Sugar export : ആദ്യം ഗോതമ്പ്, ഇപ്പോൾ പഞ്ചസാര: കയറ്റുമതി നിയന്ത്രണവുമായി കേന്ദ്രം

By Web TeamFirst Published May 24, 2022, 5:04 PM IST
Highlights

പഞ്ചസാരയുടെ പ്രധാന ഉത്പാദകരായതിനാൽ ഇന്ത്യ കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള പഞ്ചസാര വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

ദില്ലി : ഗോതമ്പ് കയറ്റുമതി (Wheat export ban) നിരോധിച്ചതിന് പിറകെ പഞ്ചസാര കയറ്റുമതി (Sugar export) നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ആറ് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാൻ ആണ് സർക്കാർ കയറ്റുമതി കുറയ്ക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. കൂടാതെ ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചസാരയുടെ പ്രധാന ഉത്പാദകരായതിനാൽ ഇന്ത്യ കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള പഞ്ചസാര വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

പുതിയ സാമ്പത്തിക വർഷം ആരംഭിച്ച്, മെയ് 18 വരെ 75 ലക്ഷം ടൺ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2017-18  സീസണിനെ അപേക്ഷിച്ച് 2021- 22 കാലയളവിൽ 15 മടങ്ങ് അധികം പഞ്ചസാര ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ  ഏകദേശം 70 ലക്ഷം ടൺ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. 

Read Also: പണപ്പെരുപ്പം; വില കൂട്ടുന്നത് ഒഴിവാക്കാന്‍ തൂക്കം കുറച്ച് ഈ കമ്പനികള്‍

രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വിൽപ്പന വില നിലവിൽ കിലോയ്ക്ക് ഏകദേശം 41.50 രൂപയാണ്. വരും മാസങ്ങളിൽ ഇത് 40-43 രൂപയിൽ തുടരാനാണ് സാധ്യത. പഞ്ചസാര ഉത്പാദനം വർധിപ്പിക്കാനും കയറ്റുമതി സുഗമമാക്കുന്നതിനുമായി കഴിഞ്ഞ 5 വർഷത്തിനിടെ ഏകദേശം 14,456 കോടി രൂപയാണ് സർക്കാർ പഞ്ചസാര മില്ലുകൾക്ക് അനുവദിച്ചത്. 

Read Also : ഗോതമ്പ് വില കുതിക്കുന്നു; ബ്രെഡ്, ബിസ്‌ക്കറ്റ്, റൊട്ടി എന്നിവയ്ക്ക് വില കൂടുമോ?

ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായാണ് പത്തു ദിവസങ്ങൾക്ക് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായിട്ടുപോലും ഇന്ത്യയിൽ കഴിഞ്ഞ മാസം ഗോതമ്പ് വില ആശങ്കയുളവാക്കുന്ന വിധത്തിലാണ് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്.  

Read Also : ഫിക്സഡ് ഡെപോസിറ്റിന് ഇനി ഉയർന്ന പലിശ; നിരക്ക് വർധിപ്പിച്ച് ഫെഡറൽ ബാങ്ക്

click me!