അമേരിക്കയും തീരുവ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന; അവസാനം വരെ പോരാടും, പരാമാധികാരം വലുതെന്ന് ചൈനയുടെ മറുപടി

Published : Aug 04, 2025, 01:26 PM IST
US President Donald Trump and Chinese President Xi Jinping (File Photo/ Reuters)

Synopsis

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള വ്യാപാര ഉടമ്പടി പ്രഖ്യാപിക്കാനുള്ള സാധ്യത ഇല്ലാതാകുമോ

മേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും വ്യാപാര കരാറിലെത്താനും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ തുടരുന്നു. എന്നാല്‍, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ തയാറല്ലെന്ന് ചൈന പ്രഖ്യാപിച്ചതോടെ വ്യാപാര ഉടമ്പടി അനിശ്ചിതത്വത്തിലായി. ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന യുഎസിന്റെ നിര്‍ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തര്‍ക്ക വിഷയം.

രണ്ടു രാജ്യങ്ങളും തമ്മില്‍ സ്റ്റോക്ക്‌ഹോമില്‍ ദ്വിദിന വ്യാപാര ചര്‍ച്ചകള്‍ നടന്നതിന് പിന്നാലെയാണ് തങ്ങളുടെ നിലപാട് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി രംഗത്തെത്തിയത്. നൂറ് ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കയുടെ ഭീഷണിക്ക് മറുപടിയായി, രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ ചൈന എല്ലായ്‌പ്പോഴും ഊര്‍ജ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ ചൈനയുടെയും യുഎസിന്റെയും വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കരാറില്‍ എത്താന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസം ഇരുരാജ്യങ്ങളും പ്രകടിപ്പിക്കുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍.

നൂറ് ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണി അമേരിക്ക നടപ്പാക്കുമോ എന്ന കാര്യത്തില്‍ കണ്‍സള്‍ട്ടന്‍സി ടെനിയോയുടെ മാനേജിങ് ഡയറക്ടര്‍ ഗബ്രിയേല്‍ വൈല്‍ഡോ സംശയം പ്രകടിപ്പിച്ചു. ഈ ഭീഷണികള്‍ യാഥാര്‍ഥ്യമായാല്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള വ്യാപാര ഉടമ്പടി പ്രഖ്യാപിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്‌നുമായി റഷ്യയുടെ യുദ്ധം തുടരുകയും ഇറാന്‍ മിഡില്‍ ഈസ്റ്റിലെ സായുധ ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനാല്‍, മോസ്‌കോയുടെയും ടെഹ്റാന്റെയും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം കുറയ്ക്കുന്നതിന് എണ്ണ വില്‍പ്പന പരിമിതപ്പെടുത്താനാണ് യുഎസ് ലക്ഷ്യമിടുന്നത്. തീരുവ ചുമത്തുന്നതില്‍ യുഎസ് ഉറച്ചു നില്‍ക്കുകയാണെങ്കില്‍, ചൈന അവസാനം വരെ പോരാടുമെന്ന്' ബെയ്ജിങ്ങിലെ ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡബ്ല്യുടിഒ സ്റ്റഡീസ് ഡയറക്ടര്‍ ടു സിന്‍ക്വാന്‍ പറഞ്ഞു.

ചൈന ഈ സാഹചര്യം ട്രംപില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടാനുള്ള തന്ത്രമായി ഉപയോഗിച്ചേക്കാമെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ മുതിര്‍ന്ന ഉപദേഷ്ടാവ് സ്‌കോട്ട് കെന്നഡി അഭിപ്രായപ്പെട്ടു. റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും ചൈനയുടെ എണ്ണ വാങ്ങല്‍ ഊര്‍ജ ലഭ്യതയ്ക്ക് നിര്‍ണായകമാണ്. 2024-ല്‍ യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാന്റെ എണ്ണ കയറ്റുമതിയുടെ വലിയൊരു ഭാഗം ചൈനയിലേക്കാണ്, പ്രതിദിനം ഒരു ദശലക്ഷത്തിലധികം ബാരല്‍ ഇറാനിയന്‍ എണ്ണ ഇങ്ങനെ ഇറക്കുമതി ചെയ്യുന്നു. കൂടാതെ, ഇന്ത്യ കഴിഞ്ഞാല്‍ റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താവും ചൈനയാണ്.

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ