
സാമ്പത്തിക ഞെരുക്കത്തിനിടെ ക്രെഡിറ്റ് കാർഡെന്നത് വലിയ അനുഗ്രഹം തന്നെയാണ്. അവശ്യ സമയത്ത് സാമ്പത്തിക സഹായം ലഭിക്കുന്നതിനൊപ്പം തവണകളായി തിരിച്ചയടയ്ക്കാം. എന്നാൽ ഇത് മര്യാദയ്ക്ക് കൈകാര്യം ചെയ്യാൻ അറിഞ്ഞില്ലെങ്കിൽ പണിപാളും. ഉയർന്ന പലിശനിരക്കും അടയ്ക്കേണ്ട തുകയുടെ ഏറ്റവും കുറഞ്ഞ ഭാഗം മാത്രം അടച്ചു മുന്നോട്ട് പോകുന്ന പ്രവണതയും ക്രെഡിറ്റ് കാർഡ് കടം കൂടാൻ കാരണമാകും. കടം കൂടുന്നത് വായ്പയെടുത്തവരിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നതിനൊപ്പം തിരിച്ചടവുകൾ കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യും. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് എടുക്കുന്നതിന് മുൻപേ എങ്ങനെ തിരിച്ചടയ്ക്കണൺ എന്നുള്ളത് കൃത്യമായി അറിഞ്ഞിരിക്കണം.
1. മൊത്തം കടം വിലയിരുത്തുക
എല്ലാ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളിലെയും ബാധ്യതകൾ ഒരു പേപ്പറിൽ എഴുതിത്തുടങ്ങുക. ഓരോ കടത്തിനും ബാധകമായ പലിശനിരക്ക് എത്രയെന്നും ശ്രദ്ധിക്കണം. പണം ഏറ്റവും കൂടുതൽ നഷ്ടപ്പെടുന്നത് എവിടെയാണെന്ന് കൃത്യമായി തിരിച്ചറിയുക.
2. ഉയർന്ന പലിശയുള്ള കാർഡുകൾക്ക് മുൻഗണന നൽകുക
ഏറ്റവും കൂടുതൽ പലിശയുള്ള ക്രെഡിറ്റ് കാർഡുകൾ ആദ്യം അടച്ചുതീർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 'അവലാഞ്ച് മെത്തേഡ്' എന്നറിയപ്പെടുന്ന ഈ രീതി, ദീർഘകാലാടിസ്ഥാനത്തിൽ വരുന്ന മൊത്തം പലിശച്ചെലവ് കുറയ്ക്കാൻ സഹായിക്കും.
3. വായ്പാഏകീകരണം പരിഗണിക്കുക
ഒന്നിലധികം കാർഡുകൾക്ക് ഉയർന്ന പലിശ അടയ്‌ക്കേണ്ടി വരികയാണെങ്കിൽ വ്യക്തിഗത വായ്പ എടുത്ത് എല്ലാ കടവും അടച്ചുതീർക്കുകയോ അല്ലെങ്കിൽ കുറഞ്ഞ പലിശയിൽ ബാലൻസ് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യാം. ഇത് വഴി മൊത്തം കടം കുറഞ്ഞ പലിശയിലേക്ക് ഏകീകരിക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുന്നത് തിരിച്ചടവ് ലളിതമാക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കും.
4. പ്രായോഗികമായ തിരിച്ചടവ് പ്ലാൻ ഉണ്ടാക്കുക
കടം പെരുകാതിരിക്കാൻ, നിലവിലെ ചെലവുകൾ അവലോകനം ചെയ്യുക. വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത തുക എല്ലാ മാസവും കടം തിരിച്ചടവിനായി മാത്രം മാറ്റിവെക്കാൻ ഒരു ബജറ്റ് തയ്യാറാക്കുക. മൊത്തം കടം ക്രെഡിറ്റ് പരിധിയുടെ 30%ൽ താഴെ എത്തുന്നത് വരെ പുതിയ കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.
5. ചർച്ച ചെയ്യുക, ആവശ്യമെങ്കിൽ ഒത്തുതീർപ്പാക്കുക
തിരിച്ചടവുകൾ താങ്ങാനാവാത്ത നിലയിൽ ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കിൽ പരിഭ്രാന്തരാകരുത്. വായ്പാ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുക. കൃത്യവിലോപം തിരുത്തി കടം തീർക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 'സ്ട്രക്‌ചേർഡ് സെറ്റിൽമെന്റ്' അല്ലെങ്കിൽ 'ഹാർഡ്ഷിപ്പ് പ്ലാനുകൾ' പോലുള്ള അവസരങ്ങൾ നൽകാറുണ്ട്.