
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അതിവേഗം മുന്നോട്ട് കുതിക്കുന്നതായി സ്ഥിരീകരിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് . 2026 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.2% വളര്‍ച്ച രേഖപ്പെടുത്തി. ഇത് കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ്. മുന്‍ പാദത്തിലെ 7.8% വളര്‍ച്ചയില്‍ നിന്നും ജി.ഡി.പി. കൂടുതല്‍ വേഗത കൈവരിച്ചു. ഇതേ കാലയളവില്‍ നോമിനല്‍ ജി.ഡി.പി. 8.7% വളര്‍ന്നു.
ഈ തകര്‍പ്പന്‍ പ്രകടനത്തിന്റെ നെടുംതൂണ്‍ രാജ്യത്തെ ഉല്‍പാദന മേഖലയാണ്. ഈ പാദത്തില്‍ 9.1% വളര്‍ച്ചയാണ് മേഖല നേടിയത്. 2024 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിനു ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്. മൊത്തം ജി.ഡി.പി. വളര്‍ച്ചയില്‍ ഏകദേശം 1.5 ശതമാനം പോയിന്റിന്റെ സംഭാവന ഉല്‍പാദന മേഖലയില്‍ നിന്നാണ്. ഉല്‍പാദന മേഖലയുടെ പങ്ക് ഒരു വര്‍ഷം മുമ്പുള്ള 16.1% ല്‍ നിന്ന് 17.2% ആയി ഉയര്‍ന്നു. വ്യാവസായിക ഉത്പാദന സൂചികയുടെ ശരാശരി വളര്‍ച്ച കഴിഞ്ഞ വര്‍ഷം 2.7% ആയിരുന്നത് ഈ പാദത്തില്‍ 4.1% ആയി. കയറ്റുമതി മുന്‍ വര്‍ഷം ഇതേ പാദത്തിലെ 7 ശതമാനത്തില്‍ നിന്ന്് ഈ പാദത്തില്‍ ചരക്ക് കയറ്റുമതി 8.8% വര്‍ദ്ധിച്ചു.
സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്ന മറ്റ് പ്രധാന ഘടകങ്ങള്‍ ഇവയാണ്:
ജി.എസ്.ടി. ഇളവുകള്‍: സെപ്റ്റംബര്‍ 22 മുതല്‍ നൂറിലധികം ഇനങ്ങളുടെ ജി.എസ്.ടി. നിരക്കുകള്‍ കുറച്ച നടപടി നിര്‍ണായകമായി. ഇതിലൂടെ ഏകദേശം 2 ലക്ഷം കോടി രൂപ ഉപഭോക്താക്കള്‍ക്കും ബിസിനസ്സുകാര്‍ക്കും തിരികെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
സര്‍ക്കാര്‍ ചെലവ്: ഈ പാദത്തില്‍ സര്‍ക്കാരിന്റെ മൂലധനച്ചെലവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 31% ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 10% മാത്രം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്.
സെമികണ്ടക്ടര്‍ മുതല്‍ ഐഫോണ്‍ വരെ: ടാറ്റാ ഗ്രൂപ്പിന്റെ 11 ബില്യണ്‍ ഡോളര്‍ സെമികണ്ടക്ടര്‍ ഫാബ്, തമിഴ്നാട്ടിലെ ഫോക്‌സ്‌കോണിന്റെ വികസിപ്പിച്ച ഐഫോണ്‍ അസംബ്ലി ലൈനുകള്‍ എന്നിവ രണ്ടാം പാദത്തില്‍ മാത്രം 1.2 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തു.
പി.എല്‍.ഐ. സ്‌കീം: ഇത് വഴി 2021 മുതല്‍ 14 മേഖലകളിലായി 4,300 കോടി രൂപ വിതരണം ചെയ്തു.
തൊഴില്‍: നിര്‍മ്മാണ രംഗത്തെ ഈ കുതിച്ചുചാട്ടം ഈ പാദത്തില്‍ ഏകദേശം 12 ലക്ഷം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി സി.എം.ഐ.ഇ. കണക്കാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് 4.9% ആണ്.
ഉല്‍പാദന മേഖലയുടെ ഈ കരുത്ത് കണക്കിലെടുത്ത് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്, ഇന്ത്യയുടെ 2026 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം 6.8% ല്‍ നിന്ന് 7.2% ആയി ഉയര്‍ത്തി. രാജ്യത്തെ ലോജിസ്റ്റിക്‌സ് ചെലവ് 2020 മുതല്‍ 14% കുറഞ്ഞതായി ലോക ബാങ്കും ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ജി.ഡി.പി.യുടെ ഏകദേശം 15% വരുന്ന ഉല്‍പാദന മേഖലയുടെ പങ്ക്, 2030-ഓടെ 25% ആയി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.