നാവികസേനയുടെ തീപ്പന്തമാകാന്‍ എംഎച്ച്-60ആര്‍ ഹെലികോപ്റ്ററുകള്‍ ; യുഎസുമായി 7,995 കോടിയുടെ കരാര്‍

Published : Nov 29, 2025, 07:10 PM IST
MH60

Synopsis

അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ഹെലികോപ്റ്ററുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ സമഗ്ര പാക്കേജാണ് കരാറിലുള്ളത്. ഇന്ത്യയില്‍ത്തന്നെ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടെ ഭാവിയില്‍ അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കാം 

 

നാവികസേനയുടെ അത്യാധുനിക എംഎച്ച്-60ആര്‍ സീഹോക്ക് ഹെലികോപ്റ്ററുകളുടെ പരിപാലനത്തിനും സാങ്കേതിക സഹായത്തിനുമായി ഇന്ത്യയും അമേരിക്കയും തമ്മില്‍ 7,995 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ചു. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ഹെലികോപ്റ്ററുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ സമഗ്ര പാക്കേജാണ് കരാറിലുള്ളത്. കരാര്‍ പ്രകാരം സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത ഉറപ്പാക്കല്‍, അറ്റകുറ്റപ്പണികള്‍ക്കും പരിശോധനയ്ക്കുമുള്ള ഉപകരണങ്ങള്‍, ജീവനക്കാര്‍ക്കുള്ള സാങ്കേതിക പരിശീലനം, അറ്റകുറ്റപ്പണിയും പുനഃസ്ഥാപിക്കലും തുടങ്ങിയ കാര്യങ്ങളില്‍ യുഎസ് സഹായം നല്‍കും. ഇന്ത്യയില്‍ത്തന്നെ അറ്റകുറ്റപ്പണികള്‍ക്കും പരിശോധനയ്ക്കുമുള്ള സൗകര്യങ്ങളും ഒരുക്കും.

ആത്മനിര്‍ഭര്‍ ഭാരതിന് ഊര്‍ജം

ഇന്ത്യയില്‍ത്തന്നെ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടെ ഭാവിയില്‍ അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും. ഇത് 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന ലക്ഷ്യത്തിന് കരുത്തുപകരും. കൂടാതെ, ഇന്ത്യന്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും (മറ്റു കമ്പനികള്‍ക്കും പുതിയ അവസരങ്ങള്‍ തുറന്നുകിട്ടുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

എംഎച്ച്-60ആര്‍ സീഹോക്ക്: പ്രധാന സവിശേഷതകള്‍

1. ഒരേസമയം വിവിധ ദൗത്യങ്ങള്‍

എംഎച്ച്-60ആര്‍ ഹെലികോപ്റ്ററുകള്‍ക്ക് ഒരേസമയം വിവിധ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കും. അന്തര്‍വാഹിനികളെ ആക്രമിക്കല്‍, കപ്പലുകളെ ആക്രമിക്കല്‍, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ , നിരീക്ഷണം, തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.

2. അന്തര്‍വാഹിനികളെയും കണ്ടെത്തി നശിപ്പിക്കും

ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവികസേനയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഇവ നിര്‍ണായക പങ്കുവഹിക്കുന്നു.

സോണാര്‍ സംവിധാനം: അന്തര്‍വാഹിനികളെ വെള്ളത്തിനടിയില്‍ വെച്ച് തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന അത്യാധുനിക ലോ ഫ്രീക്വന്‍സി ഡിപ്പിങ് സോണാര്‍ ഇതിലുണ്ട്.

ആയുധങ്ങള്‍: അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള മാര്‍ക്ക് 54 ടോര്‍പ്പിഡോകള്‍ വഹിക്കാന്‍ ഇതിന് സാധിക്കും.

3. കപ്പലുകളും തടയും

മിസൈല്‍ സംവിധാനം: കപ്പലുകളെ ലക്ഷ്യമിടാന്‍ സഹായിക്കുന്ന ഹെല്‍ഫയര്‍ മിസൈലുകള്‍ വഹിക്കാനുള്ള ശേഷി.

റോക്കറ്റുകള്‍/തോക്കുകള്‍: വിവിധതരം റോക്കറ്റുകളും മെഷീന്‍ ഗണ്ണുകളും ഇതില്‍ ഘടിപ്പിക്കാന്‍ സാധിക്കും.

4. അത്യാധുനിക സെന്‍സറുകളും റഡാറുകളും

മള്‍ട്ടി-മോഡ് റഡാര്‍: ദീര്‍ഘദൂരത്തില്‍ ലക്ഷ്യങ്ങള്‍ കണ്ടെത്താനും തിരിച്ചറിയാനും സഹായിക്കുന്ന റഡാര്‍ സംവിധാനം.

ഇലക്ട്രോ-ഒപ്റ്റിക്കല്‍/ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ : രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ നല്‍കാനും നിരീക്ഷണത്തിനും ഇത് സഹായിക്കുന്നു.

5. എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തനം

രാത്രിയിലോ, കനത്ത മഴയിലോ, മറ്റ് പ്രതികൂലമായ കാലാവസ്ഥകളിലോ പോലും യാതൊരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കാനുള്ള ശേഷി എംഎച്ച്-60ആറിനുണ്ട്. ഇതിനായിട്ടുള്ള ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സംവിധാനങ്ങളും അവിയോണിക്‌സുകളും സജ്ജീകരിച്ചിരിക്കുന്നു.

6. കപ്പലുകള്‍ താവളങ്ങളാക്കാം

നാവികസേനയുടെ യുദ്ധക്കപ്പലുകളിലും എയര്‍ക്രാഫ്റ്റ് കാരിയറുകളിലും സുരക്ഷിതമായി ഇറങ്ങാനും പറന്നുയരാനും കഴിയുന്ന രീതിയിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവയുടെ ഫോള്‍ഡിങ് ബ്ലേഡ് സംവിധാനം കപ്പലുകളിലെ ചെറിയ ഹാംഗറുകളില്‍ സൂക്ഷിക്കാന്‍ സൗകര്യപ്രദമാണ്.

7. സുരക്ഷാ സംവിധാനങ്ങള്‍

സെല്‍ഫ്-ഡിഫന്‍സ് സിസ്റ്റം: ഹെലികോപ്റ്ററിന് നേരെ വരുന്ന ഭീഷണികളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള സംവിധാനങ്ങള്‍.

മികച്ച കവചം: പൈലറ്റിനും ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന കവചത്തോടുകൂടിയ കോക്ക്പിറ്റ്.

 

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു