
സ്വര്‍ണം, സ്ഥലം തുടങ്ങിയ ആസ്തികള്‍ക്ക് പുറമെ ഇന്ന് ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ ഉപയോഗിച്ചും വായ്പ കണ്ടെത്താന്‍ സാധിക്കും. ഓഹരി ഈടായി നല്‍കി വായ്പ എടുക്കാനുള്ള സംവിധാനമാണിത്. വ്യക്തിഗത വായ്പയെക്കാളോ മറ്റ് ഈടില്ലാത്ത വായ്പകളെക്കാളോ കുറഞ്ഞ പലിശയില്‍ ലഭിക്കും എന്നതാണ് ഈ രീതിയുടെ പ്രധാന ആകര്‍ഷണം. സ്വര്‍ണം പണയം വെക്കുന്നതിന് സമാനമാണിത്. നിക്ഷേപകന്റെ പക്കലുള്ള ഓഹരികള്‍ ഈടായി നല്‍കിയാണ് വായ്പ എടുക്കുന്നത്. വായ്പാ തുക തിരിച്ചടച്ചു കഴിയുമ്പോള്‍ ഓഹരികള്‍ ഉടമസ്ഥന് തിരികെ ലഭിക്കും. പ്രധാന നേട്ടങ്ങള്‍
ഉടമസ്ഥാവകാശം: വായ്പാ കാലയളവില്‍ ഓഹരികളുടെ ഉടമസ്ഥാവകാശം നിക്ഷേപകനില്‍ തന്നെ നിലനില്‍ക്കും.
ആനുകൂല്യങ്ങള്‍: ഓഹരികള്‍ പണയത്തിലായിരിക്കുമ്പോഴും ഡിവിഡന്റ്, ബോണസ് ഷെയറുകള്‍, സ്റ്റോക്ക് സ്പ്ലിറ്റ് തുടങ്ങിയ എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും നിക്ഷേപകന്റെ അക്കൗണ്ടില്‍ തന്നെ ലഭിക്കും.
നിയന്ത്രണം: ഡീമാറ്റ് അക്കൗണ്ടില്‍ ഒരു 'ലിയന്‍' രേഖപ്പെടുത്തും. വായ്പ പൂര്‍ണ്ണമായും അടച്ചുതീര്‍ക്കുന്നതുവരെ ഈ ഓഹരികള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല.
നിലവിലെ റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പണയം വെക്കുന്ന ഓഹരികളുടെ മൂല്യത്തിന്റെ പരമാവധി 50% വരെയാണ് വായ്പയായി ലഭിക്കുക . അതായത്, 10 ലക്ഷം രൂപയുടെ ഓഹരിക്ക് ഏകദേശം 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കാന്‍ സാധ്യതയുണ്ട്. അവസാന ആറ് മാസത്തിനുള്ളില്‍ 80 ശതമാനം വ്യാപാര ദിനങ്ങളിലും സജീവമായി ട്രേഡ് ചെയ്യപ്പെട്ട നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഗ്രൂപ്പ് 1 ഓഹരികള്‍ മാത്രമേ ഈടായി സ്വീകരിക്കുകയുള്ളൂ. ഓഹരിക്ക് പകരമുള്ള വായ്പയുടെ പരമാവധി പരിധി 50 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്താനും വായ്പയുടെ പരമാവധി തുക 1 കോടി രൂപയായി വര്‍ദ്ധിപ്പിക്കാനും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഓഹരി വിലകള്‍ പെട്ടെന്ന് കുറയാന്‍ സാധ്യതയുണ്ട്. ഇവിടെയാണ് ഏറ്റവും വലിയ വെല്ലുവിളി.
മാര്‍ജിന്‍ കോള്‍ : വിപണി ഇടിഞ്ഞ് ഓഹരി മൂല്യം കുറയുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഉദാഹരണത്തിന്, 20 ലക്ഷം രൂപയുടെ ഓഹരിക്ക് 10 ലക്ഷം രൂപ വായ്പയെടുത്ത ശേഷം ഓഹരിക്ക് 20% വില കുറഞ്ഞാല്‍, എല്‍ടിവി 63% ആയി ഉയരും. ഇത് പരിധിക്ക് പുറത്തായതിനാല്‍ ഓഹരി മൂല്യത്തിലെ കുറവ് നികത്താന്‍ ഉടന്‍ തന്നെ അധിക പണം നിക്ഷേപകനോട് ആവശ്യപ്പെടും. ഇതിനെയാണ് മാര്‍ജിന്‍ കോള്‍ എന്ന് പറയുന്നത്.
നിര്‍ബന്ധിത വില്‍പ്പന: ഓഹരി മൂല്യത്തിലെ ഈ കുറവ് പണമായി തന്നെ നികത്തേണ്ടതുണ്ട്. നിക്ഷേപകന്‍ കൃത്യസമയത്ത് ഈ തുക നല്‍കിയില്ലെങ്കില്‍, കടം നല്‍കിയ സ്ഥാപനത്തിന് പണയം വെച്ച ഓഹരികള്‍ വില്‍ക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ട്.