
അമേരിക്കയെ സ്തംഭിപ്പിച്ചുകൊണ്ട് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 'ഷട്ട്ഡൗണ്‍' ഔദ്യോഗികമായി അവസാനിച്ചിരിക്കുകയാണ്. എന്നാല്‍, ഈ രാഷ്ട്രീയ പ്രതിസന്ധി അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതം പ്രതീക്ഷിച്ചതിലും അപ്പുറമാണ്. നഷ്ടപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍, വൈകിയ സാമ്പത്തിക സര്‍വേകള്‍, സ്തംഭനം മൂലമുള്ള സാമ്പത്തിക തളര്‍ച്ച എന്നിവ എത്രത്തോളം വലുതാണ് എന്നതിലെ അവ്യക്തത കാരണം യഥാര്‍ത്ഥ നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്താന്‍ കഴിയുന്നില്ല. ആറ് ആഴ്ചയോളം നീണ്ട ഷട്ട്ഡൗണ്‍ സര്‍ക്കാരിനെ നിശ്ചലമാക്കുകയും, ലക്ഷക്കണക്കിന് ജീവനക്കാരെ ശമ്പളമില്ലാത്ത അവസ്ഥയിലാക്കുകയും, പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സുപ്രധാന സേവനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു. ഇത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ സമ്മതിക്കുന്നു. സാമ്പത്തിക നഷ്ടം വിലയിരുത്തുന്നതിലെ ഏറ്റവും വലിയ തടസ്സം സുപ്രധാനമായ വിവരങ്ങള്‍ ലഭ്യമല്ല എന്നതാണ്. ഷട്ട്ഡൗണ്‍ സമയത്ത് തൊഴിലില്ലായ്മാ കണക്കുകള്‍ നല്‍കുന്ന ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സര്‍വേ തടസ്സപ്പെട്ടു, ഇത് തൊഴില്‍ വിപണിയുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് സര്‍ക്കാരിന് വ്യക്തതയില്ലാത്ത അവസ്ഥയുണ്ടാക്കി.
കോണ്‍ഗ്രഷണല്‍ ബഡ്ജറ്റ് ഓഫീസ് നല്‍കുന്ന കണക്കനുസരിച്ച്, ആറ് ആഴ്ചത്തെ ഷട്ട്ഡൗണ്‍ നാലാം പാദത്തില്‍ യു.എസ്. ജി.ഡി.പി. വളര്‍ച്ചയില്‍ ഏകദേശം 1.5 ശതമാനം കുറവ് വരുത്താന്‍ സാധ്യതയുണ്ട്. അതായത്, ഏകദേശം ഒരാഴ്ച 1,500 കോടി ഡോളറിന്റെ ഉത്പാദന നഷ്ടം! ശമ്പളമില്ലാതെ വീട്ടിലിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാന നഷ്ടം മാത്രമല്ല ഈ തിരിച്ചടിക്ക് കാരണം. സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ കാലതാമസം, റെസ്റ്റോറന്റുകളിലെ കുറഞ്ഞ കച്ചവടം, വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍ തുടങ്ങിയ അനുബന്ധ പ്രത്യാഘാതങ്ങളുടെ ഒരു ശൃംഖലയാണ് സാമ്പത്തിക സ്തംഭനമുണ്ടാക്കിയത്.
ശമ്പളമില്ലാതെ ജോലി ചെയ്യുകയോ വീട്ടിലിരിക്കുകയോ ചെയ്യേണ്ടി വന്ന 8 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ കുടുംബച്ചെലവുകള്‍ വെട്ടിച്ചുരുക്കി. കൂടാതെ, ദശലക്ഷക്കണക്കിന് കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്ന സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം ആനുകൂല്യങ്ങള്‍ വൈകിയത് അവരുടെ ദുരിതം വര്‍ദ്ധിപ്പിച്ചു. അമേരിക്കയിലെ ഫുഡ് ബാങ്കുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. പെന്‍സില്‍വാനിയയിലെ അലെഗെനി കൗണ്ടിയില്‍ മാത്രം നോര്‍ത്ത് ഹില്‍സ് കമ്മ്യൂണിറ്റി ഔട്ട്റീച്ചില്‍ സഹായം തേടിയെത്തിയവരുടെ എണ്ണത്തില്‍ 50% വര്‍ദ്ധനവുണ്ടായി. വരിയില്‍ നിന്ന പകുതി പേരും എസ്.എന്‍.എ.പി. ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരായിരുന്നു. വാഷിങ്ടണ്‍ ഡി.സി. മേഖലയില്‍ ഏഴ് റെസ്റ്റോറന്റുകള്‍ നടത്തുന്ന 'ഫൗണ്ടിംഗ് ഫാര്‍മേഴ്സ് റെസ്റ്റോറന്റ് ഗ്രൂപ്പിന്' ഷട്ട്ഡൗണ്‍ കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15% ബിസിനസ് കുറഞ്ഞു. ശമ്പളം നിലയ്ക്കുമ്പോള്‍ ആളുകള്‍ പുറത്തുപോകാതെയാകും. കാര്യങ്ങള്‍ സാധാരണ നിലയിലായാലും, നഷ്ടപ്പെട്ട ഭക്ഷണത്തിന്റെ ഓര്‍ഡര്‍ അടുത്ത ആഴ്ചയില്‍ ഇരട്ടിയാക്കില്ലല്ലോ എന്ന് ഹോട്ടലുടമകള്‍ പറയുന്നു.
ജീവനക്കാര്‍ക്ക് കുടിശ്ശിക ശമ്പളം ലഭിക്കുകയും ചെലവുകള്‍ പുനരാരംഭിക്കുകയും ചെയ്യുന്നതോടെ നഷ്ടപ്പെട്ട ഉത്പാദനത്തിന്റെ ഭൂരിഭാഗവും തിരിച്ചുപിടിക്കാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. എന്നാല്‍, സേവന മേഖലയിലെ ചില നഷ്ടങ്ങള്‍ വീണ്ടെടുക്കാനാവാത്തവയാണ്. റെസ്റ്റോറന്റുകളുടെ നഷ്ടമായ വില്‍പന , യാത്രകള്‍, കുറഞ്ഞ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പിന്നീടൊരിക്കലും തിരിച്ചുപിടിക്കാനാവില്ല. ഷട്ട്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക ആഘാതത്തിന്റെ ഏകദേശം 20% സ്ഥിരമായിരിക്കുമെന്ന് ഇ.വൈ.-പാര്‍ഥെനോണ്‍ ചീഫ് ഇക്കണോമിസ്റ്റ് ഗ്രിഗറി ഡാക്കോ കണക്കാക്കുന്നു.