
ന്യൂയോർക്: ഫെയ്സ്ബുക്ക് സ്ഥാപകനും മെറ്റയുടെ സിഇഒയുമായ മാർക് സക്കർബർഗിന് ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയേറ്റ ദിവസമാണ് കടന്നുപോയത്. ഒറ്റ ദിവസം കൊണ്ട് ഇദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിലെ 1.7 ലക്ഷം കോടി രൂപയാണ് മാഞ്ഞുപോയത്. എല്ലാത്തിനും കാരണമായത് മെറ്റ പ്ലാറ്റ്ഫോം കമ്പനിയുടെ നാലാം പാദവാർഷിക ഫലം പുറത്തുവന്നതാണ്.
പ്രതിമാസ ആക്ടീവ് യൂസർമാരുടെ എണ്ണം താഴേക്ക് പോയതും പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവ് ഇല്ലാത്തതുമാണ് നാലാം പാദവാർഷിക ഫലത്തിൽ വ്യക്തമാക്കിയത്. ഇതോടെ ഓഹരി മൂല്യം 20 ശതമാനത്തിലേറെ ഇടിഞ്ഞു. പ്രധാന ഓഹരി ഉടമയെന്ന നിലയിൽ സക്കർബർഗിന് തന്നെയാണ് ഇത് തിരിച്ചടിയായത്.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അനുസരിച്ച്, സക്കർബർഗിന്റെ ആസ്തി 120.6 ബില്യൺ ഡോളറിൽ നിന്ന് 97 ബില്യൺ ഡോളറായി കുറയും. 2015 ജൂലൈയ്ക്ക് ശേഷം ആദ്യമായി അതിസമ്പന്നരിലെ ആദ്യ 10 പേരുടെ പട്ടികയിൽ നിന്ന് അദ്ദേഹം പുറത്താക്കും.
ഒരു ഓഹരിക്ക് 3.84 ഡോളറാണ് വരുമാനം പ്രതീക്ഷിച്ചതെങ്കിലും കൊടുക്കാനാവുക 3.67 ഡോളർ മാത്രമാണ്. പ്രതീക്ഷിച്ച വരുമാനം 33.4 ബില്യൺ ഡോളറായിരുന്നു. ഇത് 33.67 ബില്യൺ ഡോളറായി. ഫെയ്സ്ബുക്കിന്റെ പ്രതിദിന ആക്ടീവ് ഉപഭോക്താക്കളുടെ എണ്ണം 1.95 ബില്യണാണ് പ്രതീക്ഷിച്ചത്. കിട്ടിയതാകട്ടെ 1.93 ബില്യൺ മാത്രം. പ്രതിമാസ ആക്ടീവ് യൂസർമാർ 2.95 ബില്യണായിരുന്നു പ്രതീക്ഷിച്ചത് ഫലത്തിൽ 2.91 ബില്യൺ മാത്രമായിരുന്നു. ഒരു ഉപഭോക്താവിൽ നിന്നുള്ള ഫെയ്സ്ബുക്കിന്റെ വരുമാനം ഉയർന്നു. 11.38 ആണ് പ്രതീക്ഷിച്ചതെങ്കിലും കിട്ടിയത് 11.57 ഡോളറാണ്.