തു,' 'പരിശോധനയില്‍,' 'ബാങ്കിലേക്ക് അയച്ചു' എന്നിങ്ങനെ കാണിക്കുമെങ്കിലും, ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കുമെന്നോ, കാലതാമസത്തിന് പിന്നിലെ കാരണം എന്താണെന്നോ വെബ്‌സൈറ്റ് വിശദീകരിക്കാറില്ല. റീഫണ്ട് തുക വലുതാണെങ്കില്‍ ഈ അനിശ്ചിതത്വം കൂടുതല്‍ കൂടുകയും ചെയ്യും.
നവംബര്‍ 26, 2025 വരെയുള്ള കണക്കുകള്‍ പ്രകാരം, 8.21 കോടി ഐടിആറുകള്‍ ഫയല്‍ ചെയ്തതില്‍ 8.1 കോടി വെരിഫൈ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രോസസ്സ് ചെയ്തത് 6.98 കോടി റിട്ടേണുകള്‍ മാത്രമാണ്. അതായത്, 1.11 കോടിയിലധികം നികുതിദായകര്‍ ഇപ്പോഴും റീഫണ്ടിനായി കാത്തിരിക്കുന്നുണ്ടെപന്ന് ഇതിലൂടെ വ്യക്തമാണ്.
സാധാരണ നികുതിദായകനെ സംബന്ധിച്ചിടത്തോളം, റീഫണ്ട് വൈകുന്നതിനേക്കാള്‍ പ്രശ്‌നം എന്തുകൊണ്ടാണ് വൈകുന്നത്, ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് കുടുങ്ങിക്കിടക്കുന്നത്, വകുപ്പിന് എന്തെങ്കിലും വിവരങ്ങള്‍ നല്‍കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല എന്നതാണ്. ഇതിനൊരു പരിഹാരമായി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഡിലോയിറ്റ് ഇന്ത്യ നിര്‍ദ്ദേശിക്കുന്നത്, കൊറിയര്‍ ട്രാക്ക് ചെയ്യുന്നതുപോലെ, ഓരോ ഘട്ടവും വ്യക്തമായി കാണിക്കുന്ന, തത്സമയ ട്രാക്കിങ് സംവിധാനമാണ്. കൂടാതെ
സമയപരിധി: ഓരോ ഘട്ടത്തിനും ഒരു നിശ്ചിത സമയപരിധി നല്‍കുക.
പരാതി ബട്ടണ്‍: സമയപരിധി കഴിഞ്ഞാല്‍ പരാതി നല്‍കാനുള്ള സൗകര്യം.
അലേര്‍ട്ടുകള്‍: എസ്എംഎസ്/ഇമെയില്‍ വഴി വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി അറിയിക്കുക.
എന്നിവയും ഡിലോയിറ്റ് നിര്‍ദേശിക്കുന്നു. അമേരിക്കയും യുകെയും ഉള്‍പ്പെടെ നിരവധി വികസിത രാജ്യങ്ങളില്‍ ഈ സൗകര്യം നിലവില്‍ ലഭ്യമാണ്.