
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.50 ശതമാനമായി നിലനിര്‍ത്താന്‍ സാധ്യതയെന്ന് ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോര്‍ട്ട്. 2026 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 8.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇത് വിപണിയുടെ പ്രതീക്ഷകളെ മറികടക്കുന്ന പ്രകടനമാണ്. നഗര ഉപഭോഗത്തിലെ പുരോഗതിയും ഗ്രാമീണ മേഖലയിലെ ശക്തമായ ഡിമാന്‍ഡും മൂലം ഈ മുന്നേറ്റം മൂന്നാം പാദത്തിലും തുടരാന്‍ സാധ്യതയുണ്ട്. സ്വകാര്യ നിക്ഷേപത്തിലും വീണ്ടെടുപ്പിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. വായ്പാ ഡിമാന്‍ഡ് വര്‍ധിച്ചത് ഇതിന് സഹായകമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ തുടര്‍ച്ചയായി ഉണ്ടായ ഇടിവ് കാരണം 2025 ഒക്ടോബറില്‍ ഉപഭോക്തൃ വില സൂചിക (സി.പി.ഐ.) പണപ്പെരുപ്പം 0.25 ശതമാനമെന്ന റെക്കോര്‍ഡ് താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. പണപ്പെരുപ്പം കുറഞ്ഞ് ആര്‍.ബി.ഐയുടെ പ്രവചനങ്ങളേക്കാള്‍ താഴെയാകാനും സാധ്യതയുണ്ട്. മികച്ച മഴ, മെച്ചപ്പെട്ട ഉത്പാദനം എന്നിവ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം കുറയുന്നതിന് അനുകൂലമായതായും റിപ്പോര്‍ട്ട് വിലയിരുത്തി.
പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ ഉണ്ടെങ്കിലും, വളര്‍ച്ച ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന യോഗത്തില്‍ ആര്‍.ബി.ഐ. ജാഗ്രത പാലിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ താരിഫ് സംബന്ധമായ വെല്ലുവിളികള്‍ തുടരുകയാണെങ്കില്‍, പിന്നീട് കൂടുതല്‍ സാമ്പത്തിക പിന്തുണയുടെ ആവശ്യകത ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ഒക്ടോബറിലെ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് 5.50 ശതമാനമായി നിലനിര്‍ത്തിയിരുന്നു. നാളെ മുതല്‍ മുതല്‍ അഞ്ചാം തീയതി വരെയാണ് അവലോകന യോഗം .. പുതിയ പലിശ നിരക്ക് ഡിസംബര്‍ 5-ന് രാവിലെ 10 മണിക്ക് ആര്‍.ബി.ഐ. ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിക്കും.