
രാജ്യത്ത് പുതിയ തൊഴില്‍ ചട്ടങ്ങള്‍ നടപ്പിലാകുന്നതോടെ ജീവനക്കാര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴില്‍ മേഖല. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗ്രാറ്റുവിറ്റി നിയമത്തിലെ മാറ്റം. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ഫിക്‌സഡ് ടേം ജീവനക്കാര്‍ക്കും ഇത് വലിയ നേട്ടമാകും. എന്നാല്‍, സ്ഥിരനിയമനം ലഭിച്ചവര്‍ക്കും ഒരു വര്‍ഷത്തെ സേവനത്തിന് ശേഷം ഗ്രാറ്റുവിറ്റി ലഭിക്കുമോ എന്ന സംശയം വ്യാപകമാണ്. ഇതേക്കുറിച്ച് അറിയേണ്ടതെല്ലാം.
ഫിക്‌സഡ് ടേം, കരാര്‍ ജീവനക്കാര്‍ക്ക് ഇനി ഗ്രാറ്റുവിറ്റി ലഭിക്കാന്‍ പഴയതുപോലെ 5 വര്‍ഷം കാത്തിരിക്കേണ്ടതില്ല. പുതിയ നിയമപ്രകാരം തുടര്‍ച്ചയായി ഒരു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും. തൊഴില്‍ സുരക്ഷിതത്വമില്ലാത്ത ഇത്തരം വിഭാഗങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ്.
സ്ഥിരജീവനക്കാരുടെ കാര്യത്തിലോ?
കരാര്‍ ജീവനക്കാര്‍ക്ക് ഇളവ് ലഭിച്ചതോടെ സ്ഥിരനിയമനമുള്ളവര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞാല്‍ ഗ്രാറ്റുവിറ്റി കിട്ടുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍, സ്ഥിരനിയമനമുള്ള ജീവനക്കാരുടെ കാര്യത്തില്‍ ഈ ഇളവില്ല. ഇവര്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കണമെങ്കില്‍ നിലവിലുള്ളതുപോലെ തുടര്‍ച്ചയായി 5 വര്‍ഷത്തെ സേവനം നിര്‍ബന്ധമാണ്. പുതിയ തൊഴില്‍ ചട്ടങ്ങളില്‍ സ്ഥിരജീവനക്കാരുടെ സമയപരിധി കുറച്ചിട്ടില്ല. മരണം, അപകടം മൂലം ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം എന്നിവയില്‍ മാത്രമാണ് സ്ഥിരജീവനക്കാര്‍ക്ക് 5 വര്‍ഷം എന്ന പരിധിയില്‍ ഇളവ് ലഭിക്കുക,
1972-ലെ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് പ്രകാരമുള്ള ആനുകൂല്യമാണിത്. ദീര്‍ഘകാലം സ്ഥാപനത്തിനായി ജോലി ചെയ്തതിന് തൊഴിലുടമ നല്‍കുന്ന സാമ്പത്തിക പാരിതോഷികമാണിത്. വിരമിക്കുമ്പോഴോ രാജി വെക്കുമ്പോഴോ ആണ് ഈ തുക ലഭിക്കുക. ഭാവി ജീവിതത്തിലേക്കുള്ള ഒരു സാമ്പത്തിക കരുതലാണിത്.